It-Tnejn, 17 ta’ Diċembru 2007

കടലാസ്‌ കംപ്യൂട്ടിംഗ്‌

കൊടുംതപസ്സുകളും വരലബ്ധികളും പതിവാണ്‌ പണ്ട്‌. താനുണ്ടാക്കുന്ന ശില്‌പങ്ങള്‍ക്ക്‌ ജീവന്‍കൊടുക്കാന്‍ ഒരു ശില്‌പിക്ക്‌ അപൂര്‍വ വരം ലഭിച്ചത്‌ കഥ. സുന്ദരിയായ യുവതിയെയുണ്ടാക്കി ജീവിപ്പിച്ച കൈകൊണ്ടുതന്നെ ഭയങ്കരനായൊരു സിംഹത്തെയുണ്ടാക്കി സ്വന്തം ജീവന്‍ കളഞ്ഞത്രേ അയാള്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന വരംകിട്ടി വലഞ്ഞയാളുടെ കഥയും നമുക്കറിയാം. ഇ-കാലത്തേക്കു വരാം. കടലാസുകഷണത്തെ കംപ്യൂട്ടറാക്കുന്ന ഡിജിറ്റല്‍ വരം യാഥാര്‍ഥ്യമാകുന്നു. കടലാസുപുലിയല്ല, കടലാസ്‌ കംപ്യൂട്ടര്‍!

പേനകള്‍ സൂപ്പര്‍സ്‌മാര്‍ട്ടാവുമ്പോള്‍കുറച്ചുകാലമായി പേനകളെല്ലാം സ്‌മാര്‍ട്ടാണ്‌. കാഴ്‌ചയ്‌ക്കും എഴുത്തിലുമൊക്കെ കൂള്‍. അതോടൊപ്പം 'പേപ്പര്‍ ബേസ്‌ഡ്‌ മള്‍ട്ടിമീഡിയ' യാഥാര്‍ഥ്യമാക്കുകയാണ്‌ ലൈവ്‌സ്‌ക്രൈബ്‌ (http://www.livescribe.com/) എന്ന ഓഖ്‌ലന്‍ഡ്‌ കമ്പനി. അവരുടെ സ്‌മാര്‍ട്ട്‌പെന്‍ (പേര്‌ സൂപ്പര്‍ സ്‌മാര്‍ട്ട്‌ എന്നാവണമായിരുന്നു) കൊണ്ട്‌ കടലാസില്‍ എഴുതുകയോ വരയ്‌ക്കുകയോ ചെയ്യുന്നതെന്തും തത്‌ക്ഷണം ഡിജിറ്റലാക്കാം. എഴുതുന്നതിനെ ഇന്ററാക്ടീവ്‌ ടെക്‌സ്‌റ്റ്‌ ആക്കുകയാണ്‌ സ്‌മാര്‍ട്ട്‌പെന്‍ ചെയ്യുന്നത്‌. പേപ്പര്‍ റീപ്ലേ എന്ന നൂതന റെക്കോഡിംഗ്‌ സംവിധാനവും ഈ പേനയിലുണ്ട്‌. എഴുതുന്ന വേളയില്‍ ഉണ്ടാകുന്ന ശബ്ദമത്രയും ശേഖരിച്ചുവച്ച്‌ അത്‌ വിശകലനം ചെയ്യാന്‍ സ്‌മാര്‍ട്ട്‌ പേനയ്‌ക്കു കഴിയും.

''എഴുതാനോ പ്രിന്റ്‌ ചെയ്യാനോ പറ്റുന്ന എല്ലാത്തരം പ്രതലങ്ങളെയും കംപ്യൂട്ടിംഗിന്‌ ഉപയോഗപ്പെടുത്താന്‍ തുടങ്ങുകയാണ്‌ ഞങ്ങള്‍''- ലൈവ്‌സ്‌ക്രൈബ്‌ സിഇഒ ജിം മാര്‍ഗ്രഫ്‌ പറയുന്നു. ജിം ആ പറയുന്നത്‌ വെറുതെയല്ല. അദ്ദേഹത്തിന്റെ ബിസിനസ്‌ കാര്‍ഡില്‍ സ്‌മാര്‍ട്ട്‌ പേനകൊണ്ട്‌ ഒന്നു കുറിച്ചാല്‍മതി, അത്‌ ഇ-മെയിലായി അദ്ദേഹത്തിനു ലഭിക്കും.

പേനയുടെ സ്‌മാര്‍ട്ട്‌നെസ്‌ അതുകൊണ്ടു തീരുന്നില്ല. നിങ്ങള്‍ക്ക്‌ ഒരു വാക്കിന്റെ നിര്‍വചനം അറിയണമെന്നിരിക്കട്ടെ. പേനകൊണ്ട്‌ ഡിഫൈന്‍ എന്നെഴുതി നിര്‍വചനമറിയേണ്ട വാക്ക്‌ പിന്നാലെ എഴുതുക. മെമ്മറിയിലുള്ള ഡാറ്റ ഉപയോഗിച്ച്‌ നിര്‍വചനം കണ്ടെത്തി പേന അതിന്റെ വശത്തുള്ള ഡിസ്‌പ്ലേയില്‍ എഴുതിക്കാട്ടും. ട്രാന്‍സ്ലേഷന്‍ ആവശ്യങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ നടത്താനും പേനയുടെ സേവനം ലഭിക്കും.

''ആവശ്യത്തിന്‌ ഫീഡ്‌ബാക്ക്‌ തരാന്‍ കഴിയുന്ന ഇന്ററാക്ടീവ്‌ പേനയാണ്‌ എന്റെ മനസ്സിലുണ്ടായിരുന്നത്‌. നിങ്ങള്‍ എന്തെഴുതുന്നു എന്ന്‌ തിരിച്ചറിയാനും അതേക്കുറിച്ച്‌ പ്രതികരിക്കാനും കഴിയുന്ന പേന. കടലാസുമായി സംവദിക്കാന്‍ കഴിയുന്നതോടെ അതു പേനയും ചേര്‍ന്ന്‌ ഒരു കംപ്യൂട്ടറാവുകയാണ്‌''- മാര്‍ഗ്രഫ്‌ പറയുന്നു.

കടലാസും കിടിലന്‍
കിട്ടുന്ന കടലാസിലെല്ലാം എഴുതി ഡിജിറ്റലാവാമെന്നു വിചാരിച്ചാല്‍ തത്‌ക്കാലം നടക്കില്ല. സ്‌മാര്‍ട്ട്‌ പേനയ്‌ക്കുള്ള കടലാസ്‌ ഒരല്‌പം സ്‌പെഷ്യലാണ്‌. കടലാസില്‍ അതിന്റെ സ്ഥാനങ്ങള്‍ തിരിച്ചറിയാനുള്ള കഴിവാണ്‌ പേനയുടെ ശേഷിക്ക്‌ ആധാരം. അതിനു സഹായിക്കുന്നത്‌ കടലാസുതന്നെ. സ്‌മാര്‍ട്ട്‌ പേനയ്‌ക്ക്‌ ആവശ്യമായ കടലാസില്‍ മൈക്രോഡോട്‌സ്‌ സംവിധാനം പ്രിന്റ്‌ ചെയ്‌തിരിക്കണം. സ്വീഡിഷ്‌ കമ്പനിയായ അനോറ്റോ (http://www.anoto.com/) വികസിപ്പിച്ചെടുത്ത സങ്കേതമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. സ്ഥാനനിര്‍ണയത്തിന്‌ ഇതിലെ പ്രത്യേക പാറ്റേണുകള്‍ പേനയെ സഹായിക്കുന്നു.

ഇത്തരം പാറ്റേണുകളോടുകൂടിയ കടലാസ്‌ ലൈവ്‌സ്‌ക്രൈബ്‌ വിപണിയില്‍ എത്തിക്കും. നൂതനമായ ചിലയിനം പ്രിന്ററുകള്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ ഈ പാറ്റേണുകള്‍ സാധാരണ കടലാസില്‍ പകര്‍ത്തിയെടുക്കാനുമാവും.

ഡോട്ട്‌ പൊസിഷനിംഗ്‌ സങ്കേതത്തെക്കുറിച്ച്‌ എവിടെയോ വായിച്ചതാണ്‌ മാര്‍ഗ്രഫിന്‌ കടലാസ്‌ കംപ്യൂട്ടിംഗ്‌ ഗവേഷണങ്ങള്‍ക്ക്‌ പ്രചോദനമായത്‌. അതേസമയം മൈക്രോഡോട്ട്‌ പാറ്റേണുകള്‍ക്കൊപ്പം 3ഡി ഓഡിയോ റെക്കോഡിംഗും സ്‌മാര്‍ട്ട്‌പെന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. മനുഷ്യനെ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍ സഹായിക്കുന്നത്‌ രണ്ടു ചെവികളാണെന്നിരിക്കേ സ്‌മാര്‍ട്ട്‌ പേന ശബ്ദങ്ങള്‍ റെക്കോഡ്‌ ചെയ്യുന്നത്‌ രണ്ടു വ്യത്യസ്‌ത മൈക്രോഫോണുകള്‍ ഉപയോഗിച്ചാണ്‌. ഇത്‌ കൂടുതല്‍ കൃത്യത ഉറപ്പുനല്‍കുന്നു.

മുന്‍ഗാമികള്‍എഴുതിയത്‌
ഡോട്ട്‌ പൊസിഷനിംഗ്‌ സങ്കേതം പ്രയോജനപ്പെടുത്തി നേരത്തേ ചില പ്രോഡക്ടുകള്‍ അവതരിച്ചിരുന്നു. ഐഒ എന്ന പേരുള്ള ഡിജിറ്റല്‍ പേന നിര്‍മിക്കാന്‍ ലോജിടെക്ക്‌ (http://www.logitech.com/) ലൈസന്‍സ്‌ നേടിയിരുന്നു. എഴുതിയെടുക്കുന്നത്‌ ഡിജിറ്റല്‍ ടെക്‌സ്റ്റ്‌ ആക്കാന്‍ ഐഒ സഹായിക്കുമെന്ന്‌ ലോജിടെക്കിന്റെ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ ഡയറക്ടര്‍ മാര്‍ക്ക്‌ ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഡോട്ട്‌ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ഐഒ-യില്‍ പക്ഷേ മള്‍ട്ടിമീഡിയ ഫങ്‌ഷന്‍സ്‌ സാധ്യമല്ല.

പ്രത്യേക കടലാസ്‌ വേണമെന്ന നിര്‍ബന്ധം ഒഴിവായാല്‍ സ്‌മാര്‍ട്ട്‌പെന്‍ തീര്‍ത്തും വിസ്‌മയമാവുമെന്ന്‌ എംഐടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ലാബിന്റെ ഡയറക്ടര്‍ റോഡ്‌നി ബ്രൂക്ക്‌സ്‌ പറയുന്നു. നിലവിലുള്ള കഴിവുകള്‍ക്കു പുറമേ ഡെവലപ്പര്‍മാര്‍ക്ക്‌ സ്‌മാര്‍ട്ട്‌ പേനയ്‌ക്കായി സ്വന്തം ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ടൂളുകളും ലൈവ്‌സ്‌ക്രൈബ്‌ പുറത്തിറക്കും. ഉപയോക്താക്കള്‍ക്ക്‌ പേന പുതിയൊരു കംപ്യൂട്ടിംഗ്‌ പ്ലാറ്റ്‌ഫോമാകുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ.

അടുത്തമാസം സ്‌മാര്‍ട്ട്‌പെന്‍ വിപണിയിലിറങ്ങും. കൂടുതല്‍ വിശദാംശങ്ങള്‍ അതോടെ ലഭ്യമാവും.

ഓഫ്‌ലൈന്‍
മൊബൈല്‍ ഫോണുകള്‍ 'ടെസ്‌റ്റ്‌ ഡ്രൈവ്‌' ചെയ്യാന്‍ ഇതാ ഒരവസരം. http://www.tryphone.com/ ലേക്ക്‌ കയറുക. ഒന്നാന്തരം ഹാന്‍ഡ്‌സെറ്റുകള്‍ സ്‌ക്രീനില്‍ കാണാം. ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ ചെയ്‌തുനോക്കാം. മൗസിന്റെ ബട്ടണുകള്‍ അമര്‍ത്തി ഓണ്‍ലൈന്‍ ആയിമാത്രം. ഇഷ്ടപ്പെട്ട ഹാന്‍ഡ്‌സെറ്റ്‌ നേരെ കടയില്‍ച്ചെന്ന്‌ കാശുകൊടുത്തുവാങ്ങാം. അല്ലെങ്കില്‍ ഹേയ്‌, ഇതില്‍ ഫങ്‌ഷന്‍സ്‌ പോര എന്നുപറഞ്ഞ്‌ എസ്‌കേപ്‌ ചെയ്യാം.

10 comments:

420 17 ta’ Diċembru 2007 10:28  

Smartpen!

ഉറുമ്പ്‌ /ANT 17 ta’ Diċembru 2007 14:02  

Good.

മയൂര 19 ta’ Diċembru 2007 05:40  

നല്ല ലേഖനം:)

അനാഗതശ്മശ്രു 19 ta’ Diċembru 2007 07:46  

tablet pcs came in market with similar big big features...but it did not click..(I have a thoshiba tablet pc..)Its writing on the monitor screen converts into electronic text..but not userfreindly..

this write up is good hariprasad

420 19 ta’ Diċembru 2007 10:17  

സന്തോഷം ഉറുമ്പ്‌/ മയൂര/ അനാഗതശ്‌മശ്രു..

അനാഗതശ്‌മശ്രു പറഞ്ഞ കാര്യങ്ങളോടു തീര്‍ത്തും യോജിക്കുന്നു. പുതിയ സങ്കേതങ്ങള്‍ യൂസര്‍ഫ്രെന്‍ഡ്‌ലി ആവുമോ, വിപണിയില്‍ വിജയിക്കുമോ എന്ന്‌ തുടക്കത്തില്‍ പറയാനാവില്ലല്ലോ. ഇ-ലോകത്ത്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന്‌ സാധാരണക്കാരെ അറിയിക്കാനാണ്‌ ഈ ശ്രമം. പ്രതികരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

krish | കൃഷ് 19 ta’ Diċembru 2007 11:50  

സ്മാര്‍ട്ട് ലേഖനം.

420 20 ta’ Diċembru 2007 07:23  

:) Krish

ശ്രീ 20 ta’ Diċembru 2007 12:35  

വിജ്ഞാന പ്രദമായ, പുതിയ അറിവ്.

നല്ല ലേഖനം മാഷേ.
:)

420 24 ta’ Diċembru 2007 09:14  

:) Sree

Binish Malloossery 27 ta’ Jannar 2008 13:24  

ലേഖനങ്ങളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തുന്നു. ഇനിയും സാധനങ്ങള്‍ പോരട്ടെ മാഷേ...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP