It-Tnejn, 26 ta’ Novembru 2007

വേട്ടക്കാരുടെ സ്‌പേസ്‌, ഇരകളുടെയും


നീയൊരു മഹാ ചീത്തക്കുട്ടിയാണ്‌, തടിച്ചിക്കോതയാണ്‌... എളുപ്പം സങ്കടപ്പെടുമായിരുന്ന ഒരു പതിമൂന്നുകാരിയെ കൊല്ലാന്‍ ഈ രണ്ടു വാചകം ധാരാളമായിരുന്നു. കുറേ കരഞ്ഞ്‌, വീടിന്റെ മുകളിലെ നിലയിലേക്ക്‌ കയറിപ്പോയ അവള്‍ ഇരുപതു മിനിറ്റിനു ശേഷം കിടപ്പുമുറിയോടു ചേര്‍ന്ന ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ചു.

മെയ്‌ഗന്‍ മീയറെ കൊന്നതെങ്ങനെ?
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16-നാണ്‌ അമേരിക്കയില്‍ മെയ്‌ഗന്‍ മീയര്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്‌. ചെറിയതോതില്‍ ഡിപ്രഷന്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ അവളൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു. ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റില്‍ കണ്ടുമുട്ടിയ ജോഷ്‌ ഇവാന്‍സ്‌ എന്ന പതിനാറുകാരനുമായി സംസാരിച്ചു തുടങ്ങിയതോടെ മെയ്‌ഗന്‍ അല്‌പം സന്തോഷവതിയായി.

ഫ്‌ളോറിഡയില്‍ ജനിച്ചെന്ന്‌ സ്വയം പരിചയപ്പെടുത്തിയ ജോഷുമായുള്ള അവളുടെ സൗഹൃദത്തിന്‌ ഏതാണ്ട്‌ ഒരുമാസത്തെ പഴക്കമെത്തി. പെട്ടെന്നൊരു ദിവസം ജോഷ്‌ അവളോടു പറഞ്ഞു: 'നീ ഒരു ചീത്തക്കുട്ടിയാണ്‌. എല്ലാവരും നിന്നെ വെറുക്കുന്നു. എനിക്ക്‌ നിന്റെ കൂട്ടുവേണ്ട'. ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയിലെ വേറെ ചിലരും ഇത്‌ ഏറ്റുപിടിച്ചു.

മെയ്‌ഗന്‌ സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു അത്‌.
അച്ഛനോടൊപ്പം മീന്‍പിടിക്കാന്‍ പോകുന്നത്‌ ഇഷ്ടപ്പെട്ടിരുന്ന, അമ്മയെന്നാല്‍ ജീവനായിരുന്ന അവള്‍ മരിക്കാന്‍ തീരുമാനിച്ചു; അതുതന്നെ ചെയ്‌തു.
അതേ ചെന്നായ...,
പുതിയ ആട്ടിന്‍തോല്‍

ഏതാണ്ട്‌ ഒരു കൊല്ലം ഈ ദുരന്തത്തെക്കുറിച്ച്‌ കൂടുതലൊന്നും പുറത്തറിഞ്ഞില്ല. മെയ്‌ഗന്‍ വിടപറഞ്ഞ്‌ ആറാഴ്‌ചയായപ്പോഴേ അവളുടെ അച്ഛനമ്മമാര്‍ ഒരു ഞെട്ടിക്കുന്ന സത്യം അറിഞ്ഞിരുന്നു. ജോഷ്‌ ഒരു പതിനാറുകാരന്‍ പയ്യനല്ലായിരുന്നു. മെയ്‌ഗന്റെ ഒരു പഴയ കൂട്ടുകാരിയുടെ അമ്മയായ ലാറി ഡ്ര്യൂവാണ്‌ ജോഷ്‌ എന്ന മുഖംമൂടിയണിഞ്ഞ്‌ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്‌. സെന്റ്‌ ലൂയിസിനടുത്ത അവരുടെ അയല്‍ക്കാരി. മെയ്‌ഗന്‍ തന്റെ മകളെക്കുറിച്ച്‌ മോശമായി എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാനായിരുന്നു ലാറിയുടെ ഓണ്‍ലൈന്‍ മുഖംമൂടിക്കളി.
'അതാണ്‌ ഏറ്റവും വലിയ സങ്കടം. ഒരു മുതിര്‍ന്ന സ്‌ത്രീയാണ്‌ ഇതു ചെയ്‌തത്‌'- മെയ്‌ഗന്റെ പിതാവ്‌ റോണ്‍ മീയര്‍ പറയുന്നു. 'എന്റെ മകളുടെ അവസ്ഥയെക്കുറിച്ച്‌ അവര്‍ക്ക്‌ എല്ലാം അറിയാമായിരുന്നു. വര്‍ഷങ്ങളായി അവള്‍ മരുന്നു കഴിക്കുന്നതുപോലും'- അമ്മ ടിനയുടെ ദുഃഖം അണപൊട്ടുന്നതിങ്ങനെ.

ലാറിക്കെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചു. എല്ലാവരും അറിഞ്ഞ്‌ കുഴപ്പം വേണ്ട എന്നു കരുതി.
പക്ഷേ, ബ്ലോഗര്‍മാര്‍ സംഗതി വെറുതെ വിടാന്‍ തയാറല്ലായിരുന്നു. അവരിതിനെ ഒരു സൈബര്‍ റിവഞ്ചായി എടുത്തു. ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തുമ്പുപിടിച്ച്‌ അവര്‍ ലാറി ഡ്ര്യൂവിനെ കണ്ടെത്തി. അവരുടെ അഡ്രസും ഫോട്ടോയും ഭര്‍ത്താവിന്റെ ഫോട്ടോയുംവരെ ബ്ലോഗുകളില്‍ പോസ്‌റ്റ്‌ ചെയ്യപ്പെട്ടു.

'ഒരു പെണ്‍കുട്ടിയെ കൊലയ്‌ക്കുകൊടുത്ത മനോരോഗികള്‍' എന്നാണ്‌ ആ കുടുംബം ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്‌ പ്രവിശ്യാ അധികൃതര്‍. നാട്ടുകാരുടെ ആക്രമണം ഭയന്ന്‌ വീടിന്റെ മേല്‍ക്കൂരയില്‍ സുരക്ഷാ കാമറയൊക്കെ ഘടിപ്പിച്ച്‌ പുറത്തിറങ്ങാതെ കഴിയുകയാണ്‌ ആ കുടുംബം.

കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍
കൗമാരക്കാരില്‍ മൂന്നിലൊന്നു പേരെങ്കിലും സൈബര്‍ ബുള്ളിയിംഗിന്‌ (ഇന്റര്‍നെറ്റ്‌ വഴിയുള്ള പീഡനം) ഇരകളാവുന്നുണ്ടെന്നാണ്‌ കണക്ക്‌. ശാരീരിക പീഡനം അല്ലാത്തിടത്തോളം പലപ്പോഴും പ്രതികള്‍ നിയമത്തിനു മുന്നില്‍ എത്താറില്ല. പക്ഷേ, ഉപദ്രവം എപ്പോഴും ഉപദ്രവംതന്നെയാണല്ലോ, എന്തുതരം മെക്കാനിസവും ടൂളും ആയാലും. കുട്ടികളുടെ മനസിനെ അത്‌ ഏതുവിധം ബാധിക്കുന്നു എന്നതിന്‌ മെയ്‌ഗന്റെ ദുരന്തം മാത്രംമതിയാവും തെളിവ്‌.

ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സ്വത്ത്‌ അവിടത്തെ കുട്ടികളാണെന്നാണ്‌ പറയുക പതിവ്‌. അത്ര വിശാലമായ അര്‍ഥത്തില്‍ പോയില്ലെങ്കിലും അവര്‍ സ്വന്തം വീടുകള്‍ക്കെങ്കിലും ഏറ്റവും വലിയ സ്വത്തുതന്നെ. കുട്ടികളെ കുറ്റകൃത്യങ്ങളുടെ ഭയത്തില്‍നിന്നും, അവയ്‌ക്ക്‌ ഇരകളാവുന്നതില്‍നിന്നും സംരക്ഷിക്കേണ്ടത്‌ ഏറ്റവും പ്രധാനം.കുട്ടികള്‍ ഇന്ന്‌ നേരിടുന്ന ശക്തമായ ഭീഷണികളിലൊന്ന്‌ ഇന്റര്‍നെറ്റ്‌ വഴിയുള്ള കടന്നുകയറ്റംതന്നെയാണ്‌. ചാറ്റ്‌ എന്ന വെറും സംഭാഷണത്തിലൂടെ പോലും കുട്ടികള്‍ ഇരകളാക്കപ്പെട്ടുതുടങ്ങിയിട്ട്‌ കുറച്ചുകാലമായി. വേട്ടക്കാരുടെ വഴികള്‍ അവിടെത്തുടങ്ങുന്നു.
നിങ്ങളുടെ കുട്ടി ഓണ്‍ലൈനില്‍ എത്രമാത്രം അപകടകരമായ അവസ്ഥയിലാണ്‌ എന്നറിയേണ്ടത്‌ അത്യാവശ്യം. ശാസ്‌ത്രീയമായ ഗവേഷണങ്ങള്‍ക്കുശേഷം എഫ്‌ബിഐ ഇക്കാര്യത്തില്‍ കണ്ടെത്തിയ ചില വസ്‌തുതകള്‍ ശ്രദ്ധേയമാണ്‌.

നിങ്ങളുടെ കുട്ടി വളരെയേറെ സമയം, പ്രത്യേകിച്ച്‌ രാത്രി ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടോ? എപ്പോളെങ്കിലും അവന്റെ/ അവളുടെ കംപ്യൂട്ടറില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ? നിങ്ങള്‍ അറിയാത്ത ആരെങ്കിലുമായി കുട്ടി ഫോണില്‍ സംസാരിക്കാറുണ്ടോ? കുട്ടിക്ക്‌ അപരിചിതരില്‍നിന്ന്‌ മെയിലുകളോ സമ്മാനപ്പൊതികളോ ലഭിക്കാറുണ്ടോ? നിങ്ങള്‍ മുറിയിലേക്ക്‌ ചെല്ലുമ്പോള്‍ കുട്ടി പെട്ടെന്ന്‌ മോണിറ്റര്‍ ഓഫ്‌ ചെയ്യുകയോ സ്‌ക്രീന്‍ മാറ്റുകയോ ചെയ്യാറുണ്ടോ? കുടുംബവുമായി അകന്ന രീതിയില്‍ കുട്ടി പെരുമാറുന്നുണ്ടോ? സ്വന്തമല്ലാത്ത ഏതെങ്കിലും മെയില്‍/ ചാറ്റ്‌ ഐഡികള്‍ കുട്ടി ഉപയോഗിക്കുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക്‌ ഉണ്ട്‌ എന്നാണ്‌ ഉത്തരമെങ്കില്‍ നിങ്ങളുടെ കുട്ടി വേട്ടക്കാരുടെ വലയിലാണെന്ന്‌ ഉറപ്പിക്കാം. അങ്ങനെയെങ്കില്‍ കുട്ടിയെ സംരക്ഷിക്കാന്‍ ചെയ്യേണ്ടത്‌ ഇതൊക്കെയാണ്‌:
കുട്ടിയുമായി ആശയവിനിമയം നടത്തുക. ഓണ്‍ലൈന്‍ ഭീഷണികളെക്കുറിച്ച്‌ അവനെ ബോധവാനാക്കുക. ഓണ്‍ലൈന്‍ ആയിരിക്കുന്ന സമയത്ത്‌ അവനോടൊപ്പം ഉണ്ടാവുക. അവന്റെ ഇഷ്ടപ്പെട്ട സൈറ്റുകളെക്കുറിച്ചും ആക്ടിവിറ്റികളെക്കുറിച്ചും അറിയുക. കംപ്യൂട്ടര്‍ ഒരിക്കലും കുട്ടിയുടെ കിടപ്പുമുറിയില്‍ വയ്‌ക്കാതിരിക്കുക. സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ നല്‍കുന്ന സമാന്തര നിയന്ത്രണ ഉപാധികളും ബ്ലോക്കിംഗ്‌ സോഫ്‌റ്റ്‌വെയറുകളും ഉപയോഗിക്കുക. കുട്ടി പതിവായി കയറുന്ന ചാറ്റ്‌ റൂമുകള്‍ നിരീക്ഷിക്കുക. കുട്ടിയുടെ മെയില്‍ ബോക്‌സുകള്‍ പരിശോധിക്കുക. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന അറിവുകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുക. അപരിചതരുമായി നേരിട്ടു കാണാന്‍ സമ്മതിക്കാതിരിക്കുക. ഫോട്ടോകളോ തിരിച്ചറിയാവുന്ന മറ്റു രേഖകളോ ആര്‍ക്കും കൈമാറാന്‍ സമ്മതിക്കാതിരിക്കുക.

കുട്ടിക്കുനേരെ എന്തെങ്കിലും തരത്തിലുള്ള പീഡനശ്രമം നടന്നതായി അറിഞ്ഞാല്‍ കംപ്യൂട്ടറില്‍നിന്ന്‌ അതിന്റെ തെളിവുകള്‍ നഷ്ടമാകാതെ സൂക്ഷിക്കുകയും വേണം. തുടര്‍ന്നുള്ള നിയമ നടപടികള്‍ക്ക്‌ ഡിജിറ്റല്‍ തെളിവുകള്‍ സുപ്രധാനമാണ്‌.അപകടങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒളിഞ്ഞിരിപ്പുണ്ട്‌. വേട്ടക്കാരെ വലയില്‍ത്തന്നെ കുടുക്കാം. കുഞ്ഞുങ്ങള്‍ കളിച്ചും പഠിച്ചും വളരട്ടെ.

ഓഫ്‌ലൈന്

‍വെടിയേറ്റാലും തലവെട്ടിയാല്‍പ്പോലും വീഡിയോ ഗെയിമുകളിലെ കഥാപാത്രങ്ങളുടെ മുഖഭാവം മാറാറില്ല. എന്നാല്‍ അതിനി പഴയ കഥ. മാസ്‌ ഇഫക്ട്‌ എന്ന ഗെയിം വരുന്നു. മനുഷ്യസഹജമായ ഭാവങ്ങളാണ്‌ അതിലെ കഥാപാത്രങ്ങള്‍ക്ക്‌. ശത്രുക്കളുടെ വരവു കണ്ടാല്‍ അതിലെ കഥാപാത്രം പറയും: ഒരു ഡസന്‍ പേരുണ്ടെന്നു തോന്നുന്നു; അതിലും കൂടാനുംമതി. ഭാവം ഭയചകിതം. സിനിമാറ്റിക്‌ ഗെയിം എന്നുതന്നെ വിളിപ്പേര്‌.

5 comments:

വി.ആര്‍. ഹരിപ്രസാദ് 26 ta’ Novembru 2007 11:58  

risk@online

വാല്‍മീകി 26 ta’ Novembru 2007 19:41  

വളരെ നല്ല ലേഖനം. നമ്മുടെ കുട്ടികള്‍ക്ക് ഒരു ബോധവല്‍ക്കരണം ആവശ്യമാണ്.

ആരോ ഒരാള്‍ 18 ta’ Diċembru 2007 09:46  

ഹരി,

നല്ല ലേഖനം

വി.ആര്‍. ഹരിപ്രസാദ് 18 ta’ Diċembru 2007 12:05  

ശരിയാണ്‌ വാല്‍മീകി.
ബോധവല്‍ക്കരണം
അനിവാര്യം- കുട്ടികള്‍ക്കു
മാത്രമല്ല, വലിയവര്‍ക്കും.

സന്തോഷം, ഒരാളെ.
അഭിപ്രായത്തിനു
നന്ദി..

വഴി പോക്കന്‍.. 6 ta’ Jannar 2008 14:52  

നന്നായിരിക്കുന്നു ഹരി.. ഇപ്പോഴാ കണ്ടത്..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP