L-Erbgħa, 16 ta’ Mejju 2007

നെറ്റിനും ബോസിനും ഇടയില്‍..

`തിക്രമിച്ചുകടക്കുന്നവര്‍ പ്രോസിക്യൂട്ട്‌ ചെയ്യപ്പെടും' എന്നെഴുതിയ ബോര്‍ഡുവച്ച മതില്‍ക്കെട്ടിനുള്ളില്‍നിന്ന്‌ എടുത്തെറിയപ്പെട്ട്‌ പഴന്തുണിക്കെട്ടുപോലെ റോഡരികിലെ മെറ്റല്‍ക്കൂനയില്‍ ഒരു ക്രാഷ്‌ ലാന്‍ഡിംഗ്‌!! താടിയും മുടിയും നീട്ടി, അയഞ്ഞ ടീഷര്‍ട്ടും ജീന്‍സുമിട്ട്‌, പൊട്ടിയ സ്‌ട്രിംഗുള്ള ഗിറ്റാര്‍ ചുമലില്‍വച്ചു നടക്കുന്ന ആ പ്രശസ്‌ത കാര്‍ട്ടൂണ്‍ ക്യൂപിഡിന്റെ വീഴ്‌ചകണ്ട്‌ നമ്മളൊക്കെ ചിരിച്ചതാണ്‌. ഒരു രക്ഷയുമില്ല, കടക്കരുത്‌ എന്നു പറഞ്ഞിട്ടുള്ളിടത്ത്‌ നെഞ്ചുവിരിച്ച്‌ കയറിച്ചെന്നാല്‍ പറഞ്ഞയാളുടെ പ്രവൃത്തി ഇങ്ങനെ അതിരുകടന്നുകൊണ്ടേയിരിക്കും.

ബോസ്‌ നോപറയുമ്പോള്‍..

``ഇന്‍സ്റ്റന്റ്‌ മെസഞ്ചറുകള്‍ പോലെ ഇത്ര മോശപ്പെട്ട ടെക്‌നോളജി വികാസം ഞാന്‍ കണ്ടിട്ടില്ല. യാഹൂവും എംഎസ്‌എനും പോലെ മറ്റൊന്നും പ്രൊഡക്‌ടിവിറ്റി കുറയ്‌ക്കുന്നുമില്ല. ഞങ്ങള്‍ അവ ബ്ലോക്ക്‌ ചെയ്‌തു. ഉടനെ ഞങ്ങളുടെ ജോലിക്കാര്‍ ബ്രൗസര്‍ അധിഷ്‌ഠിത ചാറ്റിലേക്കു തിരിഞ്ഞു- ഇ-മെസഞ്ചര്‍ ഡോട്ട്‌ നെറ്റ്‌ പോലെ. ഞങ്ങള്‍ അതിനും തടയിട്ടു. ഇപ്പോള്‍ അവര്‍ ഐപി മെസഞ്ചര്‍ പോലുള്ള ലോക്കല്‍ ചാറ്റിംഗ്‌ നടത്തിക്കൊണ്ടിരിക്കുന്നു. അതും ഒരു കാര്യവുമില്ലാതെ തൊട്ടടുത്ത ക്യാബിനിലുള്ളയാളുമായി!. ഞാന്‍ ഇന്‍സ്റ്റന്റ്‌ മെസഞ്ചറുകളെ വെറുക്കുന്നു''- പ്രശസ്‌തമായൊരു ബിപിഒയുടെ സിഇഒ ടെക്‌നോ ലേഖകനായ റോബര്‍ട്ട്‌ സ്‌മിത്തിനോട്‌ പറഞ്ഞതാണിത്‌.

മിക്ക ബോസുമാരും ഇന്റര്‍നെറ്റിനെക്കൊണ്ട്‌ പൊറുതിമുട്ടിത്തുടങ്ങിയിരിക്കുന്നു. അലക്ഷ്യമായ ബ്രൗസിംഗ്‌, ഓര്‍ക്കുട്ട്‌ സ്‌ക്രാപ്പിംഗ്‌, ബ്ലോഗിംഗ്‌, യുട്യൂബ്‌ വീഡിയോ കാണല്‍, യാതൊരു കാര്യമില്ലാത്തതും യുക്തിയില്ലാത്തതുമായ ഇ-മെയിലുകള്‍ നോക്കല്‍, അവ മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യല്‍ എന്നിവതുടങ്ങി അഡല്‍റ്റ്‌ ഡേറ്റിംഗ്‌ സൈറ്റുകളില്‍ കയറി കുത്തിയിരിക്കല്‍വരെയുള്ള കാര്യങ്ങള്‍ തങ്ങളുടെ ജോലിക്കാരുടെ ശീലമായിരിക്കുന്നുവെന്നാണ്‌ അവരുടെ പ്രധാന പരാതി.
മറ്റൊരു കമ്പനിയിലെ സിസ്റ്റംസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പറയുന്നതുകൂടി കേള്‍ക്കാം: ``ഓര്‍ക്കുട്ടും ബ്ലോഗിംഗുമാണ്‌ ഏറ്റവും ശല്യം. ഞങ്ങള്‍ അവ ബ്ലോക്ക്‌ ചെയ്‌തതോടെ പബ്ലിക്‌ പ്രോക്‌സി സെര്‍വറുകള്‍വഴി ജീവനക്കാര്‍ വീണ്ടും അവിടെ കയറിപ്പറ്റി. പേഴ്‌സണല്‍ ബ്ലോഗുകള്‍ ഉള്ളവര്‍ക്കൊക്കെ ഞങ്ങള്‍ മുന്നറിയിപ്പുകൊടുക്കുന്നുണ്ട്‌. അവയെല്ലാം നിരീക്ഷിച്ചുവരികയുമാണ്‌. എന്തൊക്കെയായിട്ടും ചിലര്‍ ഓര്‍ക്കുട്ടിലും യാഹൂ!360ലും ബ്ലോഗിംഗിലും അഡല്‍റ്റ്‌ ഫ്രന്റ്‌ ഫൈന്‍ഡറിലുമൊക്കെ കുടുങ്ങിക്കിടക്കുന്നുണ്ട്‌. അത്തരക്കാര്‍ സ്വന്തം ജോലിവച്ചാണ്‌ കളിക്കുന്നതെന്ന്‌ ഓര്‍ത്താല്‍നന്ന്‌''.സംഗതി ഗൗരവമുള്ളതാണ്‌. ഓഫീസിലെ പണിക്കിടെ ബോസ്‌ നിര്‍വചിച്ചിട്ടുള്ള `പ്രവേശനമില്ലാത്ത' ഇടങ്ങളിലേക്കുപോയാല്‍ ചിലപ്പോള്‍ കനത്ത പണിയാവുമെന്ന്‌ ചുരുക്കം.

എങ്ങനെ
പറയാതിരിക്കും?

ബാന്‍ഡ്‌വിഡ്‌ത്‌ ദുരുപയോഗം ചെയ്യല്‍ (എന്നുവച്ചാല്‍ ഇന്റര്‍നെറ്റ്‌ ബില്ലുകൂട്ടല്‍), ജോലിയിലെ കാര്യക്ഷമതയും താത്‌പര്യവും കുറയല്‍, രഹസ്യസ്വഭാവമുള്ള ഡാറ്റകള്‍ പുറത്തുപോകുമോ എന്ന ആശങ്ക, വൈറസ്‌ ആക്രമണഭീതി- ഇവയൊക്കെത്തന്നെയാണ്‌ ബോസുമാരെക്കൊണ്ട്‌ നോ എന്നു പറയിപ്പിക്കുന്നത്‌. മിക്കവാറും സോഫ്‌റ്റ്‌വെയര്‍ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക്‌ ഇഷ്‌ടംപോലെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം എന്ന അവസ്ഥ ഇല്ലാതാക്കിക്കഴിഞ്ഞു.

മിക്കവരും ഡാറ്റകളുടെ സുരക്ഷയ്‌ക്കുതന്നെയാണ്‌ പ്രാമുഖ്യം നല്‍കുന്നത്‌. ഇന്‍ഷ്വറന്‍സ്‌, ബാങ്കിംഗ്‌ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോട്‌ ക്ലയന്റുകള്‍തന്നെ ഏറ്റവും സുരക്ഷിതമായ വര്‍ക്കിംഗ്‌ എന്‍വയോണ്‍മെന്റ്‌ ആവശ്യപ്പെടുന്നുണ്ട്‌. ഈ കമ്പനികള്‍ ജീവനക്കാര്‍ക്ക്‌ ഇ-മെയില്‍ ഉപയോഗംപോലും അനുവദിക്കുന്നില്ല. മറ്റുകമ്പനികളില്‍ ചിലത്‌ ഇടവേളകളില്‍മാത്രം ഇന്റര്‍നെറ്റ്‌ ആക്‌സസ്‌ അനുവദിക്കുന്നു. തങ്ങള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ഒന്നുമുതല്‍ രണ്ടുവരെയും വൈകീട്ട്‌ ആറരയ്‌ക്കുശേഷവും മാത്രമേ ഓഫീസില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനാവൂ എന്ന്‌ ചെന്നൈയിലെ പ്രശസ്‌തമായ ഒരു ഐ.ടി സ്ഥാപനത്തിലെ എന്‍ജിനീയര്‍ പറഞ്ഞു. അല്ലാത്തപ്പോഴെല്ലാം അവര്‍ ശക്തമായ ഫയര്‍വാളിനു പുറത്താണ്‌. മിക്കവരുടെയും ഓര്‍ക്കുട്ട്‌ പേരുകള്‍ക്കൊപ്പം ബ്ലോക്ക്‌ഡ്‌@ഓഫീസ്‌ എന്ന വാല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. (പബ്ലിക്‌ റിലേഷന്‍സ്‌ ആവശ്യമായവര്‍ക്ക്‌ ഓര്‍ക്കുട്ട്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ചെയ്യുന്ന പ്രയോജനം പ്രത്യേകം ഓര്‍ത്തുകൊണ്ട്‌..).

പടിയടയ്‌ക്കാന്‍
‍പ്രോക്‌സി

ബാന്‍ഡ്‌വിഡ്‌ത്‌ ദുരുപയോഗം കുറയ്‌ക്കാന്‍ പ്രോക്‌സി സെര്‍വര്‍ സംവിധാനം ഏറെ സഹായിക്കുന്നുണ്ട്‌. അതുവഴി ആരൊക്കെ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, എത്രനേരം ഇന്റര്‍നെറ്റില്‍ പരതുന്നു എന്നെല്ലാം കൃത്യമായറിയാം. ചില സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാനോ, ചിലതിലേക്കുമാത്രം പ്രവേശനം നല്‍കാനോ പ്രോക്‌സി സെര്‍വറുകള്‍ക്കു കഴിയും. പ്രത്യേക ഫയല്‍ എക്‌സ്റ്റന്‍ഷനുകള്‍ തടയുന്നതോടെ അനാവശ്യ ഡൗണ്‍ലോഡുകളും ഒഴിവാക്കാം. ഇന്‍സ്റ്റന്റ്‌ മെസഞ്ചര്‍ പ്രോട്ടോകോളുകളെ പടിക്കുപുറത്താക്കുകയുമാവാം. സ്‌ക്വിഡ്‌, ഫ്രീപ്രോക്‌സി, വിന്‍ഗേറ്റ്‌ തുടങ്ങിയ സോഫ്‌റ്റ്‌വെയറുകള്‍ ഇതിനു സഹായിക്കുന്നവയാണ്‌.

ഗെയിമുകളുടെ പ്രാന്തുകയറിയവരെയും ഒഴിപ്പിക്കാന്‍ പണിയുണ്ട്‌. ഡൊമെയ്‌ന്‍ കണ്‍ട്രോള്‍ വഴി കളിയില്ലാതാക്കാം. സ്റ്റോപ്പ്‌ഗെയിം എന്ന സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഏതെങ്കിലും ജീവനക്കാരന്‍ ഗെയിം തുറന്നിട്ടുണ്ടോയെന്ന്‌ ബോസിനറിയാം (അതോടെ അവന്റെ കളിയും തീര്‍ക്കാം). ചെലവ്‌ ആയിരത്തില്‍താഴെ രൂപമാത്രം.
ചാറ്റിന്റെ കാര്യംപിന്നെ പറയണ്ട. മിക്കവാറും ഓഫീസുകളില്‍ ഇപ്പോള്‍ത്തന്നെ ചാറ്റ്‌ ബ്ലോക്ക്‌ ചെയ്‌തിട്ടുണ്ട്‌. സിമാന്‍ടെക്ക്‌ ഐഎം മാനേജര്‍വഴി ജീവനക്കാര്‍ ആരെങ്കിലും ചാറ്റ്‌ ചെയ്യുന്നുണ്ടോ എന്നറിയാനും സംഭാഷണം ഒന്നൊഴിയാതെ രേഖപ്പെടുത്തിവയ്‌ക്കാനും സാധിക്കും. ചാറ്റിന്റെ ചുറ്റിക്കളികളില്‍ പെടുന്ന ജീവനക്കാരെ അടിക്കാന്‍ ബോസിന്‌ നല്ലൊരു വടിയാണിതും.

ഇന്റര്‍നെറ്റ്‌ ബ്ലോക്ക്‌ ചെയ്‌ത ദ്വേഷ്യത്തിന്‌ ജോലിയൊന്നും ചെയ്യാതെ ഐഡില്‍ ആയി ഇരിക്കുന്നവരെ കുടുക്കാനും സോഫ്‌റ്റ്‌വെയറുണ്ട്‌. നെറ്റ്‌വൈസര്‍ എന്ന ഇനം ജീവനക്കാര്‍ എങ്ങനെ ജോലിയെടുക്കുന്നു എന്ന കൃത്യമായ റിപ്പോര്‍ട്ട്‌ ബോസിനുനല്‍കും- ടൈപ്പ്‌ ചെയ്‌ത കീകള്‍, തുറന്ന ഫയലുകള്‍ എന്നിവ വരെ!

വടിയൊടിക്കാനും
വഴി!!

അന്വേഷണത്തിനിടയില്‍ ബ്ലോക്കിംഗ്‌ വേല ഹാര്‍ഡ്‌ ഡിസ്‌കില്‍ ഇരിക്കട്ടെ ബോസേ എന്നു പറയാതെ ചിരിക്കുന്ന വിരുതന്മാരെയും കണ്ടുമുട്ടി. ഏതു തീച്ചുമരിനുള്ളിലായാലും മെയിലും ചാറ്റും ഓര്‍ക്കുട്ടുമൊക്കെ തുറക്കുന്ന ഭയങ്കരന്മാര്‍ മിക്ക കമ്പനികളിലുമുണ്ട്‌. (ബ്ലോക്ക്‌ ചെയ്യാനുള്ള സോഫ്‌റ്റ്‌വെയറുകള്‍ ഉണ്ടാക്കുന്നതും ഇവരല്ലേ!). ചാറ്റ്‌ ബ്ലോക്ക്‌ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: www.meebo.com-ല്‍ കയറുക. അവിടെനിന്ന്‌ ഒന്നല്ല, നാലുചാറ്റ്‌ ഒരുമിച്ചു നടത്താം. പരീക്ഷിച്ചുനോക്കിയപ്പോള്‍ ശരിയാണ; യാഹൂ, എംഎസ്‌എന്‍, ഗൂഗിള്‍ടാക്ക്‌ എന്നിവയിലേക്കെല്ലാം ഇതുവഴി സുഖമായി കയറാം.

ഓഫ്‌ലൈന്‍

‍ഓഫീസില്‍ കുറുക്കുവഴിയിലൂടെ കയറിപ്പറ്റിയ ചാറ്റ്‌ റൂമില്‍ രസംപിടിച്ച്‌ പറ്റായിപ്പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്‌: അങ്ങേത്തലയ്‌ക്കല്‍ ബോസല്ലെന്ന്‌ ഉറപ്പാക്കിയ ശേഷം ചാറ്റുക; അല്ലെങ്കില്‍ സ്വന്തം കഞ്ഞിയുടെ ഇന്‍ബോക്‌സിലേക്ക്‌ സ്‌പാമായി പറക്കുന്ന പാറ്റകളെ ബ്ലോക്കുചെയ്യാന്‍ ആരും കാണില്ല.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP