Il-Ħamis, 11 ta’ Ottubru 2007

ഒരു കംപ്യൂട്ടര്‍സഹായം


ന്നുനില്‍ക്കൂ.. പാകമല്ലാതായ, അല്ലെങ്കില്‍ ഇനിയിതുവേണ്ട എന്നു തോന്നുന്ന ഒരുടുപ്പ്‌, ഇല്ലാത്തവര്‍ക്ക്‌ കൊടുത്തുനോക്കിയിട്ടുണ്ടോ? അവരതിന്റെ നേരിയ കീറലുകളൊക്കെ തുന്നിച്ചേര്‍ത്ത്‌, ഇസ്‌തിരിയിട്ടുമിനുക്കി ധരിച്ചുകാണുമ്പോള്‍ എന്താണ്‌ തോന്നാറ്‌?

പേരു കണ്ടെത്തിയിട്ടില്ലാത്ത ഒരനുഭവമാണു തോന്നുക പതിവെങ്കില്‍ അതും സ്‌നേഹംതന്നെയല്ലേ!!
പെന്റിയം കോര്‍ ഡ്യുവോ 15,000 രൂപയ്‌ക്ക്‌

രണ്ടുരണ്ടരക്കൊല്ലംമുമ്പ്‌ 512 എംബി റാമോടുകൂടിയ ഒരു പെന്റിയം 4, 2.4 ജിഗാഹേര്‍ട്‌സ്‌ കംപ്യൂട്ടറിന്‌ 28,000 മുതല്‍ 32,000 രൂപവരെ വിലവരുമായിരുന്നു. ഇന്ന്‌ ശരാശരി 15,000 രൂപയ്‌ക്ക്‌ പെന്റിയം കോര്‍ ഡ്യുവോ അല്ലെങ്കില്‍ പെന്റിയം ഡി 2.8 ജിഗാഹേര്‍ട്‌സ്‌ കംപ്യൂട്ടര്‍ ലഭിക്കും. പുതിയവയ്‌ക്ക്‌ അത്യന്തം വില കുറയുന്നു എന്നു സാരം.

ഹാര്‍ഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും അനുനിമിഷം ഉണ്ടാവുന്ന പുരോഗതി പുതിയകാര്യമല്ല. അതുകൊണ്ടുതന്നെ അങ്ങേയറ്റം മൂന്നുവര്‍ഷത്തിനിടയ്‌ക്ക്‌ സിസ്റ്റം അപ്‌ഗ്രേഡ്‌ ചെയ്യാന്‍ കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരുമാവുന്നു. പഴയത്‌ `ഇരുമ്പുവിലയ്‌ക്ക്‌' കൊടുത്ത്‌ പുതിയതുവാങ്ങുകയാണ്‌ പലരും പതിവ്‌.

പുതിയവയ്‌ക്ക്‌ നാം മുകളില്‍കണ്ടവിധം വിലയേ വരുന്നുള്ളൂവെന്നിരിക്കേ പഴയതിന്‌ എന്തുകിട്ടും? ഇരുമ്പുവില എന്ന പ്രയോഗം അപ്രസക്തമാവുന്നത്‌ അവിടെയാണ്‌. `സെല്‍ ഇറ്റ്‌ ഫോര്‍ പീനട്‌സ്‌' എന്നാണ്‌ പുതിയ പ്രയോഗം. കപ്പലണ്ടിക്കാശിനു കൊടുക്കുക എന്ന്‌ മൊഴിമാറ്റാം.

തുച്ഛമായ കാശേ കിട്ടൂ എന്നുകാണുമ്പോള്‍ പലരും പഴയ കംപ്യൂട്ടറുകള്‍ വില്‍ക്കാന്‍പോലും മിനക്കെടുന്നില്ല. വീടിന്റെ ഒരു മൂലയില്‍ വയ്‌ക്കുക അല്ലെങ്കില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലങ്ങളില്‍ നേരേകൊണ്ടുചെന്ന്‌ എറിഞ്ഞുകളയുക എന്നതാണ്‌ അവരുടെ രീതി. നമ്മുടെ രാജ്യത്തെയടക്കം സ്ഥിതിയാണിത്‌. അതോടെ ഇ-മാലിന്യം എന്ന അതിഭീമന്‍ പ്രശ്‌നത്തിന്റെ ഗൗരവം കൂടിവരുന്നത്‌ നാം നേരില്‍ക്കാണുന്നു.

വേണ്ടെങ്കില്‍ആവശ്യക്കാര്‍ക്ക്‌

പഴയ കംപ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ചവറ്റുകൂനയില്‍ തള്ളുന്നതിനു പകരം പുതിയൊരു രീതി പലരും ഇപ്പോള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്‌- അവ ആവശ്യക്കാര്‍ക്ക്‌ ദാനം ചെയ്യുക. പണമില്ലാത്തതുകൊണ്ടുമാത്രം കംപ്യൂട്ടര്‍ എന്താണെന്നറിയാത്ത, സമൂഹത്തിന്റെ താഴേത്തട്ടിലുള്ള കുട്ടികളും യുവാക്കളുമാണ്‌ ആ ആവശ്യക്കാര്‍. യഥാര്‍ഥത്തില്‍ മഹത്തായ ഒരു കാര്യം.

ഇന്ത്യയില്‍ നിരവധി സന്നദ്ധ സംഘടനകള്‍ ഈ രംഗത്ത്‌ മുന്നോട്ടുവന്നിട്ടുണ്ട്‌. `കംപ്യൂട്ടറുകള്‍ കുട്ടികളുടെ ഭാവനയെ വളര്‍ത്താന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്‌. വളരെ താഴ്‌ന്ന ജീവിതനിലവാരത്തിലുള്ള കുട്ടികള്‍ക്ക്‌ പഠനത്തോട്‌ ആഭിമുഖ്യമുണ്ടാക്കാനും അത്‌ സഹായിക്കും'- മുംബൈയിലെ ഇത്തരത്തിലുള്ള ഒരു സംഘടനയായ `പ്രഥമി'ലെ ഡോക്യുമെന്റേഷന്‍ ഇന്‍-ചാര്‍ജ്‌ അമിത ചൗരസ്യ പറയുന്നു. പ്രഥം (http://www.pratham.org/) കൈപിടിച്ചുവളര്‍ത്തുന്ന കുട്ടികള്‍ക്ക്‌ ഇന്ന്‌ കംപ്യൂട്ടര്‍ കളിക്കൂട്ടുകാരനും അധ്യാപകനുമാണ്‌. പ്രഥമിനെപ്പോലെ യുണൈറ്റഡ്‌ വേ ഒഫ്‌ മുംബൈ (http://www.unitedwaymumbai.org/), ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ (http://www.childlineindia.org.in/), ആരംഭ്‌ (http://www.aarambh.org/), ഹമാരാ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളും കുട്ടികള്‍ക്ക്‌ കംപ്യൂട്ടറുകള്‍ ലഭ്യമാക്കുന്നുണ്ട്‌. ഈ സംഘനകള്‍ക്ക്‌ കംപ്യൂട്ടറുകളും മറ്റു സഹായങ്ങളും ലഭ്യമാക്കാന്‍ പലരും മുന്നോട്ടുവരുന്നു എന്നത്‌ ശുഭസൂചകം.

യൂണിസെഫിന്റെ സഹായത്തോടെ 1994-ല്‍ രൂപമെടുത്ത പ്രഥം ഇന്ന്‌ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി പത്തുലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക്‌ പഠനസഹായമെത്തിക്കുന്നു. അവരില്‍ കാല്‍ലക്ഷത്തോളംപേര്‍ക്കാണ്‌ കംപ്യൂട്ടര്‍ അസിസ്റ്റഡ്‌ ലേണിംഗ്‌ സൗകര്യമുള്ളത്‌. സ്‌കൂളുകളിലും ചേരിപ്രദേശങ്ങളിലെ സാമൂഹ്യക്ഷേമ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക്‌ കംപ്യൂട്ടറിന്റെ സഹായത്തോടെ അറിവുപകരുന്ന രീതിയാണിത്‌. പ്രാദേശിക ഭാഷകളില്‍ ഗണിതവും ഭാഷയും പഠിപ്പിക്കാന്‍ ഉതകുന്ന ഗെയിമുകള്‍ നിര്‍മിക്കാന്‍ പ്രഥമിന്‌ ഒരു സോഫ്‌റ്റ്‌വെയര്‍ ടീം ഉണ്ട്‌. കുട്ടികള്‍ ഈ ഗെയിമുകളിലൂടെ കാര്യങ്ങള്‍ ആസ്വദിച്ചു പഠിക്കുകയാണ്‌ ചെയ്യുന്നത്‌.

ബൈംഗണ്‍വാഡികംപ്യൂട്ടര്‍ സെന്റര്‍

മുംബൈയിലെ പടുകൂറ്റന്‍ ചവറുകൂനകളിലൊന്ന്‌ ബൈംഗണ്‍വാഡി എന്ന സ്ഥലത്താണ്‌. പതിനായിരക്കണക്കിനു ടണ്‍ മാലിന്യങ്ങളാണ്‌ ദിനംപ്രതി അവിടെയെത്തുന്നത്‌. നിരവധി കുട്ടികള്‍ക്ക്‌ സ്വന്തം വീടുപോലെയാണ്‌ അവിടം. ആ കുട്ടികളെ സാധാരണ ജീവിതം പഠിപ്പിക്കുക- അവര്‍ക്ക്‌ കളിക്കുക, കുളിക്കുക, പഠിക്കുക തുടങ്ങിയ കാര്യങ്ങള്‍ എന്താണെന്ന തിരിച്ചറിവുണ്ടാക്കുക എന്ന ദൗത്യവും പ്രഥം ഏറ്റെടുത്തിട്ടുണ്ട്‌. കംപ്യൂട്ടറുകളും ഇന്ററാക്‌ടീവ്‌ പഠനസംവിധാനങ്ങളും കുട്ടികള്‍ക്ക്‌ പുതിയൊരു ലോകം തുറന്നുകൊടുത്തിരിക്കുകയാണ്‌ ഇപ്പോള്‍ അവിടെ.ഗണിതശാസ്‌ത്രവും ഭാഷയുമൊക്കെ ഗെയിമുകളിലൂടെയാണ്‌ അവര്‍ പഠിക്കുന്നത്‌. യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള അവരുടെ താത്‌പര്യവും മിടുക്കും ഇതുവഴി വെളിച്ചത്തുവരികയും ചെയ്‌തു. പ്രത്യേകമായി രൂപകല്‌പനചെയ്‌ത നാലു കംപ്യൂട്ടറുകളാണ്‌ ബൈംഗണ്‍വാഡിയിലേക്ക്‌ ഐബിഎം സംഭാവനചെയ്‌തിരിക്കുന്നത്‌.

മുംബൈ മുനിസിപ്പല്‍ സ്‌കൂളുകളില്‍ 10 സിസ്റ്റംസ്‌ വീതമുള്ള 13 കംപ്യൂട്ടര്‍ സെന്ററുകളും ഡല്‍ഹി മുനിസിപ്പല്‍ സ്‌കൂളുകളില്‍ ആറു പി.സികള്‍ വീതമുള്ള മൂന്നു സെന്ററുകളും പ്രഥമിനുണ്ട്‌. നന്നായി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുടെ കടുത്ത ക്ഷാമം തങ്ങള്‍ക്കുണ്ടെന്ന്‌ പ്രഥമിന്റെ സാരഥികള്‍ പറയുന്നു.

മേല്‍പ്പറഞ്ഞ എന്‍.ജി.ഒകള്‍ക്ക്‌ കംപ്യൂട്ടറുകള്‍ സംഭാവനചെയ്യാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അതതു വെബ്‌സൈറ്റുകളില്‍ സൗകര്യമുണ്ട്‌. അവര്‍ പ്രാദേശിക ഓഫീസുകള്‍വഴി നിങ്ങള്‍ പറയുന്ന സ്ഥലത്തെത്തി സിസ്റ്റംസ്‌ ഏറ്റുവാങ്ങുകയും ചെയ്യും.

വിന്‍ഡോസ്‌ 98-ഓ എക്‌സ്‌പിയോ പോലെ പ്രവര്‍ത്തനക്ഷമമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റമുള്ള കംപ്യൂട്ടറുകളേ സംഭാവന ചെയ്യാവൂ എന്ന്‌ അവര്‍ക്ക്‌ അപേക്ഷയുണ്ട്‌. റിപ്പയറിംഗ്‌ ആവശ്യമുള്ള പി.സികള്‍ നല്‍കി അവര്‍ക്ക്‌ ഭാരമുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കണം. അതുപോലെ തങ്ങള്‍ കംപ്യൂട്ടര്‍ പാര്‍ട്‌സ്‌ സ്വീകരിക്കാറില്ലെന്നും സംഘടനകള്‍ പറയുന്നു. ബാക്കി പാര്‍ട്‌സ്‌ സംഘടിപ്പിച്ച്‌ ഒരു കംപ്യൂട്ടറാക്കുക എന്നത്‌ അവര്‍ക്ക്‌ കൂടുതല്‍ ശ്രമകരമാവും.

ഒരു പഴയ കംപ്യൂട്ടര്‍ സംഭാവനചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്‌ അതുപയോഗിക്കുന്നതു ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ, ഒന്നുറപ്പിക്കാം, അത്‌ എവിടെയെങ്കിലും ആരുടെയെങ്കിലും ജീവിതം അല്‌പമെങ്കിലും നല്ലരീതിയില്‍ മാറ്റുന്നുണ്ടാവുമെന്ന്‌.

ഓഫ്‌ലൈന്‍

ദശലക്ഷക്കണക്കിനു ഡോളറുകളുടെ ലാഭത്തിനുപുറത്താണ്‌ ഗൂഗിളിന്റെ ഇരിപ്പെന്ന്‌ നമുക്കെല്ലാം അറിയാം. പക്ഷേ, എന്താണെന്നറിയില്ല, കഴിഞ്ഞദിവസം ആഡ്‌സെന്‍സ്‌ പ്രതിഫലമായി ഒരു ബ്ലോഗെഴുത്തുകാരന്‌ ഗൂഗിള്‍ നല്‍കിയ ചെക്ക്‌ ബാങ്കുകാര്‍ നിഷ്‌കരുണം മടക്കിയത്രേ.

സംഭവം ബ്ലോഗര്‍ നാടന്‍പാട്ടാക്കുകയും മടങ്ങിയ ചെക്ക്‌ ചില്ലിട്ടുവയ്‌ക്കുകയും ചെയ്‌തു എന്നാണ്‌ റിപ്പോര്‍ട്ട്‌.

2 comments:

വി.ആര്‍. ഹരിപ്രസാദ് 11 ta’ Ottubru 2007 12:26  

donate your old pc..

latheesh mohan 21 ta’ Ottubru 2007 21:15  

പാകമല്ലാതായ, അല്ലെങ്കില്‍ ഇനിയിതുവേണ്ട എന്നു തോന്നുന്ന ഒരുടുപ്പ്‌, ഇല്ലാത്തവര്‍ക്ക്‌ കൊടുത്തുനോക്കിയിട്ടുണ്ടോ?

kavitha..orginal kavitha..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP