L-Erbgħa, 23 ta’ Mejju 2007

ഒരിനം വിത്സന്‍..


ഴ പെയ്യുമ്പോള്‍ കുട ഇങ്ങനെ പിടിക്കണം. പെയ്യാത്തപ്പോള്‍ അങ്ങനെ.


വാട്ടര്‍ ബോട്ടില്‍ വയ്‌ക്കേണ്ടത്‌ ഈ വിധം. ടിഫിന്‍ ബോക്‌സ്‌, ചായപ്പെന്‍സിലുകള്‍, ബാഗിന്റെ പേര്‌, നെയിംസ്ലിപ്പുകള്‍.. എല്ലാം ശരിയല്ലേയെന്ന്‌ അവന്‍ ഒത്തുനോക്കി; അമ്മയും.

കുട മറന്നുവയ്‌ക്കുമോ? -ആശങ്ക.അമ്മ പറഞ്ഞു: പുറത്തു മഴപെയ്യുന്നുണ്ടെന്ന്‌ എപ്പോഴും വിചാരിച്ചാല്‍ കുട ഒരിക്കലും മറക്കില്ല കുട്ടാ.ഈ അമ്മയ്‌ക്കെന്തറിയാം (അവന്‍ വിചാരിച്ചു).

വിത്സന്റെ കവിത പിന്നെ നമ്മോടു പറയുന്നത്‌:
ഒരിക്കലും/ റിഹേഴ്‌സല്‍/ നടത്തിയില്ലെങ്കിലും/ എത്ര കൃത്യമായി/ ടാങ്കര്‍ലോറി കയറി ചിതറിയത്‌/ അവന്‍/ സാക്ഷാത്‌കരിച്ചിരിക്കുന്നു.
കുട അവിടെ
ചോറ്റുപാത്രം തുറന്നിവിടെ
..........................
ചായപ്പെന്‍സിലുകള്‍
അവിടെ
ഇവിടെ
*** *** ***
വിഷയങ്ങളിലെ ഇത്തരത്തിലുള്ള അമ്പരപ്പിക്കുന്ന അസാധാരണത്വം, അവതരണത്തിലെ ദുഷ്‌കരമായ ലാളിത്യം- കുഴൂര്‍ വിത്സന്‍ എന്ന കവിയിലെ പ്രതിഭയെ ഞങ്ങള്‍ തിരിച്ചറിഞ്ഞതിങ്ങനെ.. (രണ്ടായിരത്തിരണ്ടാമാണ്ട്‌ ജനുവരിമാസം എട്ടാം തീയതി ചൊവ്വാഴ്‌ച, ദീപിക ദിനപത്രം. അന്നെഴുതി അന്നുതന്നെ മറക്കാതിരുന്ന കാര്യങ്ങളാണ്‌ ഇവിടെ ഇപ്പോള്‍..). അന്നേ ഒരു സ്‌കൂള്‍കുട്ടിയെ ചുറ്റിപ്പറ്റി വിത്സന്റെ മനസ്സ്‌ ഒരു പാവം കുട്ടിയെപ്പോലെ...

വിത്സന്റെ ആദ്യ കവിതാ സമാഹാരമായ 'ഉറക്കം- ഒരു കന്യാസ്‌ത്രീ'യുടെ അവതാരികയില്‍ കവിയെ പരിചയപ്പെടുത്തി എം.കെ. ഹരികുമാര്‍ ഇങ്ങനെയെഴുതി: ''ഇതാ, താരപരിവേഷവും വേദികളുടെ ആരവവും ഒന്നുമില്ലാതെ ഒരു കവി സ്വന്തം നിലയില്‍ സഞ്ചാരത്തിനിറങ്ങുന്നു. ............ അദ്ദേഹം തന്റെ പുതിയ കാലത്തിന്റെയും ലോകത്തിന്റെയും നടുത്തളത്തിലേക്ക്‌, ആരൊക്കെയാണ്‌ തന്നെ നോക്കുന്നതെന്ന്‌ തെല്ലും വിചാരിക്കാതെ കടന്നുവരുന്നു. കവിതയുടെ വഴിയില്‍ എങ്ങനെയോ ഈ യുവാവ്‌ ഒറ്റയ്‌ക്കായിപ്പോയി...''

ഇനി വിത്സന്റെ സ്വന്തം വാക്ക്‌: ''പുസ്‌തകം- അതൊരബദ്ധമായിരുന്നു''. തിരിച്ചറിവുകള്‍ ഉണര്‍ന്നെണീക്കുന്നതിനുമുമ്പ്‌ എഴുതിയ കവിതകളാണ്‌ ആദ്യസമാഹാരത്തില്‍ ഏറെയുമെന്നാണ്‌ വിത്സന്റെ പക്ഷം. ചുള്ളിക്കാടിനെപ്പോലെയുള്ളവരുടെ അപാരമായ സാന്നിധ്യം, അല്ലെങ്കില്‍ അവരുടെ കവിതകള്‍ വായിച്ചതിന്റെ ഹാങ്‌ഓവര്‍ ഒക്കെ ആ കവിതകളില്‍ ഉണ്ടെന്ന്‌ വിത്സന്‍ പറഞ്ഞു. പക്ഷേ ഞാനത്‌ വിശ്വസിച്ചില്ല. കവിതകള്‍ അതിനു സമ്മതിച്ചില്ല.

തൃശൂര്‍ മാളയ്‌്‌ക്കടുത്ത്‌ കുഴൂരില്‍ എലവത്തിങ്കല്‍ വറീത്‌ ഔസേപ്പിന്റെയും അന്നത്തിന്റെയും (ഈ അമ്മയെ നമ്മള്‍ നന്നായറിയും) മകനായിപ്പിറന്ന വിത്സന്‍ പത്താംക്ലാസുവരെ കവിതയുടെ ലോകത്തെങ്ങുമല്ലായിരുന്നു. മലയാളത്തിനോട്‌ പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നെന്നുമാത്രം. വായിക്കാന്‍ പക്ഷേ, വീട്ടില്‍ ഗ്രന്ഥമെന്നു പറയാവുന്നതായി ബൈബിളേ ഉണ്ടായിരുന്നുള്ളൂ. പത്താംക്ലാസിനുശേഷമാണ്‌ കവിതയെന്നു വിളിക്കാവുന്നതായി എന്തെങ്കിലും കുത്തിക്കുറിച്ചുതുടങ്ങിയത്‌. കവിതയിലേക്കു നയിച്ചത്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൃഷ്ടികളും.
ആദ്യ സമാഹാരമായ 'ഉറക്കം- ഒരു കന്യാസ്‌ത്രീ' പുറത്തിറങ്ങിയത്‌ 1998-ലാണ്‌. കവിയുടെ ഇരുപത്തിമൂന്നാം വയസ്സില്‍. ചെറുതും വലുതുമായ 24 കവിതകള്‍. ആ സമാഹാരത്തിലെ 'സ്വപ്‌നഭാഷണം തപാല്‍മാര്‍ഗം' എന്ന കവിത മള്‍ബെറി പുറത്തിറക്കിയ 'മലയാളത്തിന്റെ പ്രണയകവിതകള്‍' എന്ന പുസ്‌തകത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വി.ആര്‍. സുധീഷ്‌ എഡിറ്റുചെയ്‌ത ആ പുസ്‌തകത്തില്‍ മലയാളത്തിലെ പ്രശസ്‌തരായ കവികള്‍ക്കൊപ്പം തന്റെ കവിത അച്ചടിച്ചുവന്നത്‌ എഴുത്തിലെ വഴിത്തിരിവായി വിത്സന്‍ കാണുന്നു.

പോയട്രി ഡോട്ട്‌ കോം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാവ്യമേളയിലേക്ക്‌ 99 ഓഗസ്‌റ്റില്‍ വിത്സന്‌ ക്ഷണംലഭിച്ചു. അവര്‍ നടത്തിയ മത്സരത്തില്‍ വിത്സന്റെ 'മരിയ ഓഫ്‌ മെനി ടൈപ്‌സ്‌' എന്ന കവിതയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കാവ്യമേളയിലേക്ക്‌ പ്രവേശനം ലഭിച്ചെങ്കിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാവാഞ്ഞതും രേഖകള്‍ തയാറാക്കുന്നതില്‍ കാലതാമസം വന്നതും വിത്സന്റെ യാത്രമുടക്കി.

കവിതകള്‍ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റിക്കൊണ്ടിരുന്നത്‌ ഭാര്യ മേരിയാണ്‌. വിത്സന്റെ കവിതയിലെ നിറഞ്ഞ സാന്നിധ്യമാണ്‌ മരിയ. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ അവന്‍ തന്റെ ഇരുപത്തിനാലാം വയസ്സിലെ സാഹസികമായ വിവാഹത്തെപ്പറ്റി പറഞ്ഞു. കൊച്ചിയിലെ ജേണലിസം ക്ലാസില്‍ കണ്ടുമുട്ടി വിത്സന്റെ ജീവിതസഖിയായ മേരിയന്ന്‌ എറണാകുളത്ത്‌ നവനിര്‍മാണ്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായിരുന്നു.

ഡിഗ്രി പഠനത്തോടൊപ്പം, തൃശൂരില്‍നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന 'എക്‌സ്‌പ്രസ്‌' പത്രത്തിന്റെ മാള ലേഖകനായി വിത്സന്‍ പ്രവര്‍ത്തിച്ചിരുന്നു. ജേണലിസം ഡിപ്ലോമയ്‌ക്കുശേഷം ' ചന്ദ്രിക'യുടെ കൊച്ചി ബ്യൂറോയില്‍ ലേഖകനായി. കലാദര്‍പ്പണം മാസികയിലും പ്രവര്‍ത്തിച്ചു. ഞങ്ങളുടെ തൃശൂര്‍ ബ്യൂറോയില്‍വന്ന്‌ എന്റെ മുന്നിലിരുന്ന്‌ മനസ്സുതുറന്നപ്പോള്‍ കൊച്ചി കേന്ദ്രമായ ഡി-നെറ്റ്‌ കേബിള്‍ നെറ്റ്‌വര്‍ക്കില്‍ സ്‌ക്രിപ്‌റ്റ്‌ വിഭാഗത്തിലായിരുന്നു വിത്സന്‍. (പിന്നെ കണ്ടുമുട്ടുന്നത്‌ ഓര്‍ക്കുട്ടില്‍).

പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കവിതകളുടെ എണ്ണം കൂടിയിരുന്നെങ്കിലും അന്ന്‌ അടുത്തൊരു പുസ്‌തകത്തെക്കുറിച്ച്‌ വിത്സന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ സ്‌കൂളിനെക്കുറിച്ച തന്റെ ഓര്‍മകള്‍ കവിതകളും കുറിപ്പുകളുമാക്കുകയായിരുന്നു അവന്‍. 'സ്‌കൂള്‍- വേഗത കുറയ്‌ക്കുക' എന്നായിരുന്നു ഉറപ്പിച്ചുവച്ച പേര്‌. സ്‌കൂളിനെക്കുറിച്ച്‌ കവിയുടെയും ചിത്രകാരന്റെയും ഓര്‍മ എന്ന സങ്കല്‍പ്പത്തില്‍, കൈയെഴുത്തു കവിതകളും ചിത്രങ്ങളുമായി ഒരു പ്രദര്‍ശനമായിരുന്നു അവന്റെ മനസ്സില്‍. (അതു വെളിച്ചംകണ്ടത്‌ 'ഇ' എന്ന പുസ്‌തകമായാണ്‌).
*** *** ***

ബാഗു ചുമലിലിട്ട്‌ ഓടിപ്പോകുന്ന കുട്ടിയുടെ ചിത്രമുള്ള ബോര്‍ഡ്‌ കണ്ട്‌ നാം വേഗത കുറയ്‌ക്കുമ്പോള്‍ ഓര്‍മകള്‍ക്ക്‌ വേഗംകൂടും. പിന്നെ ഒന്നുമുന്നോട്ടുനടന്ന്‌ ഇടത്തേ ഇടവഴിയിലേക്കു നടന്നാല്‍ പണ്ടുനടന്ന വഴിയായി. അല്‌പംകൂടി കഴിഞ്ഞാല്‍ പ്രീതി തിരിഞ്ഞുപോകുന്ന വഴി... കാറ്റ്‌, കര്‍ക്കിടകം, കോലായി, അമ്മ.... തനിക്ക്‌ കവിതയെന്നത്‌ കുഞ്ഞിന്‌ അമ്മയെപ്പോലെയാണെന്ന്‌ അന്നവന്‍ പറഞ്ഞത്‌ വെറുംവാക്കല്ല.

ടാ.. എഴുത്‌.

6 comments:

വി.ആര്‍. ഹരിപ്രസാദ് 23 ta’ Mejju 2007 06:14  

about wilson

വിനയന്‍ 23 ta’ Mejju 2007 11:50  

പ്രസാദ്ജി
നന്ദി, ശ്രീ.വിത്സനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നതിന്.

കുഴൂര്‍ വില്‍‌സണ്‍ 23 ta’ Mejju 2007 17:27  

"ഇനി വിത്സന്റെ സ്വന്തം വാക്ക്‌: ''പുസ്‌തകം- അതൊരബദ്ധമായിരുന്നു''. തിരിച്ചറിവുകള്‍ ഉണര്‍ന്നെണീക്കുന്നതിനുമുമ്പ്‌ എഴുതിയ കവിതകളാണ്‌ ആദ്യസമാഹാരത്തില്‍ ഏറെയുമെന്നാണ്‌ വിത്സന്റെ പക്ഷം. ചുള്ളിക്കാടിനെപ്പോലെയുള്ളവരുടെ അപാരമായ സാന്നിധ്യം, അല്ലെങ്കില്‍ അവരുടെ കവിതകള്‍ വായിച്ചതിന്റെ ഹാങ്‌ഓവര്‍ ഒക്കെ ആ കവിതകളില്‍ ഉണ്ടെന്ന്‌ വിത്സന്‍ പറഞ്ഞു. പക്ഷേ ഞാനത്‌ വിശ്വസിച്ചില്ല. കവിതകള്‍ അതിനു സമ്മതിച്ചില്ല."

ഹരിജി. ഇതു വന്നിട്ട് വര്ഷം 5 ആകുന്നു അല്ലേ. എത്ര മാറി നമ്മള്. ഓര്ത്ത് വച്ചതിനു....

Kalesh 23 ta’ Mejju 2007 20:02  

വില്‍‌സന്റെ വലിപ്പം പുള്ളിക്ക് അറിയില്ല.
പത്ത് വര്‍ഷം കഴിഞ്ഞ് മലയാ‍ള സാഹിത്യത്തില്‍ വില്‍‌സണ്ടെ സ്ഥാനം എവിടെയായിരിക്കുമെന്ന് നോക്കിക്കോ!

നന്നായി ഈ സംഭവം. പോസ്റ്റ് ചെയ്തതിന്‍ നന്ദി!

വിഷ്ണു പ്രസാദ് 27 ta’ Mejju 2007 10:36  

കുഴൂരിനെക്കുറിച്ചുള്ള ഈ പഠനം വളരെ പഴയതാണെന്ന് മനസ്സിലായി.എങ്കിലും കവിതയില്‍ ജ്ഞാനസ്നാനം ചെയ്തവന്റെ തുടക്കം കാണിച്ചു തന്നതിന് നന്ദി.കഴിയുമെങ്കില്‍ കുഴൂര്‍കവിതകളുടെ വളര്‍ച്ച ഒന്ന് പഠന വിധേയമാക്കുക.

junaith 6 ta’ Awwissu 2012 13:39  

എഴുത് വിത്സാ.......

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP