L-Erbgħa, 10 ta’ Ottubru 2007

ഭാഷയുടെ സാമൂഹ്യപാഠം


ന്റെ പേര്‌ ക്വിന്‍ കാവോ. ഞാന്‍ ചൈനക്കാരനാണ്‌. എനിക്ക്‌ ചൈനീസ്‌ ഭക്ഷണവും സംഗീതവും വലിയ ഇഷ്ടമാണ്‌. 1990ല്‍ ഞാന്‍ അമേരിക്കയിലേക്ക്‌ വന്നു. ഇവിടെ വിദ്യാഭ്യാസത്തില്‍ ഡോക്ടേഴ്‌സ്‌ ബിരുദം നേടി. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി ഞാന്‍ വിവിധ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നു.

** *** ***

ഹായ്‌, ഞാന്‍ എറിക്‌ ആന്‍സ്‌പാഷ്‌, നിങ്ങളുടെ ഫ്രഞ്ച്‌ ട്യൂട്ടര്‍. എന്നോട്‌ സംസാരിക്കാനോ സംശയങ്ങള്‍ ചോദിക്കാനോ ഒട്ടും മടിക്കണ്ട. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുക. ഞാന്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുന്നു- ഓണ്‍ലൈനില്‍!

നട്ടുച്ചയ്‌ക്ക്‌ ചാനലുകളില്‍ കാണുന്ന ടെലി ബ്രാന്‍ഡ്‌ ഷോയില്‍നിന്നുള്ള ഡയലോഗുകളാണെന്നു വിചാരിച്ചാല്‍ തെറ്റി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ അല്‌പം കാര്യത്തിലേക്കുകടക്കുന്നതിന്റെ ശബ്ദമാണ്‌ മുകളില്‍ക്കേട്ടത്‌.


ഭാഷാ മാഷന്മാര്‍ഇന്റര്‍നെറ്റില്

‍ഫേസ്‌ബുക്ക്‌, മൈസ്‌പേസ്‌, ഓര്‍ക്കുട്ട്‌ തുടങ്ങിയ കൂട്ടുകൂടല്‍ സൈറ്റുകള്‍ വഴി ദിവസേന ലക്ഷക്കണക്കിനുപേര്‍ കണ്ടുമുട്ടുന്നുണ്ട്‌. പല തരക്കാര്‍, ദേശക്കാര്‍, ഭാഷക്കാര്‍, പ്രായക്കാര്‍... പലരുംതമ്മില്‍ നല്ല സൗഹൃദത്തിന്‌ സൈറ്റുകള്‍ വഴിയൊരുക്കുന്നുമുണ്ട്‌. കൂട്ടാവാന്‍ ഭാഷ അത്രയ്‌ക്കൊന്നും തടസ്സമാവാറില്ല, ഇംഗ്ലീഷിന്റെ സഹായമുള്ളതിനാല്‍. എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ ഒരു വലിയ സാധ്യത അന്വേഷിക്കുകയാണ്‌ ലൈവ്‌മോച്ച (http://www.livemocha.com) എന്ന സൈറ്റ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ മുഴുവന്‍ ശക്തിയും സാധ്യതയും ആഗോള ഭാഷാപഠനത്തിന്‌ ഉപയോഗപ്പെടുത്താനാണ്‌ ഈ സൈറ്റുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ലൈവ്‌ മോച്ചയിലെ രണ്ട്‌ അധ്യാപകരാണ്‌ (ഫ്രെന്‍ഡ്‌സ്‌ തന്നെ) നാം നേരത്തേ പരിചയപ്പെട്ട ക്വിനും എറികും.

സിഇഒ ശിരിഷ്‌ നട്‌കര്‍ണിക്കു പറയാനുള്ളത്‌ കേള്‍ക്കുക: 'എന്റെ മക്കള്‍ക്ക്‌ സ്‌പാനിഷ്‌ ഭാഷയൊക്കെ അറിയാം. എന്നാല്‍ അവര്‍ക്ക്‌ അതില്‍ സംസാരിക്കാന്‍ പറ്റില്ല. അങ്ങനെയുള്ളവരെ സഹായിക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യം'. നേരത്തേ ഉപഭാഷയായി പഠിച്ച ഇംഗ്ലീഷ്‌ തനിക്കുമുന്നില്‍ തുറന്നിട്ട സാധ്യതകളുടെ ലോകം ശിരിഷിനെ വിവിധ ഭാഷകള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിച്ചു.


ബ്രൗസര്‍ഭാഷണങ്ങള്‍

കൂട്ടുകാരുമായുള്ള സംഭാഷണങ്ങളിലൂടെ ലോകഭാഷകള്‍ പരിചയപ്പെടുത്തുകയാണ്‌ ലൈവ്‌ മോച്ച ചെയ്യുന്നത്‌. ബ്രൗസര്‍ അധിഷ്‌ഠിതമാണ്‌ എല്ലാ കാര്യങ്ങളും (ഡൗണ്‍ലോഡിന്റെ ഇടപാടുവേണ്ട). ലോകഭാഷകള്‍ പഠിക്കാന്‍ ഇന്ററാക്ടീവ്‌ സി.ഡി റോമുകള്‍ ആവശ്യത്തിനു ലഭ്യമാണെങ്കിലും ലൈവ്‌ മോച്ചയോളം ആക്ടീവാവില്ല ഒന്നും എന്ന്‌ സംഗതി പരീക്ഷിച്ചവര്‍ പറയുന്നു.

സൈറ്റിലെ സെര്‍ച്ച്‌ ഫങ്‌ഷന്‍ ഉപയോഗപ്പെടുത്തി നമുക്കാവശ്യമായ ഭാഷ സംസാരിക്കുന്നവരെ കണ്ടെത്തുകയാണ്‌ ആദ്യപടി. വര്‍ത്തമാനത്തിനുള്ള മാതൃകകളും നിര്‍ദേശങ്ങളും ഉച്ചാരണ പരിശീലനങ്ങളുമൊക്കെ പിന്നാലെ വരും. ടൈപ്പിംഗ്‌, മൈക്ക്‌, വെബ്‌കാമറ എന്നിവയൊക്കെ ഉപയോഗിച്ച്‌ സംഭാഷണമാവാം.

പുതിയൊരു ഭാഷ പഠിക്കുന്നതിനേക്കാള്‍ നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന്‌ മുന്‍തൂക്കം നല്‍കലാണ്‌ ശിരിഷ്‌ ഉദ്ദേശിക്കുന്നത്‌. നമ്മുടെ വ്യാകരണം, ശൈലികള്‍, ഭാഷാഭേദം എന്നിവയൊക്കെ പറഞ്ഞ്‌ മറ്റുള്ളവരെ അതിനോടു പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധി വിദഗ്‌ധര്‍ തുറന്ന മനസ്സുമായി സൈറ്റിനു പിന്നിലുണ്ടാവും. സംശയങ്ങള്‍ ചോദിച്ചാല്‍ ഉത്തരം റെഡി. സഹായത്തിന്‌ ചിത്രങ്ങളും ശബ്ദങ്ങളും ടെക്‌സ്റ്റുമൊക്കെയുണ്ടാവും. ഒരു സി.ഡി റോം നല്‍കുന്നതിനേക്കാള്‍ തികച്ചും സൃഷ്ടിപരമായ ഇടപെടല്‍.സൈറ്റിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ മുഖം ഭാഷാ പഠനത്തെ കൂടുതല്‍ സജീവമാക്കി നിര്‍ത്തുമെന്നും ശിരിഷ്‌ പ്രതീക്ഷിക്കുന്നു. സൈറ്റില്‍ ചേരുന്നവര്‍ക്ക്‌ അംഗങ്ങളുടെ പ്രൊഫൈല്‍ നോക്കി വിശദാംശങ്ങള്‍ അറിയാം. ഏതൊക്കെ ഭാഷകള്‍ കൈകാര്യംചെയ്യുന്നു, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ എത്രമാത്രം തത്‌പരനാണ്‌ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി സ്റ്റഡി പാര്‍ട്‌ണര്‍മാരുടെ ഒരു ലിസ്റ്റുണ്ടാക്കിയാല്‍ പഠനം കൂടുതല്‍ രസകരമാവും. ഓര്‍ക്കുട്ടിലേതുപോലെ സമാനസ്വഭാവമുള്ളവരുടെ കമ്മ്യൂണിറ്റികളുമുണ്ടാക്കാം.


പരീക്ഷണംകഴിഞ്ഞാല്‍ കാശ്‌

അടുത്തകൊല്ലത്തിന്റെ തുടക്കംവരെ ലൈവ്‌ മോച്ച പരീക്ഷണാടിസ്ഥാനത്തില്‍ തുടരുമെന്ന്‌ ശിരിഷ്‌ നട്‌കര്‍ണി പറയുന്നു. അതോടെ നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കും. ഇപ്പോള്‍ നല്‍കുന്ന ഇംഗ്ലീഷ്‌, ഹിന്ദി, ചൈനീസ്‌, സ്‌പാനിഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍ എന്നിവയ്‌ക്കു പുറമേ 25 ഭാഷകള്‍കൂടി സൈറ്റ്‌ കൈകാര്യംചെയ്യും. ഫേസ്‌ബുക്ക്‌ (http://www.facebook.com/), ഹൈ5 (http://www.hi5.com) എന്നീ നെറ്റ്‌വര്‍ക്കുകളോടൊപ്പം കൂട്ടിയിണക്കാവുന്ന ആപ്ലിക്കേഷനുകളും പുറത്തിറക്കും. ലാറ്റിനമേരിക്കയില്‍ ഏറെ ജനപ്രിയമായ ഹൈ5-നോടൊപ്പം കൂട്ടിയിണക്കുന്നത്‌ കൂടുതല്‍പേരെ സൈറ്റിലേക്ക്‌ ആകര്‍ഷിക്കുമെന്ന്‌ കരുതുന്നു. വിദ്യാര്‍ഥികള്‍ക്കായി ഒരു ക്ലോസ്‌ഡ്‌ നെറ്റ്‌്‌വര്‍ക്ക്‌ തുടങ്ങാനും പദ്ധതിയുണ്ട്‌.

പണംവരാനും വാരാനും ശിരിഷ്‌ നിരവധി വഴികള്‍ പ്രതീക്ഷിക്കുന്നു. പരീക്ഷണകാലം കഴിഞ്ഞാല്‍ പ്രതിമാസം പത്തുമുതല്‍ ഇരുപതുവരെ ഡോളര്‍ വരിസംഖ്യ ഈടാക്കി ഒരു പ്രത്യേക വിഭാഗം ലൈവ്‌ മോച്ചയില്‍ പ്രത്യക്ഷപ്പെടും (കുറച്ചൊക്കെ സേവനം സൗജന്യമായി തുടരുമെങ്കിലും).

എന്തായാലും നിലവില്‍ കിട്ടുന്ന പ്രതികരണങ്ങള്‍ ശിരിഷിന്‌ ആശാവഹമാണ്‌. ഗെയില്‍ കീച്ച്‌ എന്ന ജര്‍മന്‍കാരി ചൈനീസ്‌ പഠിച്ചുതുടങ്ങിയതിന്റെ ത്രില്ലിലാണ്‌. 'ഇംഗ്ലീഷ്‌ പഠിക്കണമെന്ന താത്‌പര്യത്തോടെ നിരവധി ചൈനക്കാര്‍ എന്നോട്‌ ചാറ്റ്‌ ചെയ്യാറുണ്ട്‌. ചൈനീസ്‌്‌ പഠിക്കാനുള്ള ഇതിലും നല്ലൊരവസരം വരാനില്ലെന്ന്‌ ഞാനും കരുതി. ഇപ്പോള്‍ ചൈനയിലെ ഏകസന്താന നയം തുടങ്ങി ഞങ്ങളുടെ അന്താരാഷ്ട്ര ഫുട്‌ബോളിനെക്കുറിച്ചുവരെ ചര്‍ച്ചചെയ്യുന്നു'.


ഓഫ്‌ലൈന്

‍ചെവിയിലേക്ക്‌ ഇടിവെട്ടുകൊണ്ടുവരുന്ന ഐപോഡുകളെപ്പറ്റി മുമ്പൊരിക്കല്‍ കേട്ടതാണ്‌. അറ്റ്‌ലാന്റയില്‍ കഴിഞ്ഞദിവസം ഒരാള്‍ക്ക്‌ പറ്റിയത്‌ അല്‌പം കടന്നുപോയി- പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന ഐപോഡ്‌ നാനോയ്‌ക്ക്‌ തനിയെ തീപിടിച്ചു.മിനിയാന്ന്‌ ഒരു ബ്ലോഗിനു വന്ന തലക്കെട്ട്‌ ഇപ്രകാരം- പൊതുജന താത്‌പര്യാര്‍ഥം പ്രസിദ്ധീകരിക്കുന്നത്‌: കീശയില്‍ നാനോ ഇടുന്നത്‌ തീയിടുന്നതിനു സമം.

2 comments:

വി.ആര്‍. ഹരിപ്രസാദ് 10 ta’ Ottubru 2007 12:53  

learning languages made easy..

Sul | സുല്‍ 10 ta’ Ottubru 2007 13:28  

ഹരീ
ലേഖനം വിജ്ഞാനപ്രദം.

-സുല്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP