വിധി എഴുതിച്ചത്...
കൃത്യം ഏഴുകൊല്ലം മുമ്പാണ്...ഒന്നു ശങ്കിച്ച് ആ കൊച്ചുവീടിന്റെ പടികടക്കുമ്പോള്‍ ലക്ഷ്‌മിക്കുട്ടി കരിയും ചാണകവും കൂട്ടി ഇറയം മെഴുകുകയായിരുന്നു. പണ്ട് പരത്തിയിട്ട മണലിലും തവിടിലും ഹരിഃശ്രീയെഴുതി ഒരുപാടൊരുപാട് ഉണ്ണികള്‍ അക്ഷരത്തിന്റെ നോവറിഞ്ഞിരുന്നത് അതേ ഇറയത്തുവച്ചാണ്. ചെന്നപ്പോള്‍ അവിടെ നോവു മാത്രമേയുള്ളൂ, അക്ഷരങ്ങളില്ല. ഇറയത്ത് രണ്ടു സ്‌ത്രീജന്മങ്ങളുടെ കഷ്ടനഷ്ടങ്ങളെ കാത്തു കാവല്‍ നില്‍പ്പുണ്ടായിരുന്നു വിധി.
തൃശൂരിലെ നന്തിക്കരയ്‌ക്കടുത്ത മുത്രത്തിക്കര പുന്നൂര്‍ കളരിക്കല്‍ വീടായിരുന്നു അത്. പണ്ട് അവിടമൊരു അക്ഷരക്കളരിയായിരുന്നു. മൂന്നുവയസ്സുള്ള കുരുന്നു മുതല്‍ ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള ചെറുബാല്യക്കാര്‍വരെ നിലത്തെഴുതി അക്ഷരത്തിന്റെ അഗ്നി ജ്വലിപ്പിച്ചിരുന്നത് അവിടെയാണ്. എഴുത്തുപഠിപ്പിച്ചിരുന്നത് ഗൃഹനാഥനായ മാനുകുട്ടനും ഭാര്യ കമലാക്ഷിയമ്മയും മക്കളായ ലക്ഷ്‌മിക്കുട്ടിയും സരസ്വതിയും.
കഥയും കാലവും മാറി, നിലത്തെഴുത്ത് പുതുതലമുറയ്‌ക്ക് അന്യമായ ഒരുനാളിലാണ് ഫോട്ടോഗ്രാഫര്‍ രാജേഷിനൊപ്പം (ഇപ്പോള്‍ മംഗളം, കൊച്ചി) അവിടെയെത്തുന്നത്. മാനുകുട്ടനും കമലാക്ഷിയമ്മയും അക്ഷരങ്ങളേയില്ലാത്ത ലോകത്തേക്കുപോയി. മകള്‍ ലക്ഷ്‌മിക്കുട്ടിക്ക് വയസ്സ് അറുപതിലേറെയായി. അനുജത്തി നാല്‌പത്താറുകാരി സരസ്വതിയാകട്ടെ വാതത്തിനു കീഴ്‌പ്പെട്ട് അകത്ത് ഇടുങ്ങിയ മുറിയിലെ ഇരുട്ടില്‍ ഒരേ കിടപ്പാണ്. അര്‍ഥബന്ധമില്ലാത്ത കുറേ അക്ഷരങ്ങളുടെ ഒരുവിലായിട്ട വലിയൊരു ചോദ്യചിഹ്നം പോലെ അവരുടെ ജീവിതം.
നൂറുകണക്കിനാളുകള്‍ ആ വീട്ടില്‍നിന്ന് അക്ഷരം പഠിച്ചിറങ്ങിയിട്ടുണ്ട്. അവരില്‍ പലരും വലിയ ഉദ്യോഗങ്ങളിലാണ്. ഒരേസമയം 25 കുട്ടികള്‍വരെ എഴുതിപ്പഠിക്കാന്‍ ഉണ്ടാവുമായിരുന്നെന്ന് ലക്ഷ്‌മിക്കുട്ടി പറഞ്ഞു. അവര്‍ക്ക് ഓര്‍മവച്ചനാള്‍ മുതല്‍ ആറേഴുകൊല്ലംമുമ്പുവരെ (2000-ത്തിനു ഏഴുകൊല്ലം മുമ്പുവരെ) എഴുതിപ്പഠിപ്പിക്കല്‍ തുടര്‍ന്നു. ഞങ്ങള്‍ക്ക് ഒരക്ഷരമെഴുതാറായാമതി എന്നുപറഞ്ഞ് എത്തുന്ന മുതിര്‍ന്നവരെയും എഴുതിക്കുമായിരുന്നു.
ഇറയത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ഇങ്ങനെ കുട്ടികള്‍ ഇരിക്കും. കുരുന്നുവിരലുകള്‍ വേദനിക്കാതിരിക്കാന്‍ മിനുത്ത തവിടിലേ എഴുതിക്കൂ. അല്ലാത്തവര്‍ക്ക് മണല്‍. ഹരിഃശ്രീതൊട്ട് അ മുതല്‍ അഃ വരെയും വള്ളിപുള്ളി ദീര്‍ഘവുമൊക്കെ എഴുതിക്കുമായിരുന്നു. പുതിയ ലിപി വന്നതോടെ അതും പഠിപ്പിച്ചു. അല്ലെങ്കില്‍ സ്‌കൂളില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ക്ക് വിഷമമാവൂല്ലോ എന്ന് ലക്ഷ്‌മിക്കുട്ടി. മൂന്നു രൂപയും ഇരുനാഴി അരിയുമാണ് അന്നൊക്കെ ഒരാളില്‍നിന്ന് ഒരുമാസത്തെ വരായ.
ലക്ഷ്‌മിക്കുട്ടിയെയും സരസ്വതിയേയും എഴുത്തുപഠിപ്പിച്ചത് അച്ഛന്‍ മാനുകുട്ടന്‍തന്നെയാണ്. മേല്‍നോട്ടത്തിന് അമ്മയും. അക്ഷരമൊക്കെ തിരിയാറായപ്പോള്‍ ഇതുവരെയും സ്‌കൂളില്‍വിട്ടു. ലക്ഷ്‌മിക്കുട്ടി നാലാംക്ലാസു കഴിഞ്ഞതോടെ പഠിപ്പുനിര്‍ത്തി. പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല. സരസ്വതി പക്ഷേ, പത്തുംകഴിഞ്ഞ് അഞ്ചുകൊല്ലംകൂടി പഠിച്ചു. തൃശൂരും ആലുവയുമൊക്കെപ്പോയി പരീക്ഷയെഴുതി ഹിന്ദി ഭൂഷണ്‍ പാസായി. ഒരു ക്ലാസിലും തോറ്റിട്ടില്ല അനിയത്തിയെന്ന് ലക്ഷ്‌മിക്കുട്ടിയുടെ സാക്ഷ്യം. എന്നാല്‍ ജോലി കിട്ടേണ്ട സമയമാവുമ്പോള്‍ എന്തോ ഒരു തടസം പോലെയായിരുന്നു- ലക്ഷ്‌മിക്കുട്ടി പറഞ്ഞു.
അച്ഛന് കുറേശ്ശെ ബാലവൈദ്യവും പ്രശ്‌നംവയ്‌പുമൊക്കെയുണ്ടായിരുന്നു. ഓലക്കെട്ടൊക്കെനോക്കി കുട്ടികളെ ചികിത്സിക്കും. അങ്ങനെയൊക്കെ ജീവിച്ചുപോകുമ്പോള്‍ അദ്ദേഹത്തിന് സുഖമില്ലാതായി. പിന്നെ കിടപ്പിലായി. വൈകാതെ മരിച്ചു. എഴുതിക്കല്‍ പിന്നെയും സജീവമായിരുന്നു. സരസ്വതി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍തുടങ്ങി. പത്തുവരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുമായിരുന്നു, എല്ലാ വിഷയങ്ങളും.
എഴുപത്തഞ്ചാം വയസ്സില്‍ അമ്മ കമലാക്ഷിയും മരിച്ചു. അതോടെ ചേച്ചിയും അനിയത്തിയും മാത്രമായി. വിവാഹമൊന്നും കഴിച്ചില്ലേയെന്നു ചോദിച്ചപ്പോള്‍ കുറച്ചുനേരം ലക്ഷ്‌മിക്കുട്ടി മിണ്ടാതിരുന്നു. പിന്നെ അതിന്റെ പിന്നിലെ കഥ പറഞ്ഞു.
ഭര്‍ത്താവ് ദിനേശന്‍ വലിയ കള്ളുകുടിക്കാരനായിരുന്നു. കണ്ടമാനം കാശിന് ചാരായംകുടിക്കും. പിന്നെ ശല്യം സഹിക്കാന്‍പറ്റാണ്ടായി. ഒരുദിവസം നാട്ടുകാരൊക്കെ കൂടി അയാളെ പറഞ്ഞയച്ചു. 'ഇയാളിനി ഇവിടെ വേണ്ട, താന്‍ പൊക്കോടോ' എന്നുപറഞ്ഞ് ഏമിച്ച് അയാളെ പറഞ്ഞയയ്‌ക്കുകയായിരുന്നു.
ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ''അയാളെ കാണുമ്പഴയ്‌ക്കും ഇനിക്ക് പേട്യായിരുന്നു. വെട്ടുകത്തികൊണ്ട് ഓങ്ങുന്നയാളെ പേട്യാവില്ലേ..'' -ലക്ഷ്‌മിക്കുട്ടി ചോദിച്ചു. മക്കളൊന്നും ഉണ്ടായതുമില്ല. ''ഒരെണ്ണണ്ടായിര്‌ന്നെങ്കില് ഇനിക്കൊരുഗ്ലാസ് വെള്ളമെടുത്തുതരാന്‍ ആളുണ്ടായേനെ.., അതിന് യോഗണ്ടായില്ല്യ..''
സരസ്വതിയുടെ വിവാഹബന്ധം രണ്ടുമാസമേ നീണ്ടുനിന്നുള്ളൂ.
അമ്മ പോയതോടെ അവരുടെ ജീവിതം ദുരിതമയമായിരുന്നു. സഹായത്തിന് ആരുമില്ല. ചെലവിന് കാശുമില്ല. വിധി വാതത്തിന്റെ രൂപത്തില്‍വന്ന് സരസ്വതിയെ കീഴ്‌പ്പെടുത്തിയതോടെ ട്യൂഷനെടുക്കലും നിന്നു. സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. എല്ലാറ്റിനും ലക്ഷ്‌മിക്കുട്ടിയുടെ കൈ എത്തണം.
ഒരുപാട് ചികിത്സയൊക്കെ നോക്കിയിട്ടും ഫലമൊന്നുമുണ്ടായില്ല.''കഴിഞ്ഞകൊല്ലം കുംഭമാസത്തില്, കുറുമാലിക്കാവിലെ ഭരണിനാളില്‍ ആയുര്‍വേദ ഡോക്ടറെ കൊണ്ടന്ന് കാട്ടി. മരുന്നൊക്കെ കൊടുത്തു. ബന്ധത്തില് ഒരാളാ സഹായിച്ചേ. എപ്പളും ഒരാളെ ബുദ്ധിമുട്ടിക്കാന്‍ പറ്റ്വോ...''- ലക്ഷ്‌മിക്കുട്ടി ചോദിച്ചു.
ഇങ്ങനെയൊക്കെ ആയിട്ടും, ഒരു കാര്യത്തിനും ലക്ഷ്‌മിക്കുട്ടി കടംവാങ്ങാന്‍ പോയിട്ടില്ല. അയല്‍പക്കക്കാരൊക്കെ കണ്ടറിഞ്ഞ് സഹായിക്കാറുണ്ട്. നാട്ടുകാരുടെ സഹായങ്ങളെക്കുറിച്ച് പറഞ്ഞ് അവര്‍ ഞങ്ങളുടെ മുന്നിലിരുന്ന് വിങ്ങിപ്പൊട്ടി.
''ഉള്ളിലുള്ള സ്‌നേഹാണ് മക്കളേ പറേണത്. കഞ്ഞിക്കു ബുദ്ധിമുട്ടില്ലാതെ ജീവിപ്പിച്ചൂന്നു പറേണത് മറക്കാന്‍ പാടില്ല്യാത്ത ഒരു കാര്യാ...''
അനിയത്തിക്ക് കാലത്ത് കഞ്ഞികൊടുത്ത്, ചായയുണ്ടാക്കി അടുത്തുവച്ചുകൊടുത്തിട്ടുവേണമായിരുന്നു ലക്ഷ്‌മിക്കുട്ടിക്ക് എന്തിനെങ്കിലും പുറത്തുപോകാന്‍. അകലംവഴിക്കു വല്ലതുമാണെങ്കില്‍ വണ്ടിക്കൂലിക്കു കാശുവല്ലതും കൈയിലുണ്ടോ എന്ന് കിടന്നകിടപ്പില്‍ സരസ്വതി ചോദിക്കും. ചിലപ്പോഴൊക്കെ അഞ്ചോപത്തോ രൂപ സൂക്ഷിക്കാന്‍ അനിയത്തിയെ ഏല്‌പിക്കാറുണ്ട്. ചിലപ്പോള്‍ സരസ്വതി പറയും- കാശില്ലെങ്കില്‍ എന്റേല് അഞ്ചുരൂപയുണ്ട്. തരാം..ന്ന്.
വീടിന്റെ രണ്ടുവശം ഓലയായിരുന്നു. മുന്‍ഭാഗം അച്ഛനുള്ളകാലത്തുതന്നെ ഓടുമേഞ്ഞിരുന്നു. പിന്നെയത് ചിതലരിച്ച് ഇടിഞ്ഞുവീഴാറായി. കഴിഞ്ഞ മിഥുനത്തില്‍ പട്ടികയും കഴുക്കോലുമൊക്കെ കേറ്റി ഓടുമേഞ്ഞുതന്നത് ഒരു ആശ്രമക്കാരാണെന്ന് ലക്ഷ്‌മിക്കുട്ടി പറഞ്ഞു. സരസ്വതിയെ ചാക്കിലെടുത്ത് അപ്പുറത്തെ വീട്ടില്‍ കൊണ്ടുകിടത്തിയാണ് വീടിന്റെ പണിചെയ്‌തത്.
''ഒരിസം രാവിലെ ഒരുവണ്ടി മരവുംകൊണ്ട് ആള്‍ക്കാരിങ്ങ്‌ട് വന്നു. കരുവന്നൂര് കമ്പനിപൊളിച്ച തേന്‍മരുതിന്റെ മരണ്. രണ്ടാശാരിമാരും. ഓടൊക്കെ കൊണ്ടുവന്നത് നാട്ടുകാരാ. ഒരു ചില്ലോടുംവെച്ചുതന്നു, വെളിച്ചത്തിന്..'' - അതു പറഞ്ഞപ്പോള്‍ ലക്ഷ്‌മിക്കുട്ടിയുടെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചമുണ്ടായിരുന്നു.
വീടിന്റെ പടിഞ്ഞാറേ ചുമര് വിണ്ടുകീറിനില്‍ക്കുന്നുണ്ടായിരുന്നു അന്ന്. അത് മണലും സിമന്റുംകൂട്ടി ഒന്നു തേയ്‌ക്കണമെന്ന് ലക്ഷ്‌മിക്കുട്ടി വല്ലാതെ ആഗ്രഹിച്ചിരുന്നു. ഇല്ലായ്‌മ അവരെ അത്രയ്‌ക്ക് അലട്ടിയിരുന്നില്ല. പക്ഷേ, രോഗപീഡകള്‍ നിലയില്ലാതെ വലച്ചിരുന്നു.
ഇന്നാ വീടും ഇറയവുമുണ്ടോ എന്നറിയില്ല.അര്‍ഥബന്ധമില്ലാത്ത അക്ഷരങ്ങളുടെ ഒടുവില്‍നിന്ന് ചോദ്യചിഹ്നംമാഞ്ഞ് പൂര്‍ണവിരാമമായോ എന്നും...
ലിപിയില്ലാത്ത വിധി അവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടാവും..
5 comments:
ORMA..
എല്ലാ ഓര്‍മകള്‍ക്കും ഒരേ നിറമാണോ...?
ഞാന്‍ ആദ്യമായി ഒന്ന് ഒപ്പിട്ടു പോട്ടേ.
ദിപ്പന്നെ പോയി അടച്ചില്ലെങ്കില്‍ ബാറില്‍ നില്‍ക്കുമ്പോള്‍ ഒരുമാസം കിട്ട്യാര്‍ന്ന ശമ്പളം ഏ.ബി.എന്‍. അമ്രോക്കാര്‍ അവരുടെ ദുരിതാശ്വാസനിധിയിലേക്ക് വരവു വക്കും.
എന്തിനാ വെര്‍ തേ. അവരെക്കൊണ്ട് ആ പാപം ഞാന്‍ ചെയ്യിക്കണേ....
അപ്പോ ഓടിപ്പോയി വന്ന് വായിച്ച് കമന്റ് പിന്നെ ഇടാം.
അപ്പോ ശരി ചുള്ളാ... വേണേല്‍ നീണാല്‍ വാഴ്ക.
ഇന്നാ വീടും ഇറയവുമുണ്ടോ എന്നറിയില്ല.അര്‍ഥബന്ധമില്ലാത്ത അക്ഷരങ്ങളുടെ ഒടുവില്‍നിന്ന് ചോദ്യചിഹ്നംമാഞ്ഞ് പൂര്‍ണവിരാമമായോ എന്നും...
ലിപിയില്ലാത്ത വിധി അവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടാവും..
നന്നായി. നല്ല ഓര്‍മ്മ.
"ഇന്നാ വീടും ഇറയവുമുണ്ടോ എന്നറിയില്ല.അര്‍ഥബന്ധമില്ലാത്ത അക്ഷരങ്ങളുടെ ഒടുവില്‍നിന്ന് ചോദ്യചിഹ്നംമാഞ്ഞ് പൂര്‍ണവിരാമമായോ എന്നും...
ലിപിയില്ലാത്ത വിധി അവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടാവും.."
ഇത് വായിക്കാന്‍ വൈകിയല്ലൊ എന്ന മനസ്താപത്തോടെ...
ഉണ്ടാവുമൊ അവരിന്നും ?ഉണ്ടെങ്കില്‍ തന്നെ ഇതിനേക്കാള്‍ പരിതാപകരമാവുമൊ അവരുടെ സ്ഥിതി??അങ്ങനെയെങ്കില്‍ നന്മ നിറഞ്ഞ മനസ്സുള്ളവര്‍ അവര്‍ക്കു ചുറ്റുമുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...
ലോകാ സമസ്താ സുഖിനോ ഭവന്തു:
Post a Comment