Is-Sibt, 15 ta’ Diċembru 2007

"ബാന്‍തുങ്‌ ത്രീ"

ഫിലിപ്പീന്‍സുകാരിയായ ജിജി ക്രൂസ്‌, അമേരിക്കയില്‍നിന്നുള്ള നീല്‍ ടാന്‍ഗ്രി, തിരുവനന്തപുരംകാരന്‍ ഷിബു നായര്‍ എന്നീ മൂന്നുപേര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്‌ ഇന്തോനേഷ്യന്‍ നഗരമായ ബാന്‍തുങിന്റെ പേരുചേര്‍ത്താണ്‌. ജന്മനാടിന്റെ പേര്‌ സ്വന്തമാക്കിയവര്‍ ധാരാളമുണ്ടെങ്കിലും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണമാത്രം പോയിട്ടുള്ള ഒരു സ്ഥലത്തിന്റെ പേരില്‍ അറിയപ്പെടാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചത്‌ ഇവര്‍ക്കുമാത്രമാവും.
സംഭവം ഇപ്രകാരം:
ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ട്‌, ഞായര്‍
രാവിലെ 9.30
ബാലിയില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എന്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ സിവില്‍ സൊസൈറ്റി ഫോറം സംഘടിപ്പിച്ച 'സീറോ വേസ്‌റ്റ്‌ ഫോര്‍ സീറോ വാമിംഗ്‌' സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേയാണ്‌ അവര്‍ ബാന്‍തുങില്‍ ഇറങ്ങിയത്‌. ജിജിയും നീലും ഗയയുടെ (ഗ്ലോബല്‍ അലയന്‍സ്‌ ഫോര്‍ ഇന്‍സിനറേറ്റര്‍ ആള്‍ട്ടര്‍നെറ്റീവ്‌സ്‌) മുന്‍നിര പ്രവര്‍ത്തകര്‍. ഷിബു തിരുവനന്തപുരത്തെ 'തണലി'ല്‍നിന്നും. പടിഞ്ഞാറന്‍ ജാവയുടെ തലസ്ഥാനമായ ബാന്‍തുങില്‍ നാട്ടുകാര്‍ അപ്പോള്‍ ഒരു ഇന്‍സിനറേറ്ററിനെതിരായി പ്രക്ഷോഭം നടത്തുകയായിരുന്നു. ഗ്രിയ സെന്‍പക അരും എന്ന പേരുള്ള റെസിഡന്‍ഷ്യല്‍ കോളനിയിലെ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അവരുടെ വീടുകളില്‍നിന്ന്‌ കഷ്ടിച്ച്‌ 500 മീറ്റര്‍ അകലെ നിര്‍മിക്കാനിരിക്കുന്ന മാലിന്യം കത്തിക്കാനുള്ള പ്രോജക്ടിനെതിരെയാണ്‌ സമരം ചെയ്‌തിരുന്നത്‌.
രാവിലെ 11.00
സിവില്‍ സൊസൈറ്റി ഫോറത്തിന്റെ ക്ഷണപ്രകാരം ജിജിയും നീലും ഷിബുവും സമ്മേളനത്തില്‍ ചെറിയ സന്ദേശങ്ങള്‍ നല്‍കി. ഇന്‍സിനറേറ്ററുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി നീലും കോവളത്തെ സീറോ വേസ്‌റ്റ്‌ പദ്ധതിയെപ്പറ്റി ഷിബുവും പരിഭാഷകരുടെ സഹായത്തോടെ സംസാരിച്ചു. ഏതാനും മിനിറ്റുകള്‍ മാത്രം.ഈ മിനിറ്റുകള്‍ അവര്‍ക്ക്‌ പിന്നീട്‌ സമ്മാനിച്ചത്‌ ദിവസങ്ങള്‍ നീണ്ട ദുരിതം.ഉച്ചകഴിഞ്ഞ്‌ 12.30സമ്മേളനവേദിയുടെ പുറത്ത്‌ എല്ലാം നിരീക്ഷിച്ച്‌ ലോക്കല്‍ പോലീസ്‌ നില്‍പ്പുണ്ടായിരുന്നു. അവരുടെ നാട്ടിലെ ഒരു പദ്ധതിക്കെതിരേ വിദേശികള്‍ പ്രസംഗിക്കുകയോ എന്ന്‌ അവര്‍ നെറ്റിചുളിച്ചു. നീലിനെയും അന്നാട്ടുകാരിയായ യുയുന്‍ ഇസ്‌മാവതിയെയും അവിടെവച്ചുതന്നെ ചോദ്യംചെയ്‌തു. അരമണിക്കൂറിനുള്ളില്‍ ഇവരെയൊന്നാകെ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്കായി ജലന്‍ ജാവയിലുള്ള പോലീസ്‌ ആസ്ഥാനത്തേക്ക്‌ കൊണ്ടുപോയി.
ഉച്ചകഴിഞ്ഞ്‌ 1.30
ജിജി, നീല്‍, ഷിബു എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ പോലീസ്‌ പിടിച്ചെടുത്തു. രണ്ടുമുതല്‍ അഞ്ചുമണിവരെ ഇവരെ തുടര്‍ച്ചയായി ചോദ്യംചെയ്‌തു. ഇന്റര്‍വ്യൂ എന്ന പേരില്‍ നടത്തിയ ചോദ്യംചെയ്യലില്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിയായിരുന്നു- ഇവരുടെ ജീവചരിത്രമുള്‍പ്പെടെ. പ്രൊവിന്‍ഷ്യല്‍ പോലീസ്‌ ചീഫിന്റെ തീരുമാനപ്രകാരമേ വിട്ടയയ്‌ക്കാന്‍ കഴിയൂ എന്നും, തീരുമാനംവരാന്‍ എത്ര സമയമെടുക്കുമെന്ന്‌ അറിയില്ലെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ കുറേക്കഴിഞ്ഞപ്പോള്‍ സംഭവം നാഷണല്‍ പോലീസ്‌ ചീഫ്‌ കമാന്‍ഡറുടെ പരിഗണനയിലെത്തി. ചോദ്യംചെയ്യലുകള്‍ തുടര്‍ന്നു. വൈകീട്ട്‌ നാലുമുതല്‍ രാത്രി എട്ടുവരെ ഷിബുവിനെ ഉത്തരംമുട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഇവര്‍ക്കിടയില്‍ കുഴയ്‌ക്കുന്ന പ്രശ്‌നമായി ഭാഷ തലയുയര്‍ത്തിനിന്നു. പോലീസിന്‌ ബഹാസ ഇന്തോനേഷ്യയല്ലാതെ മറ്റൊന്നും പിടിയില്ല. (ഇംഗ്ലീഷും മലയാളവും തമ്മില്‍ അവര്‍ക്ക്‌ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലെന്ന്‌ ഷിബു).
രാത്രിയോടെ മൂവരും അവരവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടാന്‍ ശ്രമംതുടങ്ങി. തുടക്കത്തില്‍ ആ ശ്രമങ്ങള്‍ വിജയിച്ചുമില്ല. എട്ടുമണിയോടെ ഭക്ഷണം കിട്ടി. അതേസമയം ഇവര്‍ക്ക്‌ ജാമ്യം ലഭിക്കാന്‍ അവിടത്തെ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും അത്‌ നിഷേധിക്കപ്പെട്ടു. ലോക്കപ്പില്‍ അല്ലെങ്കിലും ആ രാത്രി പോലീസ്‌ സ്‌റ്റേഷനിലെ ഒരു കുടുസു മുറിയില്‍ ആയിരുന്നു ഉറക്കം.
ഡിസംബര്‍ മൂന്ന്‌, തിങ്കള്‍
രാവിലെ 9.00
പോലീസ്‌ തയാറാക്കി ഒപ്പിടാന്‍ ആവശ്യപ്പെട്ട രേഖകള്‍ ബഹാസയില്‍ ആയിരുന്നതിനാല്‍ മൂവരും അതിനു സമ്മതിച്ചില്ല. പകരം ഉദ്യോഗസ്ഥരോട്‌ പരമാവധി സഹകരിച്ചെന്നും ഭാഷാ പ്രശ്‌നം ഉള്ളതിനാല്‍ രേഖകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി അവര്‍ ഒരു സ്റ്റേറ്റ്‌മെന്റ്‌ പോലീസിനു നല്‍കി. എന്നിട്ടും കാര്യങ്ങള്‍ക്കു തീരുമാനമായില്ല. പതിനൊന്നുമണിയോടെ ബാന്‍തുങ്‌ സിറ്റി പോലീസ്‌ കേസ്‌ ഇമിഗ്രേഷന്‍ വിഭാഗത്തിനു കൈമാറി. അവര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി. അതിനിടെ യു.എസ്‌ എംബസിയിലെ വൈസ്‌ കോണ്‍സല്‍ സ്ഥലത്തെത്തിയിരുന്നു. ഇമിഗ്രേഷന്‍ അധികൃതരുമായി നടന്ന ചര്‍ച്ചയിലും ഭാഷ ബഹാസ ഇന്തോനേഷ്യതന്നെയായിരുന്നു. മൂവര്‍സംഘത്തിന്‌ പരിഭാഷകരെ നല്‍കിയുമില്ല. തങ്ങളെ നാടുകടത്താന്‍ തീരുമാനിച്ചു എന്ന്‌ അറിയിക്കുന്നതുവരെ അവിടെനടന്ന സംഭാഷണങ്ങളുടെ ദിശ എങ്ങോട്ടായിരുന്നെന്ന്‌ അവര്‍ മനസ്സിലാക്കിയിരുന്നില്ല.
ഉച്ചയ്‌ക്ക്‌ 12 മണിയോടെ വിസ ലംഘനത്തിന്റെ പേരില്‍ മൂവരെയും നാടുകടത്തുകയാണെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാടുകടത്തല്‍ ഒഴിവാക്കാന്‍ ഒട്ടേറെ അന്തര്‍ദേശീയ ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലംകണ്ടില്ല.
വിമാന ടിക്കറ്റുകള്‍ ലഭിക്കാതിരുന്നതുമൂലം അന്നു രാത്രി അവര്‍ക്ക്‌ ഹോട്ടലില്‍ തങ്ങേണ്ടിവന്നു. ക്രിമിനല്‍ കുറ്റം ചെയ്‌തവരെപ്പോലെ എട്ടുപേര്‍ അനുഗമിച്ചാണ്‌ അവരെ ഹോട്ടലില്‍ എത്തിച്ചത്‌. സന്ധ്യയോടെ ഇമിഗ്രേഷന്‍ ഓഫീസില്‍നിന്ന്‌ തയാറാക്കിയ മറ്റൊരു രേഖയിലും ഒപ്പിട്ടുനല്‍കാന്‍ മൂവരോടും ആവശ്യപ്പെട്ടു. ആ രേഖയും ബഹാസയിലായിരുന്നു. ഏഴുമണിയോടെ മൂവരോടും ഇമിഗ്രേഷന്‍ ഓഫിസില്‍ എത്തണമെന്ന്‌ നിര്‍ദേശംവന്നു. അവിടെ അവര്‍ അനുഭവിച്ചത്‌ മണിക്കൂറുകള്‍ നീണ്ട ദുരിതം. മൈഗ്രേയ്‌ന്‍ മൂലം ജിജി തീര്‍ത്തും അവശയായിരുന്നു. അന്നുരാത്രി ഇമിഗ്രേഷന്‍ ഓഫീസില്‍ കഴിച്ചുകൂട്ടാന്‍ അവര്‍ നിര്‍ബന്ധിതരായി. കസേരകള്‍ ചേര്‍ത്തിട്ട്‌ മയങ്ങാന്‍ ശ്രമിച്ച മൂവരെയും ഉദ്യോഗസ്ഥര്‍ പരമാവധി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരുതവണ മേശ നിലത്തെടുത്തിട്ടുപോലും അവരെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഉണര്‍ന്നപ്പോള്‍ സംഘംചേര്‍ന്ന്‌ കളിയാക്കിച്ചിരിക്കുകയും ചെയ്‌തു.
പുലര്‍ച്ചെ അഞ്ചുമണിയോടെ മൂവരേയും ഹോട്ടലിലേക്ക്‌ കൊണ്ടുപോയി. യാത്രയില്‍ ഉടനീളം ഉദ്യോഗസ്ഥര്‍ ഇവരെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു.
ഡിസംബര്‍ നാല്‌, ചൊവ്വ
രാവിലെ 9.00
ഹോട്ടലില്‍നിന്ന്‌ രാവിലെത്തന്നെ മൂവരേയും വീണ്ടും ഇമിഗ്രേഷന്‍ ഓഫീസില്‍ എത്തിച്ചു.മുപ്പതോളം വരുന്ന നാട്ടുകാര്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ ഓഫീസിനുമുന്നില്‍ എത്തിയിരുന്നു. ഉച്ചയ്‌ക്കു ശേഷമുള്ള വിമാനങ്ങളില്‍ മൂവരേയും അവരവരുടെ രാജ്യങ്ങളിലേക്ക്‌ കയറ്റിവിടാനായിരുന്നു തീരുമാനം. എന്നാല്‍ സമയത്തിന്‌ ജക്കാര്‍ത്തയിലെ വിമാനത്താളത്തില്‍ ഇവരെ എത്തിക്കാനും അധികൃതര്‍ മനസ്സുവച്ചില്ല.വൈകീട്ട്‌ അഞ്ചുമണിയോടെ സുകാര്‍ണോ ഹട്ട വിമാനത്താവളത്തില്‍നിന്ന്‌ ഇവരെ സിംഗപ്പൂരിലേക്ക്‌ കയറ്റിവിട്ടു.നാടുകടത്തുന്നതു സംബന്ധിച്ച രേഖകളൊന്നും അധികൃതരില്‍നിന്ന്‌ അവര്‍ക്കു ലഭിച്ചില്ല. ഷിബുവിന്റെ പാസ്‌പോര്‍ട്ടുപോലും ലഭിച്ചത്‌ വിമാനത്തിന്റെ വാതില്‍ക്കല്‍നിന്നാണ്‌.
പിറ്റേന്ന്‌ ഇന്തോനേഷ്യന്‍ പത്രങ്ങളിലെ മുഖ്യവാര്‍ത്ത ഈ സംഭവമായിരുന്നു. മൂവരും ബാന്‍തുങ്‌ ത്രീ എന്ന്‌ പ്രശസ്‌തരാവുകയും ചെയ്‌തു.
വാദം, പ്രതിവാദം
പ്രാദേശിക പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകവഴി ഇവര്‍ വിസാ നിയമം ലംഘിച്ചുവെന്നാണ്‌ പോലീസിന്റെ വാദം. എന്നാല്‍ റാലിയില്‍ ഇവര്‍ സജീവമായി പങ്കെടുത്തില്ലെന്നുതന്നെയാണ്‌ നാട്ടുകാരുടെ പക്ഷം. ഇന്‍സിനറേറ്ററില്‍നിന്ന്‌ പുറത്തുവരുന്ന വാതകങ്ങള്‍മൂലം ജീവിതം ദുസ്സഹമാവുന്ന ആയിരത്തഞ്ഞൂറിലേറെ കുടുംബങ്ങളും മറ്റുനാട്ടുകാരും മൂവര്‍സംഘത്തിന്‌ പൂര്‍ണപിന്തുണയുമായി രംഗത്തുവന്നിരുന്നു. ഞങ്ങള്‍ കൂടെയുണ്ട്‌ എന്നെഴുതിയ പോസ്‌റ്ററുകളുമായാണ്‌ പലരും ഇമിഗ്രേഷന്‍ ഓഫീസിനുമുന്നില്‍ എത്തിയിരുന്നത്‌.
ഞങ്ങളുടെ അതിഥികളായാണ്‌ അവര്‍ വന്നത്‌, സൗഹൃദ സന്ദേശം മാത്രമാണ്‌ അവര്‍ നല്‍കിയത്‌. അതിന്‌ ഇത്ര ഗൗരവമായ നടപടികള്‍ വന്നതെങ്ങനെയെന്ന്‌ മനസ്സിലാവുന്നില്ല- ബാലിയിലെ സാമൂഹ്യപ്രവര്‍ത്തകയായ യുയുന്‍ ഇസ്‌മാവതി പറയുന്നു.
മൂവരെയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തതോടെ സംഭവം വലിയ ചലനംസൃഷ്ടിച്ചു. ലോകമെമ്പാടുംനിന്നായി ഫോണ്‍കോളുകളും എസ്‌എംഎസുകളും പറന്നു. ബ്ലോഗുകള്‍ സൃഷ്ടിക്കപ്പെട്ടു. സീറോ വേസ്‌റ്റ്‌ ഫോര്‍ സീറോ വാമിംഗ്‌ എന്ന സന്ദേശം കൂടുതല്‍ പ്രസക്താവുകയും ചെയ്‌തു.
ഷിബു പറഞ്ഞത്‌
ജക്കാര്‍ത്തയില്‍നിന്ന്‌ സിംഗപ്പൂരിലേക്കും അവിടെനിന്ന്‌ ചെന്നൈയിലേക്കും എത്തിച്ചേരാന്‍ നേരിട്ട ദുരിതങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതല്ല. സൃഹൃത്തുക്കളും സന്നദ്ധപ്രവര്‍ത്തകരും സഹായിക്കാന്‍ ഉണ്ടായിരുന്നതിനാല്‍ വിമാനടിക്കറ്റ്‌ സംഘടിപ്പിക്കാനും യാത്ര സാധ്യമാക്കാനും കഴിഞ്ഞു. എന്നാല്‍ എംബസിയില്‍നിന്ന്‌ കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ല. ഒരു കുറ്റവും ചെയ്യാത്ത ഞങ്ങളെ അന്യായമായി തടഞ്ഞുവച്ചതിനും നാടുകടത്തിയതിനും ഇന്തോനേഷന്‍ അധികൃതര്‍ മറുപടി പറയണം. സീറോ വേസ്‌റ്റ്‌ സന്ദേശത്തിന്‌ കൂടുതല്‍ ശ്രദ്ധകിട്ടാന്‍ ഈ സംഭവം ഇടയായതോടെ എന്തൊക്കെയായാലും അനുഭവിച്ച വിഷമതകള്‍ മാറ്റിവയ്‌ക്കുന്നു.- തണലിന്റെ തിരുവന്തപുരത്തെ ഓഫീസിലിരുന്ന്‌ ഷിബു പറഞ്ഞു.
ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മകളില്‍ ഷിബു സ്വയം വിശേഷിപ്പിക്കുന്നത്‌ കഷ്ടകാലന്‍നായര്‍ എന്നാണ്‌. അദ്ദേഹത്തിന്റെ ഒരു കഷ്ടകാലമായിരിക്കാം ബാന്‍തുങില്‍ കഴിഞ്ഞത്‌.

8 comments:

വി.ആര്‍. ഹരിപ്രസാദ് 15 ta’ Diċembru 2007 07:44  

Bantung three!

കൂട്ടുകാരന്‍ 15 ta’ Diċembru 2007 09:27  

അങ്ങിനെയും ചിലര്‍...

ഒരു “ദേശാഭിമാനി” 15 ta’ Diċembru 2007 10:54  

“സീറോ വേസ്‌റ്റ്‌ സന്ദേശത്തിന്‌ കൂടുതല്‍ ശ്രദ്ധകിട്ടാന്‍ ഈ സംഭവം ഇടയായതോടെ എന്തൊക്കെയായാലും അനുഭവിച്ച വിഷമതകള്‍ മാറ്റിവയ്‌ക്കുന്നു.- “

അങ്ങനെ സമാധാനിക്കൂ

മയൂര 17 ta’ Diċembru 2007 04:57  

“സീറോ വേസ്‌റ്റ്‌ സന്ദേശത്തിന്‌ കൂടുതല്‍ ശ്രദ്ധകിട്ടാന്‍ ഈ സംഭവം ഇടയായതോടെ എന്തൊക്കെയായാലും അനുഭവിച്ച വിഷമതകള്‍ മാറ്റിവയ്‌ക്കുന്നു“ എന്നു കഷ്ടകാലന്‍നായര്‍ പറഞ്ഞതു പോലെ, ഇതു വായിച്ചപ്പോള്‍ തോന്നിയ വിഷമം അതേ കാരണം കൊണ്ട് ഞാനും മാറ്റിവയ്ക്കുന്നു:)

വി.ആര്‍. ഹരിപ്രസാദ് 19 ta’ Diċembru 2007 10:20  

നന്ദി കൂട്ടുകാരന്‍,
ദേശാഭിമാനി,
മയൂര..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി 19 ta’ Diċembru 2007 10:44  

ഹരി , ഷിബുവിന് നേരിടേണ്ടി വന്ന വിഷ്മതകള്‍ ഇപ്പോള്‍ ഇത് വായിച്ചപ്പോഴാണ് മനസ്സിലായത് . ഏതായാലും ഈ കഷ്ടപ്പാടുകളും കഷ്ടകാലന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഷിബു ഒരു അനുഭവമായി എടുത്തിട്ടുണ്ടാകണം .

കൃഷ്‌ | krish 19 ta’ Diċembru 2007 12:39  

കഷ്ടകാലം ഇന്‍ ബാന്തുങ്.

വി.ആര്‍. ഹരിപ്രസാദ് 20 ta’ Diċembru 2007 07:25  

ശരിയാണ്‌ സുകുമാരേട്ടാ../ കൃഷ്‌..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP