It-Tlieta, 16 ta’ Ottubru 2007

വഴികാട്ടാന്‍ ഗൂഗിള്‍ എസ്‌എംഎസ്‌


ഞങ്ങളുടെ ലളിതമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരൂ, പത്തുലക്ഷം രൂപയും അമ്പത്തഞ്ചുകിലോ സ്വര്‍ണവും നേടൂ. താത്‌പര്യമുണ്ടെങ്കില്‍ എക്‌സ്‌ വൈ സെഡ്‌ എന്ന്‌ 00001-ലേക്ക്‌ അയയ്‌ക്കൂ. (അയച്ചയച്ചു കാശുപോയതല്ലാതെ ആരും ലക്ഷാധിപന്മാരായ വിവരം മാത്രമില്ല).

മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ക്ക്‌ ഒരു ഭാഗ്യമുണ്ട്‌- ഇത്തരം മെസേജുകള്‍ വരില്ല.

എന്നാല്‍ സമ്മാനമല്ല, അറിവാണ്‌ പ്രധാനം എന്നു കരുതുന്നവര്‍ക്ക്‌ മെസേജുകള്‍ അയച്ചുകൊണ്ടിരിക്കാവുന്ന ഒരു പരിപാടിക്ക്‌ തുടക്കമിടുകയാണ്‌ ഗൂഗിള്‍. ആവശ്യമായ എന്തു വിവരങ്ങളും മൊബൈലിന്റെ സ്‌ക്രീനില്‍ മെസേജ്‌ ആയി എത്തിക്കുകയാണ്‌ കഴിഞ്ഞ ചൊവ്വാഴ്‌ച ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗൂഗിള്‍ എസ്‌എംഎസ്‌.

ഗൂഗിള്‍ വിവരാവകാശ

കമ്മീഷന്

‍സെര്‍ച്ച്‌ എന്നു കേട്ടാല്‍ തൊട്ടുപിന്നാലെ മനസ്സില്‍ തെളിയുന്നത്‌ ഗൂഗിള്‍ എന്ന വാക്കാണ്‌. തങ്ങളുടെ സെര്‍ച്ച്‌ പവര്‍ കംപ്യൂട്ടറും ഇന്റര്‍നെറ്റും കടന്ന്‌ മൊബൈല്‍ ഫോണുകളിലേക്ക്‌ എത്തിക്കുകയാണ്‌ ഗൂഗിള്‍ ഇപ്പോള്‍. വിവരം, ആര്‍ക്കും, എപ്പോഴും, എവിടെയും എന്നുപറയാം. മൊബൈല്‍ ഫോണില്‍നിന്ന്‌ 54664 (5GOOG എന്നതിനു സമം) എന്ന നമ്പറിലേക്ക്‌ നിശ്ചിത രൂപത്തില്‍ ചോദ്യം അയച്ചാല്‍ നിമിഷങ്ങള്‍ക്കകം മറുപടിയെത്തും. തീര്‍ത്തും ലളിതമായ നടപടി. എയര്‍ടെല്‍, എയര്‍സെല്‍, ബിപിഎല്‍, ബിഎസ്‌എന്‍എല്‍, റിലയന്‍സ്‌ നെറ്റ്‌വര്‍ക്കുകളില്‍ ഈ സേവനം ലഭ്യമാണ്‌. എസ്‌എംഎസ്‌ അയയ്‌ക്കുന്നതിനുള്ള ചെലവുമാത്രം ബാധകം.

ഗൂഗിള്‍ ഇന്ത്യയുടെ പ്രോഡക്ട്‌സ്‌ ഹെഡ്‌ ആയ വിനയ്‌ ഗോയല്‍ പറയുന്നതിങ്ങനെ: ഇന്ത്യയില്‍ ടെക്‌സ്റ്റ്‌ മെസേജിംഗിന്‌ വലിയ പ്രാധാന്യമുണ്ട്‌. ഗൂഗിള്‍ എസ്‌എംഎസ്‌ ഞങ്ങളുടെ മൊബൈല്‍ സ്‌ട്രാറ്റജിയുടെ ഏറ്റവും പുതിയ കാല്‍വയ്‌പ്പാണ്‌. മാസംതോറും ലക്ഷക്കണക്കിനുപേരാണ്‌ മൊബൈല്‍ ഉപയോക്താക്കളാവുന്നത്‌. അവര്‍ക്ക്‌ ഏറ്റവും എളുപ്പത്തിലും ഏറ്റവും വേഗത്തിലും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ സര്‍വീസ്‌ സഹായിക്കും. വിദേശങ്ങളില്‍ ഈ സര്‍വീസ്‌ നേരത്തേതന്നെ ലഭ്യമാക്കിയിരുന്നെങ്കിലും ഏഷ്യയില്‍ ആദ്യമായി ഇവിടെയാണ്‌ അവതരിപ്പിക്കുന്നത്‌.

ബീപ്‌ ബീപ്‌.. കേരളം

31,838,619

കേരളത്തിലെ ജനസംഖ്യ എത്ര?മൂന്നുകോടിയെന്നൊക്കെ കണ്ണടച്ചുപറയാം. ലഭ്യമായ കണക്കനുസരിച്ച്‌ കൃത്യം എത്രയെന്നറിയാനുള്ള വഴി ഇങ്ങനെ: മൊബൈലില്‍ population kerala എന്ന്‌ ടെപ്പ്‌ ചെയ്‌ത്‌ 54664-ലേക്ക്‌ അയയ്‌ക്കുക. നിമിഷങ്ങള്‍ക്കകം മറുപടി മെസേജ്‌ വരും: Q&A:KeralaPopulation: 31,838,619 (12th) (2001)Source: www.indtravel.com/kerala/kerala.html

2001ലെ കണക്കുപ്രകാരം കേരളത്തിലെ ജനസംഖ്യയാണ്‌ നമുക്കുകിട്ടിയത്‌. ഇതുപോലെ ഒരു വാക്കിന്റെ നിര്‍വചനമോ ഒരു സംഖ്യയുടെ സ്‌ക്വയര്‍ റൂട്ടോ ഒക്കെ ലഭ്യമാക്കാം. ഗൂഗിള്‍ വെബ്‌സൈറ്റില്‍ തെരയുന്നതില്‍നിന്നു വ്യത്യസ്‌തമായി കൃത്യമായ ഉത്തരങ്ങളാണ്‌ മറുപടി കിട്ടുന്നത്‌. വെബ്‌സൈറ്റോ ലിങ്കുകളോ അല്ല.

ബാംഗളൂര്‍, ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ തീര്‍ത്തും പ്രാദേശികമായ വിവരങ്ങള്‍ പോലും ഗൂഗിള്‍ എസ്‌എംഎസില്‍ ഇപ്പോള്‍ ലഭ്യമാണ്‌. ഉദാഹരണത്തിന്‌ ഛക്‌ദേ ഇന്ത്യ ബാംഗളൂര്‍ എന്നു ചോദിച്ചാല്‍ ബാംഗളൂരില്‍ ആ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളും ഷോ സമയക്രമവും മറുപടി മെസേജില്‍ ലഭിക്കും.

എടിഎം എവിടെ?

ആശുപത്രി എവിടെ?

ത്രാവേളകളിലാണ്‌ ഈ സര്‍വീസ്‌ കൂടുതല്‍ ഉപയോഗപ്പെടുക. ഹോട്ടലുകള്‍, തിയേറ്ററുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവയൊക്കെ തെരഞ്ഞുപിടിക്കാന്‍ മൊബൈലിലൂടെ ഗൂഗിള്‍ സഹായിക്കും. ചൈനീസ്‌ റെസ്റ്റോറന്റ്‌ ഗ്രേറ്റര്‍ കൈലാഷ്‌ ഡെല്‍ഹി എന്നാവശ്യപ്പെട്ടാല്‍ ആ പ്രദേശത്തെ ചൈനീസ്‌ റെസ്റ്റോറന്റുകളുടെ വിശദവിവരങ്ങള്‍ അടുത്ത നിമിഷം മൊബൈലില്‍ എത്തും. ഒരു പ്രദേശത്തെക്കുറിച്ചുള്ള നിരവധി സെര്‍ച്ചുകള്‍ നടത്തിയാല്‍ സര്‍വീസ്‌ പ്രസ്‌തുത ലൊക്കേഷന്‍ സ്വയം ഓര്‍മിക്കും. പിന്നീടുള്ള ആവശ്യങ്ങളില്‍ ലൊക്കേഷന്‍ പ്രത്യേകം ടൈപ്പ്‌ ചെയ്യേണ്ടതില്ല. കാലാവസ്ഥ, നിര്‍വചനങ്ങള്‍, കണക്കുകൂട്ടലുകള്‍, കറന്‍സി കണ്‍വെര്‍ഷന്‍ തുടങ്ങിയവയ്‌ക്കും ഗൂഗിള്‍ എസ്‌എംഎസ്‌ ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ www.google.co.in/sms എന്നയിടത്ത്‌ ലഭിക്കും.

നാലു വന്‍നഗരങ്ങളില്‍ ഇപ്പോള്‍ നല്‍കിത്തുടങ്ങിയ സേവനത്തിന്റെ പ്രതികരണങ്ങള്‍ വിലയിരുത്തി മറ്റു സ്ഥലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ്‌ ഗൂഗിള്‍ ലക്ഷ്യമിടുന്നത്‌. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ ഗൂഗിളിന്‌ സാധ്യതകളുടെ പുതിയ ലോകം തുറന്നിടും. മൊബൈല്‍ സര്‍വീസ്‌ പ്രൊവൈഡര്‍മാരുമായി ഇതില്‍നിന്നുള്ള വരുമാനം കമ്പനി എങ്ങനെ പങ്കുവയ്‌ക്കുമെന്നത്‌ ഇതുവരെ വ്യക്തമല്ല.

ഗൂഗിളിനെപ്പറ്റി

വീണ്ടും അല്‌പം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുപേരെ അനുനിമിഷം കൂട്ടിയിണക്കുന്ന സങ്കേതങ്ങളുടെ കൂട്ടമാണ്‌ ഗൂഗിള്‍. സ്‌റ്റാന്‍ഫോഡിലെ ഗവേഷണ വിദ്യാര്‍ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന്‌ 1998ല്‍ തുടക്കമിട്ട കമ്പനി ഇന്ന്‌ മിക്ക ഇന്റര്‍നെറ്റ്‌ സങ്കേതങ്ങളുടെയും ആദ്യവാക്കാണ്‌; അവസാനത്തേതും. ആസ്ഥാനം സിലിക്കണ്‍ വാലി.

ഓഫ്‌ലൈന്

‍മൊബൈല്‍ എസ്‌എംഎസ്‌ കണ്ടുപിടിച്ചവനെ പഴയ എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റുകൊണ്ട്‌ എറിയാന്‍ തോന്നുന്ന സമയമുണ്ട്‌. എപ്പോഴാണെന്നല്ലേ- ചാനലുകളില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ പോലെ 'ചക്കരേ, കരളേ, വിശാലാക്ഷീ.., ഐ ലവ്‌ യൂ.. സ്വന്തം സുകുമാരേട്ടന്‍' എന്നമട്ടിലുള്ള മെസേജുകള്‍ കാണുമ്പോള്‍ത്തന്നെ. (വിയോജിപ്പുള്ളവര്‍ക്ക്‌ പ്രണയത്തിന്റെ തത്സമയ സംപ്രേഷണം സസന്തോഷം തുടരാം).

6 comments:

വി.ആര്‍. ഹരിപ്രസാദ് 16 ta’ Ottubru 2007 09:27  

google SMS

ജിം 16 ta’ Ottubru 2007 13:22  

പുതിയ അറിവ്.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| 16 ta’ Ottubru 2007 16:00  

this is good thing.. eventhough the beta version is not giving all the answers

Siju | സിജു 16 ta’ Ottubru 2007 21:23  

നന്ന്

വി.ആര്‍. ഹരിപ്രസാദ് 18 ta’ Ottubru 2007 07:22  

വായനാക്ഷമമാണെന്ന്‌
അറിയുന്നതില്‍
സന്തോഷം ജിം, ജിഹേഷ്‌, സിജു..

latheesh mohan 21 ta’ Ottubru 2007 21:17  

‍മൊബൈല്‍ എസ്‌എംഎസ്‌ കണ്ടുപിടിച്ചവനെ പഴയ എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റുകൊണ്ട്‌ എറിയാന്‍ തോന്നുന്ന സമയമുണ്ട്‌. എപ്പോഴാണെന്നല്ലേ- ചാനലുകളില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ പോലെ 'ചക്കരേ, കരളേ, വിശാലാക്ഷീ.., ഐ ലവ്‌ യൂ.. സ്വന്തം സുകുമാരേട്ടന്‍' എന്നമട്ടിലുള്ള മെസേജുകള്‍ കാണുമ്പോള്‍ത്തന്നെ....

public display of affection ennu kettittille?? athu thanneyaanu sambhavam :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP