It-Tlieta, 6 ta’ Novembru 2007

കാമറയെ നെറ്റിലെത്തിക്കാന്‍..


തിഞ്ഞിരിക്കുന്നത്‌ ഏതു നിമിഷമാണെങ്കിലും ഓരോ ഫോട്ടോയും സവിശേഷമാണ്‌. കാലങ്ങള്‍ക്കപ്പുറമിരുന്ന്‌ ഒന്നെടുത്തുനോക്കാന്‍.., വെറുതെ കണ്ടൊന്നു ചിരിക്കാന്‍...

ഒരുകാലത്ത്‌ ഒട്ടൊക്കെ ആഢംബരമായിരുന്ന ഫോട്ടോയെടുക്കല്‍ ഡിജിറ്റല്‍/ മൊബൈല്‍ഫോണ്‍ കാമറകള്‍ സാധാരണമായതോടെ കുട്ടിക്കളിയായി. എപ്പോള്‍ വേണമെങ്കിലും, എത്രവേണമെങ്കിലും ഫോട്ടോകള്‍- വെറും രസത്തിനും ഗൗരവത്തിനുമൊക്കെ.ഫോട്ടോ എടുത്ത്‌ അടുത്ത നിമിഷം അത്‌ കംപ്യൂട്ടറില്‍ കയറ്റാം. പിന്നെ ഇന്റര്‍നെറ്റില്‍, ഫോട്ടോ ഷെയറിംഗ്‌ സൈറ്റില്‍, ഓര്‍ക്കുട്ട്‌ ആല്‍ബത്തില്‍, ബ്ലോഗില്‍... അങ്ങനെയങ്ങനെ...

ഫോട്ടോയുടെ

നെറ്റ്‌സഞ്ചാരങ്ങള്‍

ഡിജിറ്റല്‍ കാമറയിലോ മൊബൈല്‍ ഫോണ്‍ കാമറയിലോ എടുക്കുന്ന ഫോട്ടോകള്‍ കംപ്യൂട്ടറിലേക്ക്‌ ആക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. കാമറയെ ഡാറ്റാ കേബിള്‍വഴി നേരെ കംപ്യൂട്ടറില്‍ ഘടിപ്പിക്കാം. കാമറയില്‍നിന്ന്‌ മെമ്മറി കാര്‍ഡ്‌ എടുത്ത്‌ യു.എസ്‌.ബി കാര്‍ഡ്‌ റീഡര്‍വഴി ഫോട്ടോ ഫയലുകള്‍ കോപ്പി ചെയ്യാം. അല്ലെങ്കില്‍ ബ്ലൂടൂത്ത്‌ സങ്കേതമുണ്ട്‌. അടുത്തയിടെ മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ച സര്‍ഫസ്‌ എന്ന കോഫി ടേബിള്‍ കംപ്യൂട്ടറില്‍ ആണെങ്കില്‍ കാമറ സ്‌ക്രീനില്‍ വെറുതെ വച്ചാല്‍മതി- ഫോട്ടോ അകത്തായിരിക്കും. കാമറയില്‍ ഫിലിം ലോഡ്‌ ചെയ്യല്‍, പടമെടുക്കല്‍, ഡെവലപ്‌ ചെയ്യല്‍, പ്രിന്റിംഗ്‌, സ്‌കാനിംഗ്‌- ഇതൊക്കെ ചരിത്രം.

ഫോട്ടോകള്‍ക്ക്‌ ഇന്റര്‍നെറ്റില്‍ വലിയ സ്ഥാനമുണ്ട്‌. പ്രത്യേകിച്ച്‌ ഫോട്ടോ ഷെയറിംഗ്‌, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍. ഇവയുടെ പോസിറ്റീവുകളും നെഗറ്റീവുകളും നാം മുമ്പ്‌ ചര്‍ച്ച ചെയ്‌തിരുന്നു.

ഇനി വൈ-ഫൈ

മെമ്മറി കാര്‍ഡ്‌

ഇന്ന്‌ വിപണിയില്‍ ലഭ്യമായ ഏതാനും ഡിജിറ്റല്‍ കാമറകളില്‍ ബില്‍റ്റ്‌-ഇന്‍ വൈ-ഫൈ ട്രാന്‍സ്‌മിറ്ററുകളുണ്ട്‌. എന്നാല്‍ സെക്യുര്‍ ഡിജിറ്റല്‍ (എസ്‌ഡി) മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഏതൊരു കാമറയെയും വയര്‍ലെസ്‌ ആയി കംപ്യൂട്ടറിനോടോ ഇന്റര്‍നെറ്റിനോടോ ചേര്‍ക്കാനുള്ള സങ്കേതം റെഡി- Eye-Fi മെമ്മറി കാര്‍ഡ്‌.

ഉപയോക്താവ്‌ കോണ്‍ഫിഗര്‍ ചെയ്യുന്നതനുസരിച്ച്‌ കാമറയില്‍നിന്ന്‌ ഫോട്ടോകള്‍ കംപ്യൂട്ടറിലേക്കോ, ഫ്‌ളിക്കര്‍, ഷട്ടര്‍ഫ്‌ളൈ പോലുള്ള ഫോട്ടോ ഷെയറിംഗ്‌ സൈറ്റുകളിലേക്കോ വയര്‍ലെസ്‌ ആയി അയയ്‌ക്കുകയാണ്‌ ഐ-ഫൈ കാര്‍ഡ്‌ ചെയ്യുന്നത്‌. ഫോട്ടോഗ്രഫര്‍മാര്‍ക്ക്‌ ജോലി എത്ര എളുപ്പമാക്കിക്കൊടുക്കാം എന്നാണ്‌ ഞങ്ങള്‍ ആലോചിച്ചിരുന്നത്‌- ഐ-ഫൈയുടെ കോ ഫൗണ്ടര്‍മാരില്‍ ഒരാളായ യുവല്‍ കോറെന്‍ പറയുന്നു.

ഏതാണെളുപ്പം?

ക്ലിക്കോ ഷെയറിംഗോ..

പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ഡിജിറ്റല്‍ ഫോട്ടോഗ്രഫി ഇന്ന്‌ ഒരു ബുദ്ധിമുട്ടുമില്ലാത്ത കാര്യമാണെന്ന്‌ നാം കണ്ടു. എന്നാല്‍ കാമറകളില്‍ തെളിഞ്ഞ സാങ്കേതിക വിന്യാസം അതേ അളവില്‍ ഫോട്ടോ ഷെയറിംഗിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നാണ്‌ യുവല്‍ പറയുന്നത്‌. അതുകൊണ്ടുതന്നെ ഓട്ടോമാറ്റിക്‌ ഫോട്ടോ ഷെയറിംഗ്‌ ആണ്‌ പുതിയ കാര്‍ഡ്‌ കൊണ്ട്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌.

ഉപയോക്താവ്‌ ആദ്യമേ കാര്‍ഡ്‌ കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്‌. യു.എസ്‌.ബി കാര്‍ഡ്‌ റീഡറില്‍ അത്‌ ഇന്‍സെര്‍ട്ട്‌ ചെയ്‌താല്‍ സെറ്റ്‌ അപ്‌ മെനു ലഭിക്കും. അവിടെനിന്ന്‌ ഉപയോക്താവിന്‌ ലോക്കല്‍ വൈ-ഫൈ നെറ്റ്‌വര്‍ക്ക്‌ തെരഞ്ഞെടുക്കാം. ഫോട്ടോ ഫയലുകള്‍ കംപ്യൂട്ടറിലേക്കോ 17 ഫോട്ടോ ഷെയറിംഗ്‌/ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലേക്കോ അപ്‌ലോഡ്‌ ചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്‌. അല്ലെങ്കില്‍ രണ്ടും ഒരുമിച്ചും ചെയ്യാം. മള്‍ട്ടിപ്പിള്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗപ്പെടുത്താം. കാര്‍ഡ്‌ സെറ്റ്‌ അപ്‌ ചെയ്‌തുകഴിഞ്ഞാല്‍ ഉപയോക്താവിന്‌ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരിക്കാം. പിന്നീട്‌ കാമറ സെലക്ടഡ്‌ വയര്‍ലെസ്‌ നെറ്റ്‌വര്‍ക്കിന്റെ പരിധിയില്‍ എപ്പോള്‍ വരുന്നുവോ അപ്‌ലോഡിംഗ്‌ ഓട്ടോമാറ്റിക്‌ ആയി തുടങ്ങും. എല്ലാ ഫോട്ടോകളും ഐ-ഫൈയുടെ സ്വന്തം സെര്‍വറുകളില്‍ സൈസ്‌, റെസല്യൂഷന്‍ തുടങ്ങിയവ പരിശോധിക്കപ്പെടുകയും ചെയ്യും.

ഫോട്ടോ ആര്‍ക്കൈവിംഗ്‌, ഷെയറിംഗ്‌ എന്നിവയുടെ രീതികളില്‍ വലിയ മാറ്റത്തിന്‌ പുതിയ സങ്കേതം വഴിയൊരുക്കുമെന്നാണ്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. പക്ഷേ, ആവശ്യമില്ലാത്ത (തീര്‍ത്തും സ്വകാര്യമായവ ഉള്‍പ്പെടെ) ഫോട്ടോകള്‍ അബദ്ധത്തില്‍ നെറ്റില്‍ പബ്ലിക്‌ ആയി അപ്‌ലോഡ്‌ ചെയ്യപ്പെടുന്ന സാഹചര്യത്തെക്കുറിച്ച്‌ ഉപയോക്താവ്‌ ബോധവാനായിരിക്കണം എന്നുമാത്രം.

കൂടുതല്‍ ഉപകരണങ്ങള്‍ വയര്‍ലെസ്‌ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ഐ-ഫൈയ്‌ക്കുമുന്നില്‍ വലിയ സാധ്യതകളാണുള്ളത്‌.

ജനങ്ങളുടെ പോക്കറ്റുകളിലുള്ള ഉപകരണങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്‌ക്കുകയാണ്‌ ഞങ്ങള്‍- കൊറേന്‍ പറയുന്നു. പക്ഷേ തുടക്കത്തില്‍ കാര്‍ഡിന്റെ വില പോക്കറ്റിന്‌ അത്ര സുഖമുള്ളതല്ല. 2 ജിബി ശേഷിയുള്ള കാര്‍ഡിന്‌ 99.99 ഡോളറാണ്‌ ഉപയോക്താവ്‌ കൊടുക്കേണ്ടിവരിക.

ഓഫ്‌ലൈന്‍

ഹാക്കര്‍മാരുടെ കളിയിപ്പോള്‍ ആപ്പിളിന്റെ കംപ്യൂട്ടറുകളോടാണ്‌. മാക്‌ വഴി അല്‌പം ചൂടന്‍ സൈറ്റുകളൊക്കെ നോക്കിയാല്‍ അറിയാതെ മാല്‍വെയറുകള്‍ ഡൗണ്‍ലോഡ്‌ ആവും.ബാക്കി പണിയൊക്കെ അതു ചെയ്‌തോളും. നിങ്ങള്‍ക്കൊന്നും ചെയ്യേണ്ടിവരില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

5 comments:

വി.ആര്‍. ഹരിപ്രസാദ് 6 ta’ Novembru 2007 13:06  

Eye-Fi Memory card..

ആഷ | Asha 6 ta’ Novembru 2007 19:22  

ഡിജിറ്റല്‍ കാമറ വന്നതോടു കൂടി ഫോട്ടെയെടുത്തു പഠിക്കുന്നവര്‍ക്ക് കൂടുതല്‍ സൌകര്യമായി. :)

ആദ്യമായാണ് Eye-Fi Memory cardനെ കുറിച്ചു കേള്‍ക്കുന്നത്. പറഞ്ഞു തന്നതിനു നന്ദി.

എം.കെ.ഹരികുമാര്‍ 7 ta’ Novembru 2007 09:14  

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

പേര്.. പേരക്ക!! 7 ta’ Novembru 2007 09:31  

ഈ Eye-Fi Memory card ഡി.എസ്.എല്‍.ആറില്‍ ഉപയോഗിക്കാമോ? എന്റെ ക്യാമറക്ക് ആ സൌകര്യം ഉണ്ടോ എന്ന് എങ്ങിനെ അറിയും?

വി.ആര്‍. ഹരിപ്രസാദ് 7 ta’ Novembru 2007 11:31  

ശരിയാണ്‌..
സന്തോഷം ആഷ..

നന്ദി ഹരികുമാറേട്ടാ...
ഇത്‌ തിങ്കളാഴ്‌ചകളില്‍ ദീപികയുടെ
ലീഡര്‍ പേജില്‍ വരുന്ന പംക്തിയാണ്‌.
കാണാറുണ്ടോ എന്നറിയില്ല... :)

പേരക്ക, ഇത്‌ എല്ലാത്തരം ഡിജിറ്റല്‍ കാമറകളിലും ഉപയോഗിക്കാം എന്നാണ്‌ വെബ്‌സൈറ്റ്‌ പറയുന്നത്‌. നമുക്കു നോക്കാം..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP