Il-Ġimgħa, 18 ta’ Mejju 2007

ഫോട്ടോവൂഷ്‌ അഥവാ ഫോട്ടോയില്‍ കയറിനടക്കല്‍


പഴയ കോളജും അവിടേക്കുള്ള വഴികളും ഓര്‍മയില്‍ എന്നും ഓണ്‍ലൈന്‍.ബസിറങ്ങുന്ന സ്ഥലം, ഹോസ്റ്റല്‍ കെട്ടിടം, വലിയ ആ ആല്‍മരം, പിരിയന്‍ ഗോവണി, ചര്‍ച്ചകള്‍ ചൂടുപിടിക്കാറുള്ള ചവിട്ടുപടികള്‍, നീളന്‍ വരാന്തകള്‍, ക്ലാസ്‌മുറി, ജനലിലൂടെ നോക്കിയാല്‍ കാണുന്ന നീലാകാശം... അങ്ങനെയങ്ങനെ. വഴിയിലേക്കിറങ്ങിയാലോ- യുവകവി കുഴൂര്‍ വിത്സന്റെ ഭാഷയില്‍ പറഞ്ഞാല്‍ വര്‍ക്കിച്ചേട്ടന്റെ ചായക്കട, ഇറച്ചിവെട്ടുകട, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുണ്ടൂര്‍ക്കടവ്‌, കൂട്ടുകാര്‍ കാത്തുനില്‍ക്കുന്ന സ്ഥലം, പ്രീതി തിരിഞ്ഞുപോകുന്ന ഇടവഴി (പ്രീതീ.., നീ കൂട്ടുകാരിയോ നീലയും മഞ്ഞയുമടിച്ച ബസോ?), തോട്‌, ചിറ, പാടം...

ഗൂഗിള്‍ എര്‍ത്തിലോ വിക്കിമാപ്പിയയിലോ കയറിയാല്‍ ഇതിന്റെയൊക്കെ ആകാശക്കാഴ്‌ച കാണാം. പക്ഷേ, ഒന്നും ഇപ്പോള്‍ പഴയരൂപത്തില്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ മിക്കവയും ഫോട്ടോകളിലെ മങ്ങിയനിറത്തിലുണ്ട്‌.
വരൂ..,
ഫോട്ടോയില്‍കയറാം..

കോളജിന്റെ ചവിട്ടുപടികളും ഇടനാഴിയുമൊക്കെ ചിത്രത്തില്‍ കാണുമ്പോള്‍ അതുവഴിയൊന്നു നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നു തോന്നാറുണ്ടോ? ഇല്ലെങ്കില്‍ ഇനി പറയുന്നത്‌ നിങ്ങള്‍ക്കുവേണ്ടിയല്ല. നൊസ്റ്റാള്‍ജിയയുള്ളവര്‍ക്ക്‌ ഇനി ഫോട്ടോയിലെ ചവിട്ടുപടികള്‍ കയറാം..., വരാന്തയുടെ അരമതിലില്‍ ചാരിനിന്ന്‌ ആകാശംകാണാം..., രണ്ടാംവര്‍ഷ ബി.എ ക്ലാസിന്റെ ജനല്‍പ്പാളി തുറന്നിട്ടുണ്ടോ എന്നുനോക്കാം...

ഫോട്ടോകള്‍ക്ക്‌ 3ഡി (ത്രിമാന) രൂപം നല്‍കി നിങ്ങളെ ഇത്തരം അനുഭവങ്ങളിലേക്ക്‌ കൊണ്ടുപോകാമെന്ന്‌ വാക്കുപറയുന്നത്‌ പുതിയ വെബ്‌ സര്‍വീസ്‌ ആയ ഫോട്ടോവൂഷ്‌ ആണ്‌. പിറ്റ്‌സ്‌ബര്‍ഗിലെ കാര്‍ണീ മെലന്‍ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകരാണ്‌ പുതിയ സംവിധാനത്തിനുപിന്നില്‍.അവിടത്തെ റോബോട്ടിക്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകനായ ഡെറിക്‌ ഹോയെം കഴിഞ്ഞ ഒന്നരവര്‍ഷമായി ഫ്‌ളാറ്റ്‌ ഇമേജുകളെ 3ഡി വിര്‍ച്വല്‍ റിയാലിറ്റി മോഡലുകളാക്കാനുള്ള സോഫ്‌റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്‌. ഫാക്കല്‍റ്റി അംഗങ്ങളായ അലക്‌സി എഫ്രോഡ്‌, മാര്‍ഷ്യല്‍ ഹെബര്‍ട്ട്‌ എന്നിവരുടെ സഹകരണത്തോടെ അദ്ദേഹം ഫോട്ടോയിലെ വ്യത്യസ്‌ത പ്രതലങ്ങള്‍ തിരിച്ചറിയുന്ന കംപ്യൂട്ടര്‍ സംവിധാനം ഉണ്ടാക്കി. സമാനമായ ഫോട്ടോകള്‍ നേരത്തേ പരിശോധിച്ചിട്ടുള്ള പരിചയത്തില്‍നിന്നാണ്‌ കംപ്യൂട്ടര്‍ ഈ തിരിച്ചറിവ്‌ നടത്തുന്നത്‌. ഫോട്ടോവൂഷിന്റെ അടിസ്ഥാനവും അതുതന്നെ.ഫോട്ടോ കാണുന്നയാളെ ഫോട്ടോഗ്രാഫറുടെ വീക്ഷണകോണില്‍നിന്ന്‌ സ്വതന്ത്രമാക്കുകയാണ്‌ ഫോട്ടോവൂഷ്‌ ചെയ്യുന്നത്‌. കാമറ കണ്ടതില്‍നിന്ന്‌ വ്യത്യസ്‌തമായ വിവിധ ആംഗിളുകളിലൂടെ അടുത്തും അകന്നുമൊക്കെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഫോട്ടോ കാണാന്‍ അത്‌ സഹായിക്കുന്നു. ഒരുവേള അതിലൂടെ നടന്നുപോകുന്ന അനുഭൂതി സൃഷ്‌ടിക്കാനും.

ഫോട്ടോവൂഷ്‌ നെറ്റിലേക്ക്‌

ദശലക്ഷക്കണക്കിന്‌ പേഴ്‌സണല്‍ വെബ്‌സൈറ്റുകള്‍ ഹോസ്റ്റ്‌ ചെയ്യുന്ന ഫ്രീവെബ്‌ എന്ന കമ്പനി ഹോയെമിന്റെ സോഫ്‌റ്റ്‌വെയറിന്‌ ജനകീയമുഖം നല്‍കി ഇന്റര്‍നെറ്റിലേക്ക്‌ കൊണ്ടുവരികയാണ്‌. ഇതിന്റെ ടെസ്റ്റ്‌ വേര്‍ഷന്‍ അടുത്തമാസം ലഭ്യമാകും. ഈ സൈറ്റില്‍ അംഗങ്ങളാവുന്നവര്‍ക്ക്‌ സ്വന്തം ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യുകയും അവയുടെ ത്രിമാനരൂപം കാണുകയും ചെയ്യാം. ഫ്‌ളിക്കര്‍ പോലുള്ള ഫോട്ടോ ഷെയറിംഗ്‌/ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ എന്നപോലെ ഈ ഫോട്ടോകള്‍ മറ്റുള്ളവരെ കാണിക്കാനുമാവും. പുതിയ സൈറ്റ്‌ ഒരു `3ഡി ഫ്‌ളിക്കര്‍' ആവുമെന്നാണ്‌ ഫ്രീവെബ്‌സ്‌ പ്രസിഡന്റ്‌ ഷെര്‍വിന്‍ പിഷവറിന്റെ പ്രതീക്ഷ. ബീറ്റാ വേര്‍ഷനുള്ള വെയ്‌റ്റിംഗ്‌ ലിസ്റ്റില്‍ ഇതിനകംതന്നെ 17,000-ത്തിലേറെ പേര്‍ ഉള്ളതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഫോട്ടോവൂഷ്‌ എങ്ങനെ.., എന്തിന്‌?..

ഔട്ട്‌ഡോര്‍ ഫോട്ടോകളിലാണ്‌ ഫോട്ടോവൂഷ്‌ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്‌. നമ്മുടെ തലച്ചോറും കണ്ണുകളും ചേര്‍ന്നുചെയ്യുന്ന അസല്‍ കണ്‍കെട്ടുതന്നെയാണ്‌ തന്റെ സോഫ്‌റ്റ്‌വെയറും ചെയ്യുന്നതെന്ന്‌ ഹോയെം പറയുന്നു. കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണ കാമറയ്‌ക്ക്‌ ഒറ്റ കണ്ണേയുള്ളൂ. അടുത്തും അകലെയുമുള്ള വസ്‌തുക്കളെ രണ്ടുകണ്ണുകള്‍ വ്യത്യസ്‌തമായി കണ്ടെടുക്കുന്ന പാരലാക്‌സ്‌ എന്ന സംവിധാനം കാമറയില്‍ സാധ്യമല്ല എന്നര്‍ഥം. എന്നാല്‍ ഒരുകണ്ണ്‌ അടച്ചുപിടിച്ചാലും നമുക്ക്‌ ത്രിമാന രൂപങ്ങള്‍ കാണാനാവുന്നുണ്ട്‌. നിറങ്ങള്‍, നിഴലുകള്‍, ചലനം, മുമ്പുകണ്ട പരിചയം എന്നിവ വച്ച്‌ അങ്ങനെ കാണാന്‍ തലച്ചോറ്‌ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ തത്വം അനുസരിച്ചാണ്‌ ഫോട്ടോവൂഷിന്റെ പ്രവര്‍ത്തനം.

ഫോട്ടോയിലെ ഓരോ പിക്‌സലുകളെയും ഗ്രൗണ്ട്‌, വെര്‍ട്ടിക്കല്‍, സ്‌കൈ എന്നീ ഏതെങ്കിലും ഗ്രൂപ്പിലേക്ക്‌ തരംതിരിക്കുകയാണ്‌ സോഫ്‌റ്റ്‌വെയര്‍ ആദ്യം ചെയ്യുന്നത്‌. ഇങ്ങനെ മുഖ്യപ്രതലങ്ങള്‍ വേര്‍തിരിച്ചുകഴിഞ്ഞാല്‍ അവയെ വിര്‍ച്വല്‍ റിയാലിറ്റി മാര്‍ക്ക്‌അപ്‌ ലാംഗ്വേജ്‌ (വിആര്‍എംഎല്‍) എന്ന ഫയല്‍ ഫോര്‍മാറ്റിലേക്ക്‌ ഇണക്കിച്ചേര്‍ക്കും. പിന്നീട്‌ ടെക്‌സ്‌ചര്‍ മാപ്പിംഗ്‌ എന്ന പ്രക്രിയയിലൂടെ 3ഡി മോഡല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിലൂടെ സൂം, പാന്‍, റൊട്ടേറ്റ്‌ തുടങ്ങിയ ഇഫക്‌ടുകളും ലഭ്യമാവും. ഫോട്ടോവൂഷിന്റെ ഹോംപേജില്‍ (http://www.fotowoosh.com/) ഇതിന്റെ വീഡിയോ ഡെമോണ്‍സ്‌ട്രേഷന്‍ കാണാം.

ഒരുവര്‍ഷത്തിനകം ഇതിന്റെ കൂടുതല്‍ കാര്യക്ഷമമായ വേര്‍ഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഹോയെം. അപ്പോള്‍ ഒരു പട്ടണത്തിലെ തിരക്കുള്ള റോഡിന്റെപോലും ചിത്രമെടുത്ത്‌ 3ഡി മോഡലില്‍ ആക്കാം. അതിലെ ഓരോ വാഹനങ്ങളുടെയും മനുഷ്യരുടെയുമൊക്കെ ത്രിമാന രൂപങ്ങള്‍ കാണാം- അദ്ദേഹം പറയുന്നു.റോബോട്ട്‌ സാങ്കേതികവിദ്യയ്‌ക്ക്‌ പുതിയ സംവിധാനം ഏറെ ഗുണംചെയ്യും. യന്ത്രമനുഷ്യര്‍ വഴിയിലെ തടസങ്ങളും മറ്റും തിരിച്ചറിയുന്ന കംപ്യൂട്ടര്‍ വിഷന്റെ ഘടന അടിമുടി മാറ്റാന്‍ ഇത്‌ സഹായിക്കും. ഒരേ സ്ഥലത്തിന്റെ വ്യത്യസ്‌ത ഫോട്ടോകള്‍ ചേര്‍ത്ത്‌ കൂടുതല്‍ സങ്കീര്‍ണമായ 3ഡി മോഡലുകള്‍ ഉണ്ടാക്കാനുള്ള ശ്രമവും ഹോയെം നടത്തുന്നുണ്ട്‌. വന്‍ നഗരങ്ങളിലെ ഗതാഗതത്തെ സഹായിക്കാന്‍ ഉതകുന്ന 3ഡി അനിമേഷനും ഇതിന്റെ മറ്റൊരു സാധ്യതയാണ്‌.

വിര്‍ച്വല്‍ ഗ്ലോബ്‌ സംവിധാനങ്ങളായ ഗൂഗിള്‍ എര്‍ത്ത്‌, മൈക്രോസോഫ്‌റ്റ്‌ വിര്‍ച്വല്‍ എര്‍ത്ത്‌ തുടങ്ങിയവയ്‌ക്കൊക്കെ പുതിയ സോഫ്‌റ്റ്‌വെയര്‍ പ്രയോജനപ്പെടുത്താം. ഫോട്ടോകള്‍ ഉപയോഗിച്ച്‌ കൂടുതല്‍ പേഴ്‌സണലൈസ്‌ഡ്‌ ദൃശ്യങ്ങള്‍ നല്‍കാനും കഴിയും.ഇതൊന്നുമില്ലെങ്കിലും വെറുതെ ഫോട്ടോകളില്‍ കയറി ഓര്‍മകളില്‍ മേഞ്ഞുനടക്കാമല്ലോ; ജീവിതം ഓര്‍മകൂടിയല്ലേ...

ഫോട്ടോ ഷെയറിംഗിലെ നെഗറ്റീവുകള്‍

ഒരു ഗോവന്‍ സുഹൃത്ത്‌ വിളിച്ചറിയിച്ചതനുസരിച്ച്‌ പ്രശസ്‌തമായ ഒരു ഇംഗ്ലീഷ്‌ ദിനപത്രം നോക്കിയ പ്രഫഷണല്‍ ഫോട്ടോഗ്രാഫറായ കെ.കെ. സീമ ഞെട്ടി. തിരുവനന്തപുരത്തെ സി.ഡി.എസില്‍നിന്ന്‌ താനെടുത്ത ഒരു ചിത്രം ലാറി ബേക്കറിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം പത്രത്തിന്റെ എഡിറ്റ്‌ പേജില്‍!!. അതും, ഒന്നറിയിക്കുകപോലും ചെയ്യാതെ. യാഹൂവിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിക്കര്‍ എന്ന ഫോട്ടോ ഷെയറിംഗ്‌ സൈറ്റില്‍ നേരത്തേ സീമ പോസ്റ്റ്‌ ചെയ്‌ത ചിത്രമായിരുന്നു അത്‌. (ഫോട്ടോ അച്ചടിച്ചുവന്നതിലുള്ള സന്തോഷവും അവര്‍ മറച്ചുവയ്‌ക്കുന്നില്ല).

ഡല്‍ഹിയിലെ അഭിഭാഷക സുഹൃത്തുവഴി ലേഖകനെ തേടിപ്പിടിച്ച്‌ സംസാരിച്ചപ്പോള്‍ അയാള്‍ക്കത്‌ വിക്കിപീഡിയയില്‍നിന്ന്‌ കിട്ടിയതാണെന്ന്‌ വെളിപ്പെട്ടു. വിക്കിപീഡിയ പക്ഷേ ചിത്രം സീമ പകര്‍ത്തിയതാണെന്നു രേഖപ്പെടുത്തുകയും ഒറിജിനല്‍ ചിത്രത്തിലേക്കുള്ള ലിങ്ക്‌ നല്‍കുകയും ചെയ്‌തിരുന്നു. പത്രമാകട്ടെ അവരുടെ സ്വന്തം ചിത്രമെന്ന മട്ടിലാണ്‌ പ്രസിദ്ധീകരിച്ചത്‌.ആശയവിനിമയങ്ങള്‍ക്കൊടുവില്‍ അതേ പേജില്‍ ചിത്രത്തെക്കുറിച്ച്‌ വിശദീകരണം നല്‍കാമെന്ന്‌ സമ്മതിച്ചിരിക്കുകയാണ്‌ ഉത്തരേന്ത്യന്‍ പത്രം ഇപ്പോള്‍. തിരുവനന്തപുരം സ്വദേശിയായ സീമ എടുത്ത ചിത്രങ്ങള്‍ കാണാന്‍ http://www.flickr.com/photos/kkseema എന്ന ലിങ്ക്‌ നോക്കുക.

അതേസമയം ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കാനും ഫോട്ടോ ബ്ലോഗുകള്‍ക്കുമെല്ലാം ഫോട്ടോ ഷെയറിംഗ്‌ സൈറ്റുകള്‍ ഏറെ പ്രയോജനംചെയ്യുന്നു. 90-കളുടെ മധ്യത്തോടെ തുടങ്ങിയ ഈ സര്‍വീസിന്‌ ഇപ്പോള്‍ ഒട്ടേറെ ഉപയോക്താക്കളുണ്ട്‌. ഫോട്ടോകള്‍ തംബ്‌നെയില്‍, സ്ലൈഡ്‌ ഷോ തുടങ്ങിയ രീതികളില്‍ കാണാനും ടാഗ്‌സ്‌ എന്ന അടിക്കുറിപ്പുകള്‍ നല്‍കാനുമൊക്കെ ഇത്തരം സൈറ്റുകളില്‍ സൗകര്യമുണ്ട്‌.

ചില സൈറ്റുകള്‍ ഡെസ്‌ക്‌ടോപ്പ്‌ ഫോട്ടോ മാനേജ്‌മെന്റ്‌ പ്രോഗ്രാമുകള്‍ക്ക്‌ തുല്യമായ ടൂളുകളും നല്‍കുന്നു. ബ്ലോഗര്‍മാര്‍ ഫോട്ടോകളുടെ കലവറയായും ഈ സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌.

ഓഫ്‌ലൈന്‍

‍കോപ്പിയടിക്കാരെക്കൊണ്ട്‌ തോറ്റുതൊപ്പിയിട്ട്‌ മൊബൈല്‍ ഫോണുകള്‍ക്കു പിന്നാലെ ഐപോഡുകളും നിരോധിക്കാന്‍ ഒരുങ്ങുകയാണ്‌ അമേരിക്കയിലെ സ്‌കൂളുകാര്‍. ഉത്തരങ്ങള്‍ ഐപോഡില്‍ റെക്കോഡുചെയ്‌ത്‌ പരീക്ഷയ്‌ക്ക്‌ കേട്ടെഴുതുന്നത്‌ അവിടെയിപ്പോള്‍ ദേശീയ ശീലമാണത്രേ.ഐപോഡുകൂടി നിരോധിച്ചാല്‍ തുണ്ടുകടലാസിന്റെയും റബര്‍ബാന്‍ഡിന്റെയും രൂപത്തില്‍ റിവേഴ്‌സ്‌ ടെക്‌നോളജി അമേരിക്കയില്‍ എത്തുമായിരിക്കും
ദീപിക- ഏപ്രില്‍ 30, 2007

2 comments:

നിറകണ്‍ചിരി.. 19 ta’ Mejju 2007 10:05  

fotowoosh.com

[ nardnahc hsemus ] 22 ta’ Mejju 2007 10:23  

google earth is already using it on the states of US... like boston texas etc...

flickr story is "interesting"... but i think, this may happen often in the coming years... but we dont expect this from reputed newspapers like TOI... i think, this might have a mistake made by the author of the article... at least they should give a byline...

i wish u all the best for such a good news providing blog....

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP