It-Tnejn, 24 ta’ Diċembru 2007

ഹൈ-ടെക്ക്‌ കൃഷി, മീന്‍പിടിത്തവും


ഇതിപ്പോള്‍ നാലഞ്ചുദിവസമായി; ഒളിഞ്ഞും തെളിഞ്ഞും മഴക്കാറുകാണുന്നു. എന്നുപെയ്യുമോ എന്തോ.. ഒന്നുവെള്ളമായാല്‍ വിതയ്‌ക്കാമായിരുന്നു. വരമ്പത്തുനിന്ന്‌ വേലായുധന്‍ ആലോചിക്കുകയാണ്‌. അല്‌പം കഴിഞ്ഞപ്പോഴേക്കും ബീപ്‌ ബീപ്‌ ശബ്ദം വന്നു. അയാളുടെ മൊബൈല്‍ഫോണില്‍ മെസേജ്‌- അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴപെയ്യും. വേലായുധന്റെ മുഖം തെളിഞ്ഞു. ഇനി വിത്ത്‌ ഒരുക്കിവയ്‌ക്കാം.

ഭാവനയോ സ്വപ്‌നമോ അല്ല നാം കണ്ടത്‌. പാവപ്പെട്ട കര്‍ഷകരുടെയും മീന്‍പിടുത്തക്കാരുടെയുമൊക്കെ കൈപിടിക്കാന്‍ ടെക്‌നോളജി താഴേക്കിറങ്ങിവരുന്നു എന്ന യാഥാര്‍ഥ്യം മാത്രമാണ്‌.

ശരിയായ വിവരം, വേണ്ട നേരത്ത്‌
ശാസ്‌ത്രവും സാങ്കേതികവിദ്യയും ബഹുദൂരം മുന്നിലേക്കെത്തിയെങ്കിലും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്‌ അവ ചെയ്യാവുന്ന ഗുണങ്ങള്‍ ഇനിയും ചെയ്‌തിട്ടില്ല. ഇന്ത്യയെപ്പോലെ ഒരു 'ബൂമിംഗ്‌ ഇക്കോണമി'യുടെ ബൃഹത്തായ സാധ്യതകള്‍ ഒരു സാധാരണ കര്‍ഷകന്‌ പ്രയോജനപ്പെടണമെങ്കില്‍ അയാള്‍ക്ക്‌ കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിക്കണം. ശരിയായ വിവരങ്ങള്‍ ശരിയായ സമയത്ത്‌ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കണമെന്നര്‍ഥം. സാങ്കേതികവിദ്യ യാഥാര്‍ഥ്യമാക്കിയ വിവരങ്ങളുടെ വമ്പന്‍ ശേഖരത്തിന്റെ കവാടം അത്തരക്കാര്‍ക്കുമുന്നില്‍ പക്ഷേ അടഞ്ഞുകിടക്കുകയാണ്‌. ആ അറിവുകള്‍ അവര്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയിലുമാവില്ല ശേഖരിച്ചിട്ടുള്ളത്‌. എളുപ്പത്തില്‍ അത്‌ അവര്‍ക്ക്‌ എത്തിക്കാനും കഴിഞ്ഞെന്നുവരില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന കീടങ്ങളുടെ ആക്രമണത്തെക്കുറിച്ച്‌ വിവരം നല്‍കാന്‍ ഒരു കാര്‍ഷിക മാസികയ്‌ക്കാവില്ലല്ലോ.

ഈ പ്രശ്‌നത്തിനുള്ള പരിഹാരവും സാങ്കേതികവിദ്യ കൊണ്ടുവന്നു. മള്‍ട്ടിമീഡിയ അധിഷ്‌ഠിതമായ ഒരു ബഹുഭാഷാ പോര്‍ട്ടലാണ്‌ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക്‌ വിവരങ്ങള്‍ വിനിമയം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. നാലുവര്‍ഷമായി ആക്വാ (http://www.aaqua.org/) എന്ന ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്ര, പുനെയിലെ വിജ്ഞാന്‍ ആശ്രം എന്നിവയുടെ സഹകരണത്തോടെ മുംബൈ ഐഐടിയിലെ ഡെവലപ്‌മെന്റല്‍ ഇന്‍ഫോമാറ്റിക്‌സ്‌ ലാബ്‌ ആണ്‌ ആക്വായുടെ സ്രഷ്ടാക്കള്‍.

നിങ്ങളുടെ ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം എന്ന അര്‍ഥത്തില്‍ ഓള്‍മോസ്‌റ്റ്‌ ഓള്‍ യുവര്‍ ക്വസ്‌റ്റിയന്‍സ്‌ ആന്‍സേഡ്‌ എന്നതാണ്‌ ആക്വായുടെ പൂര്‍ണരൂപം. വിദഗ്‌ധോപദേശം ലഭ്യമല്ലാത്ത കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുകയാണ്‌ ദൗത്യം. ഭൂപ്രദേശം, വിളകള്‍, കാലാവസ്ഥ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ആക്വാ നല്‍കും.

കര്‍ഷകന്‍ എങ്ങനെ പോര്‍ട്ടലില്‍?
മിക്കവാറും അക്ഷരാഭ്യാസമുണ്ടാവില്ല, അല്ലെങ്കില്‍ പ്രാദേശികഭാഷ കഷ്ടിച്ച്‌ വായിക്കാനും എഴുതാനുമുള്ള കഴിവ്‌- അങ്ങനെയുള്ള ഒരു സാധാരണ കര്‍ഷകന്‍ എങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കും എന്ന സംശയം സ്വാഭാവികം. അയാള്‍ക്ക്‌ ഏറ്റവുമടുത്തുള്ള ഇന്റര്‍നെറ്റ്‌ കിയോസ്‌കിനെ ആശ്രയിക്കാം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സാക്ഷരനായ മറ്റാരെയെങ്കിലും ആശ്രയിക്കാം. പോര്‍ട്ടലില്‍ കര്‍ഷകരെ സഹായിക്കാന്‍ ഉതകുന്ന നിരവധി ഫോറങ്ങളുണ്ടാവും. നിലവില്‍ ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും മറാത്തിയിലും ഈ സേവനം ലഭ്യമാണ്‌. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍നിന്നുള്ള വിദഗ്‌ധര്‍ ഉത്തരം നല്‍കും. ഓണ്‍ലൈനായി ചോദ്യം പോസ്‌റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇ-മെയിലോ എസ്‌എംഎസോ ഉപയോഗിക്കാം.

ഇതൊന്നും നടക്കുന്ന കാര്യമല്ല, ഇന്റര്‍നെറ്റ്‌- അതും കര്‍ഷകര്‍.. എന്നൊക്കെ ആരെങ്കിലും നെറ്റിചുളിക്കുന്നെങ്കില്‍ അവര്‍ക്കുള്ള ഉത്തരം ഇതാണ്‌- കഴിഞ്ഞവര്‍ഷം ആക്വായില്‍ 5760 പോസ്‌റ്റുകളുണ്ടായി. ഏതാണ്ട്‌ ആറുലക്ഷം വ്യൂകള്‍. രാജ്യത്തെ 600 ജില്ലകളില്‍ 290 എണ്ണത്തില്‍നിന്നും ആളുകള്‍ സംശയങ്ങള്‍ തീര്‍ക്കാനെത്തി.

സംശയനിവാരണത്തിനു പുറമേ ഒരു ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറിയും ആക്വാ നല്‍കുന്നുണ്ട്‌. ക്രോപ്‌ ഡോക്ടര്‍ എന്നു പേരുള്ള ഇതില്‍ വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച്‌ സചിത്ര വിവരങ്ങള്‍ ലഭ്യമാണ്‌. വിവിധ വിളകള്‍ പ്രാദേശിക ഭാഷകളില്‍ എങ്ങനെ അറിയപ്പെടുന്നു എന്നറിയാനുള്ള അഗ്രോ എക്‌സ്‌പ്ലോറര്‍ എന്ന സെര്‍ച്ച്‌ എന്‍ജിനും പോര്‍ട്ടലിലുണ്ട്‌.

ആക്വായ്‌ക്ക്‌ അപ്പുറം
ആക്വായുടെ വിജയത്തില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ മറ്റൊരു സംരംഭംകൂടി ഇപ്പോള്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുംബൈ ആസ്ഥാനമായി നിരവധി കാര്‍ഷിക വിദഗ്‌ധര്‍ചേര്‍ന്ന്‌ ആരംഭിച്ച സ്ഥാപനം അഗ്രോകോം എന്നാണ്‌ അറിയപ്പെടുന്നത്‌. ആക്വായില്‍നിന്ന്‌ വ്യത്യസ്‌തമായി ഇതില്‍ കര്‍ശകര്‍ക്ക്‌ ഇന്റര്‍നെറ്റിനെ ആശ്രയിക്കേണ്ടതില്ല. പകരം എസ്‌എംഎസ്‌ മെസേജുകളാണ്‌ അഗ്രോകോം ഉപയോഗപ്പെടുത്തുന്നത്‌. നിശ്ചിത തുക ഈടാക്കിയാണ്‌ അവര്‍ കാലാവസ്ഥ, രോഗബാധ എന്നിവയെക്കുറിച്ച്‌ മെസേജുകള്‍വഴി മുന്നറിയിപ്പു നല്‍കുന്നത്‌. മുന്നൂറിലേറെ കര്‍ഷകര്‍ ഈ സര്‍വീസിനു വരിക്കാരായിട്ടുണ്ട്‌.

മീന്‍വലയും നെറ്റ്‌വര്‍ക്കില്‍
കടലില്‍പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ വഴികാട്ടിയാകുകയാണ്‌ ക്വാള്‍കോം എന്ന സ്ഥാപനം. ചെന്നൈയിലെ എം.എസ്‌ സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ കാല്‍നൂറ്റാണ്ടോളമായി വീരന്‍പട്ടണം എന്ന വില്ലേജിലെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ കാലാവസ്ഥാ മുന്നറിയിപ്പുനല്‍കുന്നു. തൊഴിലാളികള്‍ കടലില്‍പോകുന്ന സമയത്താണ്‌ അവര്‍ അനൗണ്‍സ്‌മെന്റ്‌ നടത്തുക പതിവ്‌. അതിനുശേഷം കടലില്‍ ഉണ്ടാകാവുന്ന അപകടകരമായ വ്യതിയാനങ്ങളെക്കുറിച്ച്‌ തൊഴിലാളികളെ അറിയിക്കാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. അവിടെയും ടെക്‌നോളജി രക്ഷയ്‌ക്കെത്തി. ഫൗണ്ടേഷന്‍ നേരെ ക്വാള്‍കോമുമായി കൈകോര്‍ക്കുകയായിരുന്നു.

ഫിഷര്‍ ഫ്രെന്‍ഡ്‌ എന്നു പേരുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക്‌ അതിപ്രധാനമായ മുന്നറിയിപ്പുകളും വിവരങ്ങളും നല്‍കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. കാലാവസ്ഥ, മീന്‍ കൂടുതല്‍ കിട്ടാനിടയുള്ള സ്ഥലങ്ങള്‍, വിപണിയിലെ അവസ്ഥകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ തൊഴിലാളികള്‍ക്ക്‌ മൊബൈല്‍ ഫോണിലൂടെ ലഭിക്കും.

ടെക്‌നോളജി എല്ലാവരിലുമെത്തുകയാണ്‌- ജീവിതം സുരക്ഷിതമാക്കാനും അത്‌ കൂടുതല്‍ മനോഹരമാക്കാനും.

ഓഫ്‌ലൈന്‍
ഓര്‍ക്കുട്ടില്‍ ഇത്‌ വൈറസുകളുടെ കാലം.ഇക്കഴിഞ്ഞ 19-ന്‌ അവതരിച്ച ഒരു പോര്‍ച്ചുഗീസ്‌ വൈറസ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ആറര ലക്ഷത്തിലേറെ ഉപയോക്താക്കളെ ബാധിച്ചെന്നാണ്‌ കണക്ക്‌.
കോട്ടയത്ത്‌ ഒരു വ്യാജ പ്രൊഫൈല്‍ വഴിയും അതിഭയങ്കര വൈറസുകള്‍ വ്യാപിക്കുന്നുണ്ടെന്ന്‌ വാര്‍ത്ത വന്നത്‌ കഴിഞ്ഞദിവസം. സൂക്ഷിച്ചാലും അറ്റാക്കുകകളില്‍നിന്ന്‌ രക്ഷയില്ലാാ..

6 comments:

വി.ആര്‍. ഹരിപ്രസാദ് 24 ta’ Diċembru 2007 09:12  

aAQUA

കണ്ണൂരാന്‍ - KANNURAN 24 ta’ Diċembru 2007 10:43  

പുതിയ വിവരങ്ങള്‍, നന്ദി.

കൃഷ്‌ | krish 24 ta’ Diċembru 2007 11:55  

സംഗതി കൊള്ളാം.

(കോട്ടയം വൈറസ്സുകളോ.. സൂക്ഷിക്കണമല്ലേ അപ്പോള്‍!!)

കുഞ്ഞായി 24 ta’ Diċembru 2007 20:11  

താല്‍പര്യമുള്ളൊരു മേഘലയാ കൃഷി ...പുതിയ ചില അറിവുകള്‍ തന്നതിന്‌ നന്ദി

മയൂര 25 ta’ Diċembru 2007 03:37  

വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു നന്ദി:)

വി.ആര്‍. ഹരിപ്രസാദ് 27 ta’ Diċembru 2007 06:11  

സന്തോഷം കണ്ണൂരാന്‍, കുഞ്ഞായി, മയൂര..
കൃഷ്‌ 'കോട്ടയം വൈറസി'നെപ്പറ്റി അറിഞ്ഞുകാണുമല്ലോ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP