ഹാര്‍ഡ്‌വെയറോ? സിംപ്ലി സോഫ്‌റ്റ്!
വീടുണ്ടാക്കാം.. കപ്പലോ തീവണ്ടിയോ പീരങ്കിയോ ഉണ്ടാക്കാം..., പല നിറത്തിലും വലിപ്പത്തിലുമൊക്കെ. പരസ്‌പരം കൂട്ടിയിണക്കാവുന്ന പ്ലാസ്റ്റിക് ബ്ലോക്കുകള്‍കൊണ്ടുള്ള ഈ കളി കുട്ടികള്‍ ഇഷ്ടപ്പെടുന്നത് ഭാവന ഏതുരീതിയിലും രൂപപ്പെടുത്താം എന്നതുകൊണ്ടുതന്നെയാവും.
വീടുണ്ടാക്കിയുള്ള കളി മടുത്താല്‍ ഉടനെ അതുപൊളിച്ചുപണിത് വിമാനമാക്കാമല്ലോ. അതിന്റെയും രസംപോയാല്‍ പീരങ്കികൊണ്ട് കരയുദ്ധമാവാം. ഓലപ്പമ്പരം, മണ്ണപ്പം തുടങ്ങിയവവിട്ട് കുട്ടിക്കളികള്‍ കംപ്യൂട്ടര്‍സ്‌ക്രീനില്‍ കയറുന്നതിനുമുമ്പുള്ള കാലമായിരുന്നു ഈ ബ്ലോക്കുകളുടേത്- തീര്‍ത്തും സൃഷ്ടിപരം.
നിര്‍മാണം,
അപനിര്‍മാണം
അസംബിള്‍ചെയ്‌തുകിട്ടുന്ന കംപ്യൂട്ടറുകളും ഓഡിയോ സിസ്‌റ്റങ്ങളും ഒഴിവാക്കായാല്‍ ഒട്ടുമിക്ക ഇല്‌ക്ട്രോണിക് ഉപകരണങ്ങളും അതാതു കമ്പനികള്‍ നിര്‍മിക്കുന്ന മോഡലുകളില്‍ ഒതുങ്ങിനില്‍ക്കുന്നു. ഉള്ളമോഡലുകളില്‍നിന്ന് ആവശ്യക്കാര്‍ക്ക് തെരഞ്ഞെടുക്കാമെന്നുമാത്രം. ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍. പുതുതലമുറയിലെ മിക്ക മോഡലുകളിലും കാമറയും വോയ്‌സ് റെക്കോര്‍ഡറുമൊക്കെ ഉണ്ടാവും. ഉള്ളിലെ സൂക്ഷ്‌മഭാഗങ്ങള്‍ മിക്കവയും സമാന സ്വഭാവമുള്ളവയുമായിരിക്കും. ഒരു സാധാരണ ഉപയോക്താവിന് അത് അഴിച്ചെടുത്ത് രൂപംമാറ്റാനോ അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനോ കഴിയില്ല. (അതിനുകഴിവുള്ള അതിവിദഗ്‌ധര്‍ ഇല്ലെന്നല്ല; അല്ലാത്തവര്‍ ഈ പണിക്കു ശ്രമിക്കുന്നതിനെ കുരങ്ങന്റെ കൈയില്‍ പുഷ്‌പഹാരം കിട്ടിയപോലെ എന്നാണ് പറയുകപതിവ്).
സോഫ്‌റ്റ്‌വെയര്‍ സ്വന്തം ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്യുന്നത് ഏതാണ്ട് ദശാബ്ദമായി ലളിതമായ കാര്യമാണ്. ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ ഇപ്പോഴും പൂര്‍ണമായ അര്‍ഥത്തില്‍ അത്ര എളുപ്പമല്ല. എന്നാല്‍ ഇതിനു മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ് ലാബ്‌സ് (http://buglabs.net/)- ബഗ് എന്നു പേരിട്ട ഒരുപകരണംവഴി.ഉപയോക്താവിന്റെ സ്വന്തം ഇഷ്ടപ്രകാരം ഇല്‌ക്ട്രോണിക് ഉപകരണം ഡിസൈന്‍ ചെയ്യുക, ഇഷ്ടമനുസരിച്ച് ഉപയോഗിക്കുക- അതാണ് ബഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഹാര്‍ഡ്‌വെയറിലെ
ഓപ്പണ്‍ സോഴ്‌സ്
ലിനക്‌സ് അധിഷ്‌ഠിതമായ ഒരു മിനി കംപ്യൂട്ടറാണ് പുതിയ ഉപകരണത്തിന്റെ അടിത്തറ. ബഗ്‌ബേസ് എന്നറിയപ്പെടുന്ന ഇതിന് ഒരു പുതുതലമുറ മൊബൈല്‍ ഫോണിന്റെ വലിപ്പമേ കാണൂ. ഉപയോക്താക്കള്‍ക്ക് സ്വയം പ്രോഗ്രാം ചെയ്യാവുന്ന ഇതില്‍ നാലു ഡിവൈസ് മൊഡ്യൂളുകള്‍വരെ ഘടിപ്പിക്കാനുള്ള പോര്‍ട്ടുകള്‍ ഉണ്ടാവും. കമ്പനി ഉദ്ദേശിക്കുന്ന മൊഡ്യൂളുകള്‍ ഒരു ജിപിഎസ് സിസ്റ്റം, കാമറ, മോഷന്‍ സെന്‍സര്‍, എല്‍സിഡി സ്ര്‌കീന്‍ എന്നിവയാണ്. എന്നാല്‍ മറ്റു നിര്‍മാതാക്കളുടെ വ്യത്യസ്‌ത ഉപകരണങ്ങളും ബേസിനോടു കൂട്ടിയിണക്കാനാവും.
കമ്പനി നല്‍കുന്ന മൊഡ്യൂളുകള്‍ക്ക് ഏതാണ്ട് രണ്ടര സ്‌ക്വയര്‍ ഇഞ്ച് മാത്രമാണ് വലിപ്പം. ഉപയോക്താക്കള്‍ക്ക് ഇവ സ്വന്തം ഇഷ്ടത്തിനും ഭാവനയ്‌ക്കും അനുസരിച്ച് കൂട്ടിച്ചേര്‍ക്കാം. അവ പ്രവര്‍ത്തിപ്പിക്കാനുള്ള കോഡ് സ്വന്തമായി എഴുതുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആവാം. ഈ ഘടനയും പ്രോഗ്രാമും ഇഷ്ടമനുസരിച്ച് മറ്റുള്ളവരുമായി പങ്കുവയ്‌ക്കുകയും ചെയ്യാം. ''ഈ പ്രോഡക്ട് തികച്ചും ഓപ്പണ്‍ സോഴ്‌സ് ആണ്; സോഴ്‌സ് കോഡിന്റെ കാര്യത്തില്‍ മാത്രമല്ല, ഉപകരണത്തിന്റെ ഘടനയിലും''- ബഗ് ലാബ്‌സ് സിഇഒ പീറ്റര്‍ സിമല്‍ഹാക്ക് പറയുന്നു.
ആവശ്യം,
സൃഷ്ടിയുടെപിതാവ്
ഒരുപക്ഷേ, സാങ്കേതികമായി സാധ്യമായിരുന്നിട്ടും പണംകൊടുത്തുവാങ്ങാന്‍ കിട്ടാതിരുന്ന ചില ഉപകരണങ്ങള്‍ ആവശ്യമായിത്തോന്നിയതുകൊണ്ടാണ് ഈ കമ്പനിക്ക് തുടക്കമിട്ടതെന്ന് സിമല്‍ ഹാക്ക്. 1970-കളില്‍ താനൊരു ഹാര്‍ഡ്‌വെയര്‍ ഹാക്കര്‍ ആയിരുന്നെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നുമുണ്ട്. അമേരിക്കയെ പിടിച്ചുലച്ച സെപ്‌റ്റംബര്‍ 11 സംഭവത്തോടെ വയര്‍ലെസ് മോഡമുള്ള ജിപിഎസ് സിസ്റ്റം എന്ന ആശയം അദ്ദേഹത്തിന്റെ തലയിലുദിച്ചു. തന്റെ ഭാര്യയും കുഞ്ഞും എവിടെ, എന്തുചെയ്യുന്നു എന്നറിയാനുള്ള ഒരു ഗൃഹനാഥന്റെ വ്യഗ്രതയായിരുന്നു അത്. ''എനിക്കത് വാങ്ങാന്‍ കിട്ടുമായിരുന്നില്ല; സ്വയം നിര്‍മിക്കാനും പറ്റുമായിരുന്നില്ല''- അദ്ദേഹം പറയുന്നു.
അങ്ങനെയാണ് ഒരുസംഘം എന്‍ജിനീയര്‍മാരെ ചേര്‍ത്ത്, ആവശ്യക്കാര്‍ക്ക് സ്വന്തം ഉപകരണം നിര്‍മിക്കാവുന്ന ഒരു ഫ്‌ളെക്‌സിബിള്‍ ഹാര്‍ഡ്‌വെയറിന്റെ നിര്‍മാണം തുടങ്ങിയത്. ഉപയോക്താക്കള്‍ക്ക് അത്യന്തം സുഗമമായി കൂട്ടിയിണക്കാവുന്ന ഭാഗങ്ങള്‍, അവകൊണ്ട് കളിക്കാം എന്നുതോന്നുംവിധം ആകര്‍ഷകമായ രൂപം, അവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍-സോഴ്‌സ് സോഫ്‌റ്റ്‌വെയര്‍- ഇവയെല്ലാമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഏതെങ്കിലും ഭാഗം അഴിച്ചെടുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്‌താല്‍ സിസ്‌റ്റം 'ക്രാഷ്' ആകുന്ന പ്രശ്‌നമില്ല. വിവിധ ഭാഗങ്ങള്‍ക്ക് ആവശ്യമായ അളവിലുള്ള വൈദ്യുതി സ്വയം തിട്ടപ്പെടുത്തി നല്‍കാനും ബേസിനു കഴിയും.
ഓപ്പണ്‍-സോഴ്‌സ് ഹാര്‍ഡ്‌വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്‌ധരുടെ നിര പുതിയ ഉപകരണത്തെ സ്വാഗതം ചെയ്യുന്നു. ബഗ് ബേസിന്റെ തലച്ചോറായ ലിനക്‌സ് കംപ്യൂട്ടറിനെ ഈ സങ്കേതത്തിന്റെ സൗന്ദര്യമായി അവര്‍ വിശേഷിപ്പിക്കുന്നു.
അടുത്തമാസം അവസാനത്തോടെ ബഗ് ബേസ് വിപണിയിലെത്തും. തുടക്കത്തില്‍ അല്‌പം സാങ്കേതിക ജ്ഞാനമുള്ളവരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷനുകള്‍ പഠിച്ചെടുത്താലേ ബഗിനെ കാര്യക്ഷമമായി ഉപയോഗിക്കാനാവൂ.ഹാര്‍ഡ്‌വെയറുകളുടെ പുതുപുത്തന്‍ ചേരുവകള്‍ ഉരുത്തിരിയാനും തകര്‍പ്പന്‍ കണ്ടെത്തലുകളുടെ പിറവിക്കും പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് വിദഗ്‌ധര്‍ കരുതുന്നു. വിലയെക്കുറിച്ച് കൃത്യമായ വിവരമൊന്നും പുറത്തുവന്നിട്ടില്ല. നിരവധി നൂറുകണക്കിനു ഡോളറുകള്‍ ആവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും, ആവശ്യമുള്ള ഉപകരണങ്ങള്‍ സ്വയം 'ഉണ്ടാക്കുന്ന' അത്യാധുനികതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഓഫ്‌ലൈന്‍
ഇതാ ഒരു ടൂത്ത് ബ്രഷ്. വില- 11,200 രൂപ.
തെറ്റിയതല്ല. എന്താണ് ഇത്രയധികം എന്നു ചോദിക്കരുത്. അതില്‍ ഒരു ജിപിഎസ് ട്രാന്‍സ്‌മിറ്റര്‍, പ്രഷര്‍ സെന്‍സര്‍, ബ്രഷ് സെറ്റിംഗ്‌സ്, എല്‍സിഡി സ്‌ക്രീന്‍, ടൈമര്‍ എന്നീ സംവിധാനങ്ങളുണ്ട്- നിങ്ങളുടെ പല്ലുതേപ്പ് പരമാവധി ശാസ്‌ത്രീയമാക്കാന്‍.
അപ്പോള്‍ പതിനൊന്നായിരമില്ലെങ്കില്‍ മതിയാവില്ല.
5 comments:
open-source hardware...
എന്തെല്ലം കാണണം അല്ലേ...?
റൊമ്പ താങ്ക്സ് !
മിസ്സായിപ്പോകുമായിരുന്ന ഒരു കിടിലന്‍ ത്രെഡ് തന്നതിന് !
വിജ്ഞാനപ്രദം
Post a Comment