ഒരു വെബ് മതി- മൊബൈല്‍ ആയാലും പി.സി ആയാലും
മുമ്പൊരിക്കല്‍ പറഞ്ഞതാണ്. ''ഫ്‌ളോപ്പി ഡ്രൈവിലെ ഹെഡ്, ഡിസ്‌കിലെ ട്രാക്ക് വീണ്ടും വീണ്ടും തെരയുന്നതും മോഡം ഇന്റര്‍നെറ്റിലേക്ക് ഡയല്‍ചെയ്യുന്നതും ആയിരുന്നു മുമ്പ് കംപ്യൂട്ടിംഗിനിടയിലെ പ്രിയപ്പെട്ട ശബ്ദങ്ങള്‍''. ഇന്നത് രണ്ടുമില്ല. ഫ്‌ളോപ്പി ഡിസ്‌ക് ഏതാണ്ട് ചരിത്രമായി; ഇന്റര്‍നെറ്റ് നിശബ്ദവും.
മൊബൈല്‍ ഫോണിലും വീഡിയോ ഗെയിം കണ്‍സോളുകളിലും ടെലിവിഷന്‍ സ്‌ക്രീനിലുമൊക്കെ ഇന്റര്‍നെറ്റ് എത്തി- വയര്‍ലെസ് ആയി. ടോയ്‌ലെറ്റുകള്‍വഴി സൗജന്യമായി 8 എംബിപിഎസ് ശേഷിയുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി തരുന്ന ടിസ്‌പിനെപ്പറ്റി (ടോയ്‌ലെറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍) ഗൂഗിള്‍ പറഞ്ഞത് നമ്മളെയൊക്കെ ഏപ്രില്‍ ഫൂളാക്കാന്‍ ആയിരുന്നെങ്കിലും, ഭാവിയില്‍ അത് യാഥാര്‍ഥ്യമായാലും കണ്ണുതള്ളേണ്ടതില്ല.
മൊബൈല്‍ ഫോണുകള്‍
വലയിലെത്തുമ്പോള്
മൊബൈല്‍ ഫോണുകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ എന്നിവയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ നെറ്റ് കണക്‌ഷന് മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പി.സി ഉപയോഗിക്കുന്നവരേക്കാള്‍ വളരെ മുന്നിലാണിപ്പോള്‍. നോക്കുമ്പോള്‍ വളരെ സൗകര്യമാണ്. പക്ഷേ പ്രശ്‌നമുണ്ട്.
ഇന്റര്‍നെറ്റിലെ കണ്ടന്റുകളില്‍ ഏറെയും മൊബൈലുകളില്‍ ലഭ്യമാവില്ല. കുറേയേറെ സൈറ്റുകള്‍ മൊബൈലില്‍ ലോഡ് ചെയ്യാന്‍ നോക്കിയാല്‍ സംഗതി മൊത്തത്തില്‍ നിശ്ചലമാവുകയും ചെയ്യും. മൊബൈലിന്റെ കുഴപ്പംകൊണ്ടാണ് ഈ പ്രശ്‌നമെന്ന് പറയാനാവില്ല. സാക്ഷാല്‍ ഐഫോണിലും ഇതുതന്നെയാണ് സ്ഥിതി. സങ്കേതങ്ങള്‍ കൂടുതല്‍ വേഗത്തില്‍ മുന്നേറുമ്പോള്‍ ഇതൊരു ചെറിയപ്രശ്‌നമായി എടുക്കാനാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.
ടിം ബെര്‍ണേഴ്‌സ്-
ലീ സ്‌പീക്ക്‌സ്..
വെബും മൊബൈലും തമ്മിലുള്ള ഈ കൂടിച്ചേരല്‍ പ്രശ്‌നം ഇന്റര്‍നെറ്റില്‍ യഥേഷ്ടം ലഭ്യമാകുന്ന വിവരങ്ങളില്‍നിന്ന് ചിലരെ അകറ്റി നിര്‍ത്തുന്നു എന്നാണ് ഇന്റര്‍നെറ്റിന്റെ തലതൊട്ടപ്പനും വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (http://www.w3.org/) ഡയറക്ടറുമായ ടിം ബെര്‍ണേഴ്‌സ്-ലീ പറയുന്നത്. മൊബൈല്‍ ഉപകരങ്ങളിലും ഡെസ്‌ക് ടോപ്പ് പി.സികളിലും ഒരേപോലെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളുണ്ടാക്കാന്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്ന സങ്കേതങ്ങള്‍ നിര്‍വചിക്കാനാണ് w3c ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്‌ച ബോസ്‌റ്റണില്‍നടന്ന മൊബൈല്‍ ഇന്റര്‍നെറ്റ് വേള്‍ഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ വെബിനെ വേള്‍ഡ് വൈഡ് വെബില്‍നിന്ന് മാറ്റിനിര്‍ത്തേണ്ട അവസ്ഥ ഒഴിവാക്കാനാണ് ഈ ശ്രമം.
തുടക്കമെന്നോണം തങ്ങളുടെ വെബ്‌സൈറ്റുകള്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ടെസ്‌റ്റ് ചെയ്യാന്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്ന ഒരു പുതിയ ടൂള്‍ w3c കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയിട്ടുമുണ്ട്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ ഉപകരണഭേദമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതുതന്നെയാണ് ലക്ഷ്യം. ആകെക്കൂടി ഒരു വെബ് മതി, അത് ഫോണുകളില്‍ ലഭ്യമാവുകയുംവേണം- ലീ പറയുന്നു.
സാങ്കേതിക
തലവേദന
എല്ലാത്തരം ഹാര്‍ഡ്‌വെയറുകളിലും തങ്ങളുടെ വെബ്‌സൈറ്റ് ലഭ്യമാവണം എന്ന ആഗ്രഹമുള്ള ഡെവലപ്പര്‍മാര്‍ ചെയ്യുന്ന കാര്യമുണ്ട്. മെബൈല്‍ ഉപകരണങ്ങള്‍ക്കായി സൈറ്റിന്റെ പ്രത്യേക വേര്‍ഷനുണ്ടാക്കുക. എന്നാല്‍ അതില്‍ പലപ്പോഴും പല ഫീച്ചറുകള്‍ ഉണ്ടാവാറില്ല, ചിലപ്പോള്‍ വിവരങ്ങള്‍പോലും. മിക്കവരുടെയും സൈറ്റുകള്‍ യഥാര്‍ഥ രൂപത്തില്‍ മൊബൈലുകളില്‍ പ്രവര്‍ത്തിക്കാറില്ല. പലരും ഈ പണിയെ തലവേദനയായാണ് കാണുന്നതെന്നുതന്നെ കാര്യം.
ഡൊമെയ്‌ന്‍ നെയിമുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണ രേഖകള്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ സൈറ്റുകള്‍ കണ്ടെത്തുന്നതും ശ്രമകരമായ പണിയാണിപ്പോള്‍. www എന്നതിന്റെ സ്ഥാനത്ത് ചില സൈറ്റുകള്‍ പ്രിഫിക്‌സ് ആയി ഉപയോഗിക്കുന്നത് mobile എന്നാണ്; മറ്റു ചിലവ wap എന്നും. ഇത് ഉപയോക്താക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി w3cയുടെ മൊബൈല്‍-വെബ്- ഇനീഷ്യേറ്റിവ് തലവന്മാരില്‍ ഒരാളായ മാറ്റ് വൂമര്‍ പറയുന്നു.
അതേസമയം, വളരെ വലിപ്പമുള്ള ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരുന്നത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വലയ്‌ക്കുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പല പേജുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നു.
മൊബൈല്‍ ഓക്കേ
ചെക്കര്
സൈറ്റുകള്‍ w3cയുടെ നിയന്ത്രണ രേഖകള്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് കോഡുകളില്‍ പരിശോധന നടത്താന്‍ പുതിയ ടൂളായ മൊബൈല്‍ ഓക്കേ ചെക്കറിനു കഴിയും. വഴികള്‍ പരിശോധിച്ച് എവിടെയൊക്കെ ഫിക്‌സിംഗ് ആവശ്യമുണ്ടെന്ന് നിര്‍ദേശിക്കലാണ് ചെക്കറിന്റെ പണി. സംഗതി ഗുണകരമാണെന്ന് വിദഗ്‌ധര്‍ പറയുന്നു.
എത്രമാത്രം സങ്കീര്‍ണവും ശ്രമകരവുമാണെന്ന് നോക്കണ്ട, പി.സി ആയാലും മൊബൈല്‍ ആയാലും ഗെയിം കണ്‍സോള്‍ ആയാലും ഒരു വെബ് മതി എന്നുതന്നെയാണ് വിദഗ്‌ധര്‍ പറയുന്നത്.
ഓഫ്‌ലൈന്‍
ബില്‍ ഗേറ്റ്‌സിന് അടുത്തയിടെ നൈജീരിയയില്‍ പോകണമായിരുന്നു. പക്ഷേ വിസ കിട്ടാന്‍ കഷ്ടപ്പാടായി.
ഗേറ്റ്‌സ് തങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമാക്കുമോ എന്നായിരുന്നു നൈജീരിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പേടിയത്രേ! ഒടുക്കം അവരുടെ മനസ്സലിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
4 comments:
one web
കൊള്ളാം കുറെ അറിവുകള്‍ കിട്ടി.
ഗൂഗിള്‍ എന്നെ ഏപ്രില്‍ ഫൂളാക്കിയത് വീണ്ടും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. നല്ല പോസ്റ്റ്.
നന്ദി
മീനാക്ഷി,
സുജിത്..
Post a Comment