`ചരിത്ര രേഖകള്‍', ഗൂഗിള്‍ സ്വകാര്യങ്ങള്‍
`ഗോഡ് ഈസ് ലവ്'
23-2-84പ്രകാശന്‍,
തലശേരികണ്ണൂര്‍.
ഫോണ്‍: ------
(ഇത് മലമ്പുഴ ഡാമിലെ ചവിട്ടുപടികളിലൊന്നിന്റെ കുത്തനെയുള്ള വശത്ത് കരിക്കഷണം കൊണ്ടെഴുതിയത്).
`എന്നെ കള്ളുഷാപ്പില്‍ കൊടുക്കരുത്.. പ്ലീസ്- ബൈ അജയന്‍, തിരൂര്‍.
(പഴയ ഇരുപതുരൂപ നോട്ടില്‍ വെള്ളനിറമുള്ളിടത്ത് പടര്‍ന്ന നീലമഷികൊണ്ടെഴുതിയത്).
`ഐ ലൗ യൂ സരിത'
ജിജീഷ്, മാവേലിക്കര
984..... ഇ-മെയില്‍: ........
(പരശുറാം എക്‌സ്‌പ്രസിന്റെ സീറ്റിനുമുകളിലെ മിനുസമുള്ള സ്ഥലത്ത് ഒരു ബോള്‍പോയിന്റ് പേന അപ്പാടെ നശിപ്പിച്ചെഴുതിയത്).
പേരുകള്‍ സാങ്കല്‌പികം.
കുറേയൊക്കെ വിവരക്കേടാണെങ്കിലും, ആരെങ്കിലും വായിച്ചാലും വലിയ കുഴപ്പമില്ലാത്ത വിവരങ്ങള്‍. ഇതിലും വലിയ കണ്ടെത്തലുകളും സ്വപ്‌നങ്ങളും അനുഭവങ്ങളുമൊക്കെ കാണാം ചുവരെഴുത്തുകളായി.കറങ്ങിത്തിരിഞ്ഞൊരുദിവസം വീണ്ടുമവ വായിക്കുമ്പോള്‍ എഴുതിയവര്‍ക്ക് വലിയ സന്തോഷമാവും: `കണ്ടോടാ, ഞാന്‍ അന്ന് വന്നതിന്റെ ഓര്‍മയ്‌ക്ക് എഴുതിയതാ!!..
'എന്നാല്‍ എല്ലാ വിവരങ്ങളും, രേഖപ്പെടുത്തലുകളും അങ്ങനെയാണോ?
ഗൂഗിളില്‍ നിങ്ങള്‍?
എന്തിന്.., എപ്പോള്‍?
1984 ഫെബ്രുവരി 23ന് തലശേരിക്കാരന്‍ പ്രകാശന്‍ മലമ്പുഴ ഡാം കാണാന്‍പോയി എന്ന വിവരം കരിക്കട്ടകൊണ്ട് എഴുതിവച്ചത് അവിടെയിരിക്കട്ടെ. വിവരം സാങ്കേതികവുമായതോടെ വേറൊരു രേഖപ്പെടുത്തല്‍കൂടി മനസ്സിലാക്കണം. അതിപ്രകാരം:
പ്രശസ്‌തമായ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ നിങ്ങള്‍ ഒരു കാര്യം തെരയുന്നു. മെര്‍ലിന്‍ മണ്‍റോയുടെ പടം ഉള്‍പ്പെടെ എന്തുമാവട്ടെ, ഗൂഗിള്‍ ആ വിവരം ശേഖരിച്ചുവയ്‌ക്കുന്നു; നിങ്ങള്‍ ആര്, നിങ്ങള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ ഈ ലോകത്ത് എവിടെയിരിക്കുന്നു, തീയതി, സമയം എന്നിവടക്കം ഏതാണ്ടു രണ്ടുകൊല്ലംവരെ.
കഴിഞ്ഞമാസം അമേരിക്കയില്‍മാത്രം 38 ലക്ഷം തെരച്ചിലുകളാണ് ഗൂഗിള്‍ കൈകാര്യംചെയ്‌തത്. മൊത്തം സെര്‍ച്ച് ട്രാഫിക്കിന്റെ 55 ശതമാനംവരും അത്. ഇതില്‍ ഓരോ സെര്‍ച്ചിന്റെയും വിശദാംശങ്ങളാണ് ഗൂഗിള്‍ ശേഖരിച്ചുവയ്‌ക്കുന്നത്. ഇത്രവലിയ ഡാറ്റാ ശേഖരം കമ്പനി എങ്ങനെ മാനേജ് ചെയ്യുന്നു എന്നത് സ്വാഭാവികമായ സംശയം; എന്തിനുപയോഗിക്കുന്നു എന്നതും. അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ ദീര്‍ഘകാലയളവില്‍ ശേഖരിച്ചുവയ്‌ക്കുന്നതിനെ താക്കീതുചെയ്‌ത് ഗൂഗിളിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് 27 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഡാറ്റാ പ്രൊട്ടക്‌ഷന്‍ ഉദ്യോഗസ്ഥര്‍.
വിവരങ്ങള്‍ എന്തിന് രണ്ടുവര്‍ഷത്തേക്ക് സൂക്ഷിക്കുന്നു, അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവയുടെ സുരക്ഷിതത്വത്തിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് ഈ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിനോടു ചോദിക്കുന്നത്. യൂറോപ്യന്‍ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്‌സ് കമ്മീഷണര്‍ ഫ്രാങ്കോ ഫ്രറ്റിനി ഇവയെ നീതിപൂര്‍വകമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.
പേഴ്‌സണല്‍
സെര്‍ച്ച്‌ലൈറ്റ്
ഗൂഗിളിന്റെ ഗ്ലോബല്‍ പ്രൈവസി ചീഫ് പീറ്റര്‍ ഫ്‌ളീഷര്‍ അടുത്തയിടെ ഒരു പ്രസന്റേഷന്‍ നടത്തി. എങ്ങനെയാണ് പേഴ്‌സണല്‍ സെര്‍ച്ച് പ്രവര്‍ത്തിക്കുന്നത് എന്നു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സെര്‍ച്ചിനേക്കാള്‍ മുന്നോക്കംനില്‍ക്കുന്ന ഇത് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് ഒരു ലോഗിന്‍ നെയിമും പാസ്സ്‌വേഡും വേണം. ഈ രീതിയില്‍ ഒരിക്കല്‍ സെര്‍ച്ച് നടത്തിക്കഴിഞ്ഞാല്‍ പിന്നീടുള്ള അവസരങ്ങളില്‍ എന്‍ജിന്‍ സെര്‍ച്ച് ഹിസ്റ്ററികൂടി കണക്കിലെടുത്തേ ഫലം നല്‍കൂ. അതേ സമയം പേഴ്‌സണലൈസ്‌ഡ് സെര്‍ച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്‍കാല തെരച്ചില്‍ ചരിത്രം ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാവും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ഇതെന്നായിരുന്നു ഫ്‌ളീഷറുടെ പക്ഷം.
അതേസമയം എല്ലാ സെര്‍ച്ചിനെയും കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിളിന്റെ പക്കല്‍ ഉണ്ടായിരിക്കും. `പക്ഷേ, അതിലേക്കുള്ള ലിങ്ക് ഒരാള്‍ക്കും കിട്ടില്ല'- ഫ്‌ളീഷര്‍ ഉറപ്പുനല്‍കുന്നു.പലതരം ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ കയറുന്നവരുടെ പേര്, വിലാസം, വയസ്, മതം, ലിംഗം തുടങ്ങിയ വിവരങ്ങള്‍ പലരീതിയില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാമെന്ന ആശങ്ക എന്നിട്ടും തുടരുന്നു. വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ സ്വതന്ത്രമായി നല്‍കിയാല്‍ സ്വകാര്യത ഇല്ലാതാവുമെന്നതുതന്നെ അടിസ്ഥാനപരമായ കാര്യം.
എന്താവും
ഗൂഗിള്‍ മറുപടി?
വരുന്ന 19-ാം തീയതിയോടെ യൂറോപ്യന്‍ സംഘത്തിന് മറുപടി നല്‍കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ഉപയോക്താക്കള്‍ക്കുവേണ്ടിത്തന്നെയാണ് അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. തുടക്കത്തില്‍ ഹാക്കിംഗ് ഒഴിവാക്കാനും കുട്ടികളെ കരുവാക്കിയുള്ള അശ്ലീലം തടയാനുമാണ് വിവരശേഖരണം നടത്തിയിരുന്നത്. കബളിപ്പിക്കപ്പെടല്‍, ദുരുപയോഗം എന്നിവ തടയലും സര്‍വീസുകള്‍ മെച്ചപ്പെടുത്തലുമാണ് ലക്ഷ്യമിടുന്നത്. സെര്‍ച്ചുകളില്‍ സ്‌പെല്‍ചെക്ക് ഏര്‍പ്പെടുത്തുകവഴി മെച്ചപ്പെട്ട സേവനം നല്‍കാനാവുന്നെന്നാണ് ഗൂഗിളിന്റെ പക്ഷം. സ്‌പല്‍ ചെക്കിന് സെര്‍ച്ച് ഹിസ്റ്ററി ഏറെ സഹായകരമാണ്.
നിശ്ചിത സമയം കഴിയുന്നതോടെ സെര്‍ച്ചുകള്‍ അനോണിമസ് (ഉപയോക്താവ് ആരെന്നറിയാത്തത്) ആക്കാനും അവര്‍ ഉദ്ദേശിക്കുന്നു. അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രൈവസി അഡ്വക്കേറ്റുമാരുമാരോട് ഇതിനായി ഉപദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുയാണ് ഗൂഗിള്‍ ഇപ്പോള്‍.ഓണ്‍ലൈന്‍ പരസ്യക്കമ്പനിയായ ഡബിള്‍ക്ലിക്കിനെ ഏറ്റെടുക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ഉപഭോക്തൃ വിവരശേഖരം ഗൂഗിളിനു സ്വന്തമാവും. ഇതിനെ ആശങ്കയോടെ കാണുന്ന വിഭാഗം പരാതികള്‍നല്‍കി കാത്തിരിക്കുകയുമാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യക്കാരെപ്പോലുള്ള മൂന്നാമതൊരാള്‍ക്ക് ചോര്‍ത്തിക്കൊടുക്കുമോ എന്നാണ് ആശങ്ക- വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്ന് കമ്പനി ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും. സ്വയം സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമാണ് വിവരശേഖരണം എന്ന് ഫ്‌ളീഷര്‍ വീണ്ടും റോയിട്ടേഴ്‌സിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.
മുഖ്യ എതിരാളികളായ യാഹൂവിനോടും മൈക്രോസോഫ്‌റ്റിനോടും അവരുടെ വിവരശേഖരണത്തെക്കുറിച്ച് വിശദീകരണം വേണമെന്ന് ആവശ്യപ്പെടാനും ഫ്‌ളീഷര്‍ മറക്കുന്നില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയിരിക്കെ, നോളന്‍ബെര്‍ഗര്‍ കാപ്പിറ്റല്‍ ഫൗണ്ടേഷനിലെ സീനിയര്‍ അനലിസ്റ്റായ ടോഡ് ഗ്രീന്‍വാള്‍ഡിന്റെ നിരീക്ഷണം ശ്രദ്ധേയം: ഒരു സൗജന്യസേവനം കിട്ടുമെന്നിരിക്കെ, ആളുകള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് സ്വകാര്യത അല്‌പമൊന്ന് കച്ചവടംചെയ്യാന്‍ ഒരുങ്ങുന്നത്. സത്യം! നെറ്റിസണ്‍മാര്‍ക്കു നന്നായറിയാം ഭീമന്‍ കമ്പനികളുടെ വിവരശേഖരത്തെയും `സ്വന്തം സ്വകാര്യ'ത്തില്‍ തങ്ങള്‍ക്കുള്ള നിയന്ത്രണത്തെയും കുറിച്ച്...
ഓഫ്‌ലൈന്‍
ഇ-സിഗരറ്റിനെക്കുറിച്ചറിഞ്ഞ ഒരു ഫിലോസഫറുടെ ഓണ്‍ലൈന്‍ പ്രതികരണം:
ഇ-സിഗരറ്റ്, ഇ-സ്‌മോക്ക്... കലക്കന്‍. ഇ-ഡ്രിങ്കിന് വല്ല സ്‌കോപ്പുമുണ്ടാവുമോ?
ഇല്ലെന്ന് പറയാന്‍വയ്യ.
4 comments:
rekhakal, swakaaryangal..
ഒരു ഇ-കമന്റ് ഇരിക്കട്ടെ
qw_er_ty
Hara haro hara...Enthokke kananam..??
ഇതു കലക്കനായിട്ടൂണ്ട്..
Post a Comment