It-Tnejn, 3 ta’ Diċembru 2007

കാര്യസ്ഥന്‍, കഠോരബുദ്ധി


മുട്ടിന്‌ അല്‌പംമാത്രം താഴെയെത്തുന്ന ഒറ്റമുണ്ടുടുത്ത്‌, ചുമലില്‍ തോര്‍ത്തിട്ട്‌ മുതലാളി. തേച്ചുമിനുക്കിയ പാന്റും ഷര്‍ട്ടും ടൈയും ഷൂവുമൊക്കെയായി കാര്യസ്ഥന്‍.

മുതലാളി അയാളെ ' സാറേ' എന്നു വിളിക്കും. വിളി കേട്ടുകൊള്ളണം. പലപ്പോഴും ആജ്ഞകള്‍ നോട്ടങ്ങളും മൂളലുകളും മാത്രമാവും. അന്നാന്നത്തെ കാര്യങ്ങള്‍ കൃത്യമായി ചെയ്‌തുകൊള്ളണം. ചെയ്യുന്നത്‌ ജന്മനാലുള്ള മണ്ടത്തരംമൂലം തെറ്റിയാല്‍ മുതലാളിയുടെ വായ്‌ക്കുനേരെ ചെവി തുറന്നുവച്ച്‌ നിന്നുകൊള്ളണം. ഇല്ലെങ്കില്‍ അദ്ദേഹം പറയുന്ന കണ്ണടപ്പന്‍ തെറികള്‍ നാട്ടുകാര്‍ കേട്ടു പഠിക്കും. (ആശയം കാട്ടുകുതിര എന്ന സിനിമയില്‍നിന്ന്‌. മുതലാളിയായി തിലകനെയും കാര്യസ്ഥനായി ഇന്നസെന്റിനെയും ഓര്‍മ്മിക്കുക).

കംപ്യൂട്ടര്‍? സ്റ്റുപ്പിഡ്‌!

ലോകത്തെ സകലമാന കംപ്യൂട്ടറുകളും സ്റ്റുപ്പിഡ്‌ ആണെന്ന്‌ പെദ്രോ ഡോമിങോസ്‌ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണിലെ കംപ്യൂട്ടര്‍ സയന്‍സ്‌ വിഭാഗം അസോഷ്യേറ്റ്‌ പ്രഫസറായ അദ്ദേഹം അല്‌പം തമാശ കലര്‍ത്തി ഇങ്ങനെ പറയുന്നത്‌ വേറൊന്നുംകൊണ്ടല്ല. ചെയ്യേണ്ട കാര്യങ്ങള്‍ അ മുതല്‍ അഃ വരെ ഒന്നൊന്നായി കംപ്യൂട്ടറിനു വിശദീകരിച്ചുകൊടുക്കണം. പെദ്രോയുടെ അഭിപ്രായത്തില്‍ ഇതിനേക്കാള്‍ വലിയ തലവേദനയില്ല.

അമേരിക്കയിലെ ഇരുപത്തഞ്ച്‌ സ്ഥാപനങ്ങളിലെ ഗവേഷക സംഘം വര്‍ഷങ്ങളായി ബൃഹത്തായ ഒരു പ്രോജക്ടിനുവേണ്ടി ജോലിചെയ്യുകയാണ്‌. കോഗ്നിറ്റിവ്‌ അസിസ്‌റ്റന്റ്‌ ദാറ്റ്‌ ലേണ്‍സ്‌ ആന്റ്‌ ഓര്‍ഗനൈസസ്‌- കാലോ (http://caloproject.sri.com/) എന്ന പേരിലുള്ള പ്രോജക്ട്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ളതാണ്‌. ഉപയോഗിക്കുന്ന മനുഷ്യരുടെ ചിന്തകളും ആശയങ്ങളും മനസ്സിലാക്കാന്‍ കംപ്യൂട്ടറുകളെ എങ്ങനെ സഹായിക്കാം എന്നാണ്‌ അവര്‍ പഠിച്ചും പരീക്ഷിച്ചുമിരിക്കുന്നത്‌. ഡിഫന്‍സ്‌ അഡ്വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ പ്രോജക്ട്‌സ്‌ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയുള്ള പ്രോജക്ട്‌ ഏകോപിപ്പിക്കുന്നത്‌ എസ്‌ആര്‍ഐ ഇന്റര്‍നാഷണല്‍ ആണ്‌.

മെഷീന്‍ ലേണിംഗ്‌, നാച്വറല്‍- ലാംഗ്വേജ്‌ പ്രോസസിംഗ്‌, സിമാന്റിക്‌ വെബ്‌ ടെക്‌നോളജി എന്നിങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ തലങ്ങളില്‍ പഠനം പുരോഗമിക്കുകയാണിപ്പോള്‍. കാലോയെ കഷണങ്ങളായി തിരിച്ചാണ്‌ ഓരോ ഗ്രൂപ്പിന്റെയും ജോലി.

എങ്ങനെ വരും കൃത്രിമ ബുദ്ധി?

ബുദ്ധിയുള്ള ഏജന്റ്‌സിനെക്കുറിച്ചുള്ള പഠനവും അവയുടെ രൂപകല്‌പനയുമാണ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഏജന്റ്‌ എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌ ഒരു സിസ്റ്റത്തെത്തന്നെ. 1956 മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എന്ന പദപ്രയോഗം നിലവിലുണ്ട്‌. ജോണ്‍ മാക്‌ കാത്തിയാണ്‌ ഇത്‌ ആദ്യമായി ഉപയോഗിച്ചത്‌. അദ്ദേഹത്തിന്റെ സമവാക്യപ്രകാരം ബുദ്ധിയുള്ള യന്ത്രങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ശാസ്‌ത്രവും എന്‍ജിനീയറിംഗുമാണ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌.

ഉപയോക്താക്കളെ മൂന്നു വിധത്തില്‍ സഹായിക്കാനാണ്‌ കാലോ ഉദ്ദേശിക്കുന്നത്‌. വ്യക്തികളെയും പ്രോജക്ടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ മാനേജ്‌ ചെയ്യല്‍, മീറ്റിംഗുകളില്‍നിന്നുള്ള വിവരങ്ങള്‍ മനസ്സിലാക്കുകയും അത്‌ വേണ്ടവിധം നല്‍കുകയും ചെയ്യല്‍, ദിവസേനയുള്ള മറ്റു ജോലികള്‍ പഠിച്ച്‌ നിര്‍വഹിക്കല്‍ എന്നിവയാണത്‌. ഇതെങ്ങനെ സാധ്യമാവും എന്നു നോക്കാം. ഉപയോക്താവിന്‌ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്‌, അല്ലെങ്കില്‍ ചെയ്യേണ്ട ജോലി ഏതാണെന്ന്‌ അദ്ദേഹത്തിനുവന്ന ഇ-മെയിലുകളുടെ സ്വഭാവം നോക്കി കാലോ നിര്‍ണയിക്കും. സ്‌പീച്ച്‌ റെക്കഗ്നിഷന്‍ വിദ്യ ഉപയോഗിച്ച്‌ മീറ്റിംഗുകളില്‍ എന്തു നടന്നു എന്ന്‌ കാലോ മനസ്സിലാക്കും. അവിടെ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തി ഒരു ടു-ഡു ലിസ്റ്റ്‌ ഉപയോക്താവിന്‌ ഉണ്ടാക്കിക്കൊടുക്കാനും കാലോയ്‌ക്കു കഴിയും.

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പോലെ ദിവസേന ചെയ്യേണ്ട പ്രവൃത്തികള്‍ കാലോയ്‌ക്ക്‌ പറഞ്ഞുകൊടുക്കാനും കഴിയും. ഓരോന്നിനും നിയതമായ മാനദണ്ഡങ്ങളും വയ്‌ക്കാം. മീറ്റിംഗുകളുടെ സമയക്രമം നിശ്ചയിക്കാനും പ്രധാനവ്യക്തികള്‍ ആര്‍ക്കെങ്കിലും അസൗകര്യമുണ്ടെങ്കില്‍ സമയം മാറ്റാനുമെല്ലാം സോഫ്‌റ്റ്‌വെയറിനുകഴിയുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്‌ മഹത്തായ ഒന്നിന്റെ തുടക്കമാണെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിലയിരുത്തുന്നു. ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്‌ എന്നുപോലെ ഉപയോക്താവിനെ സഹായിക്കുന്ന വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ രൂപപ്പെടുത്തുകതന്നെയാണ്‌ ഇപ്പോഴത്തെ ലക്ഷ്യം. മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഉത്‌പന്നങ്ങളില്‍ കാണുന്നപോലെ, അനിമേറ്റ്‌ ചെയ്‌ത പേപ്പര്‍-ക്ലിപ്പ്‌ അസിസ്‌റ്റന്റ്‌ പോലെ ഒന്നല്ല ഗവേഷകരുടെ ഭാവനയിലുള്ളത്‌. ഉപയോക്താവിന്റെ ചുറ്റുപാട്‌, അയാളുടെ ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റമാണ്‌ അവര്‍ മുന്നില്‍ക്കാണുന്നത്‌. ഓരോ ആവശ്യങ്ങള്‍ക്ക്‌ ഓരോ പ്രോഗ്രാമിംഗ്‌ എന്ന പണിതന്നെ അതോടെ ഇല്ലാതാവും.

യുക്തിയുംസംഭാവ്യതയും

ബഹുമുഖ സങ്കേതങ്ങളുടെ കൂട്ടായ്‌മയിലാണ്‌ ഈ പുതിയ സംരംഭത്തിന്റെ ഭാവി. അറിവുകള്‍ ശേഖരിക്കാന്‍ കാലോയ്‌ക്ക്‌ നിരവധി സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കേ, വിവരങ്ങള്‍ ഏകോപിപ്പിച്ച്‌ തീരുമാനം എങ്ങനെ എടുക്കും എന്നത്‌ ഒരു വെല്ലുവിളിയാണ്‌. സ്‌പീച്ച്‌ റെക്കഗ്നിഷനിലൂടെ ലഭിക്കുന്ന ഡാറ്റ ഒരുപക്ഷേ അവ്യക്തമോ ബഹളമയമോ ആവാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ്‌ ഇതു പറയുന്നത്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള രണ്ടു പാതകളായ ലോജിക്കും പ്രോബബിലിറ്റിയും ചേര്‍ത്ത്‌ ഒരു പ്രോബബിലിറ്റി കണ്‍സിസ്‌റ്റന്‍സി എന്‍ജിന്‍ ആണ്‌ ഈ പ്രശ്‌നത്തിനുള്ള പ്രതിവിധിയായി വിദഗ്‌ധര്‍ കാണുന്നത്‌.

പഠനങ്ങള്‍ എന്നുതീരും എന്നു പറയാറായില്ലെങ്കിലും എസ്‌ആര്‍ഐ കാലോയുടെ ഒരു വേര്‍ഷന്‍ തയാറാക്കിക്കഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌, മീറ്റിംഗ്‌ അസിസ്റ്റന്‍സ്‌, ടാസ്‌ക്‌ മാനേജ്‌മെന്റ്‌ എന്നീ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന കാലോ എക്‌സ്‌പ്രസ്‌ എന്ന വേര്‍ഷന്‍ ഔട്ട്‌ലുക്ക്‌, പവര്‍പോയിന്റ്‌ എന്നീ സോഫ്‌റ്റ്‌വെയറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും.

പരീക്ഷണഘട്ടത്തിലുള്ള ഇത്‌ വിപണിയില്‍ എത്തുമോയെന്നത്‌ ഉറപ്പുള്ള കാര്യമല്ല. പക്ഷേ, ഇതല്ലെങ്കില്‍ വേറൊരു രൂപത്തില്‍ കൃത്രിമ ബുദ്ധി സാധാരണ ഉപയോക്താക്കളിലേക്ക്‌ വൈകാതെ വരുമെന്നുറപ്പ്‌, കാര്യസ്ഥനും പേഴ്‌സണല്‍ സെക്രട്ടറിയുമൊക്കെയായി.

ഓഫ്‌ലൈന്

‍ഫേസ്‌ബുക്കിന്റെ മുഖച്ഛായയ്‌ക്ക്‌ ഒരു തിരിച്ചടി. ലോഗിന്‍ ചെയ്യുന്നവരുടെ സ്വഭാവങ്ങളും താത്‌പര്യങ്ങളും പരസ്യക്കാര്‍ക്ക്‌ ലഭ്യമാവുന്ന രീതിയിലുള്ള ഓപ്‌റ്റ്‌-ഔട്ട്‌ അഡ്വര്‍ട്ടൈസിംഗ്‌ സര്‍വീസ്‌ അവര്‍ പിന്‍വലിക്കുകയാണ്‌.

സ്വകാര്യതയിലുള്ള കടന്നുകയറ്റം എന്നാരോപിച്ച്‌ അമേരിക്കയിലെ 55,000 യൂസര്‍മാരാണ്‌ ഫേസ്‌ബുക്കിനെതിരേ ഓണ്‍ലൈന്‍ പരാതി നല്‍കിയിരുന്നത്‌.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP