Is-Sibt, 29 ta’ Diċembru 2007

എന്റര്‍ 2008


മ്പന്‍ പ്രതീക്ഷകള്‍ ഹാംഗ്‌ ആയിപ്പോയ വര്‍ഷം- അതാണ്‌ ഐടി മേഖലയ്‌ക്ക്‌ 2007. വെബ്‌ 2.0, ഓഫീസ്‌ 2007, ആപ്പിള്‍ ഐഫോണ്‍, ഹൈ ഡെഫനിഷന്‍ ഡിസ്‌കുകള്‍ എന്നിവ തുടങ്ങി വിന്‍ഡോസ്‌ വിസ്‌റ്റ വരെയുള്ള 'സംഭവങ്ങള്‍' പ്രതീക്ഷയോളം ഉയര്‍ന്നില്ലെന്ന വിലയിരുത്തലാണ്‌ ഈ വര്‍ഷം എക്‌സിറ്റ്‌ ചെയ്യാറാവുമ്പോള്‍ വാള്‍പേപ്പറില്‍ തെളിയുന്നത്‌. ഒപ്പം ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി എന്ന ഒന്നുണ്ടോ എന്ന ചെറുതല്ലാത്ത വൈറസ്‌ ഭീഷണിയും.
മറുവശത്ത്‌ മള്‍ട്ടി കോര്‍ കംപ്യൂട്ടറുകള്‍, ഹ്യുമണ്‍ എയ്‌ഡഡ്‌ കംപ്യൂട്ടിംഗ്‌, മള്‍ട്ടി ടച്ച്‌ സ്‌ക്രീന്‍, സര്‍ഫസ്‌ കംപ്യൂട്ടര്‍, ജിപിഎസ്‌ എനേബിള്‍ഡ്‌ പോക്കറ്റ്‌ കംപ്യൂട്ടര്‍ തുടങ്ങിയവ സൃഷ്ടിച്ച അപ്രതീക്ഷിത ചലനങ്ങള്‍, വിവിധ വഴികളിലൂടെയുള്ള ഗൂഗിളിന്റെ തേരോട്ടം, കാസ്‌പര്‍സ്‌കൈ എന്ന ആന്റിവൈറസിന്റെ വിജയം, വയര്‍ലെസ്‌ കണക്ടിവിറ്റി, എംപി3, എംപി4 തരംഗം എന്നിവ ലോകമൊട്ടാകെയും സ്‌മാര്‍ട്ട്‌ സിറ്റിയുടെ വരവ്‌ കേരളത്തിനും ഉണര്‍വുനല്‍കിയ വര്‍ഷം.
ഐഫോണ്‍, വിസ്‌റ്റ ആദിയായവ
പ്രെറ്റി ടെറിഫിക്‌ എന്നാണ്‌ ഐഫോണ്‍ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. ഉപയോഗിച്ചുതുടങ്ങിയ പിറ്റേ ആഴ്‌ചയില്‍ത്തന്നെ ആളുകള്‍ അതിനൊരു വിളിപ്പേരിട്ടിരുന്നു- ഐബ്രിക്ക്‌. ഭാരക്കൂടുതല്‍തന്നെ കാരണം. ആപ്പിളിന്റെ കോഫൗണ്ടറായ സ്റ്റീവ്‌ ജോബ്‌സ്‌ കഴിഞ്ഞ ജനുവരിയിലാണ്‌ മാക്‌വേള്‍ഡില്‍ ഐഫോണ്‍ അവതരിപ്പിച്ചത്‌. ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ വിപണിയിലിറങ്ങിയവേളയില്‍ ആരാധകര്‍ രാത്രിമുതലേ കടകള്‍തുറക്കുന്നതു കാത്തുകിടന്നു. ഫോണുകള്‍ ആക്ടിവേറ്റ്‌ ചെയ്‌തുകിട്ടാനും വേണ്ടിവന്നു നീണ്ട കാത്തിരിപ്പ്‌. ഉപയോക്താക്കള്‍ മിക്കവരും ഇപ്പോള്‍ നിരാശയിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഐഫോണ്‍ എന്താണോ, അതിനെ അങ്ങനെ ട്രീറ്റ്‌ ചെയ്യാന്‍ സമയമായി എന്നാണ്‌ അവര്‍ ആപ്പിളിനോട്‌ അഭ്യര്‍ഥിക്കുന്നത്‌. ഐഫോണിന്‌ ബദലായി സര്‍വശക്തിയോടെ ജി-ഫോണ്‍ എന്നിറങ്ങുമെന്ന കാത്തിരിപ്പിലാണ്‌ ഗൂഗിള്‍ ആരാധകര്‍ ഇപ്പോള്‍. ഇന്നുവരും നാളെവരും എന്നമട്ടിലുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട്‌ മാസങ്ങളായി.
വിന്‍ഡോസ്‌ വിസ്‌റ്റയുടെ കാര്യത്തില്‍ സംഭവിച്ചതും ഏതാണ്ട്‌ ഐഫോണിനു സമാനമായ കാര്യം. നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ചെലവിട്ട്‌ നിര്‍മിച്ച ഈ വിസ്‌റ്റയാണോ മൈക്രോസോഫ്‌റ്റിനു ചെയ്യാന്‍ കഴിയുന്ന വലിയകാര്യം എന്നാണ്‌ ചോദ്യം. പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റം അപ്പാടെ കൊള്ളരുതാത്തതാണെന്നല്ല പറയുന്നത്‌. ഇന്റഗ്രേറ്റഡ്‌ സെക്യൂരിറ്റി, പാരന്റെല്‍ കണ്‍ട്രോള്‍സ്‌, ഏയ്‌റോ ഇന്റര്‍ഫേസ്‌ എന്നിവ കിടിലം. സെര്‍ച്ചിംഗ്‌, വയര്‍ലെസ്‌ നെറ്റ്‌വര്‍ക്കിംഗ്‌ എന്നിവ എക്‌സ്‌പിയേക്കാള്‍ ലളിതവും വേഗതയുള്ളതും. പക്ഷേ, ഉപയോഗിച്ചവര്‍ പറയുന്നു വിസ്റ്റ എക്‌സ്‌പിയേക്കാള്‍ സ്ലോ...
കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ വേളയില്‍ ഇന്‍കോംപാറ്റിബിലിറ്റിയായിരുന്നു വിസ്റ്റയുടെ പ്രധാനപ്രശ്‌നം. പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുവേണ്ടി പ്രോഡക്ടുകള്‍ പൊളിച്ചുപണിയാന്‍ ഹാര്‍ഡ്‌വെയര്‍, സോഫ്‌റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ ധൃതി കാട്ടിയില്ല എന്നതുതന്നെ കാര്യം. കൂടുതല്‍ സുരക്ഷ നല്‍കുമെന്ന്‌ പ്രത്യാശിച്ച യൂസര്‍ അക്കൗണ്ട്‌ കണ്‍ട്രോള്‍ ഉപയോക്താക്കളെ ശരിക്കും വട്ടാക്കുകയുംചെയ്‌തു. വിലയും വിലങ്ങുതടിയായി.
രസകരമായ ഒരു ഉപമയുണ്ട്‌: വിസ്റ്റയുള്ള പലരും കാര്യംനടക്കാന്‍ എക്‌സ്‌പിയെയാണ്‌ ആശ്രയിക്കുന്നത്‌; അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്ന്‌ ലൈഫ്‌ബോട്ടില്‍ രക്ഷപ്പെടുന്നപോലെ!പക്ഷേ വിസ്റ്റ ക്ലിക്കാവും എന്നുതന്നെയാണ്‌ വിലയിരുത്തല്‍. അത്‌ പ്രീ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടില്ലാത്ത പുതിയ കംപ്യൂട്ടറുകള്‍ കിട്ടാനും പ്രയാസം.
എണ്ണിയാലൊടുങ്ങാത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ എണ്ണിയാല്‍ ഒട്ടും ഒടുങ്ങാത്തയത്ര ആളുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. കൂട്ടുകാരെയുണ്ടാക്കല്‍, ഫോട്ടോകളും വീഡിയോകളും ഷെയര്‍ചെയ്യല്‍ എന്നിവയൊക്കെ ഗംഭീരം. പക്ഷേ ഇതൊക്കെ കഴിഞ്ഞവര്‍ഷവും സംഭവിച്ചിരുന്നു. ഇക്കൊല്ലം പുതുതായി ഒന്നും വന്നില്ല.
അടുത്തൊരു രണ്ടുകൊല്ലംകൊണ്ട്‌ ഈ നെറ്റ്‌വര്‍ക്കുകളില്‍ 90 ശതമാനവും പൂട്ടിപ്പോകുമെന്നാണ്‌ വിദഗ്‌ധമതം. ഫേസ്‌ബുക്കിന്‌ ആന്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ എന്ന പേരുംകിട്ടി. അവരുടെ ബീക്കണ്‍ അഡ്വര്‍ട്ടൈസിംഗ്‌ പരിപാടിയാണ്‌ ഇതിനിടയാക്കിയത്‌. ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ശീലങ്ങള്‍ പരസ്യക്കാര്‍ക്ക്‌ വെളിവാക്കുന്ന പരിപാടിയായിരുന്നു അത്‌. ഒടുക്കം കമ്പനിക്ക്‌ മാപ്പുപറഞ്ഞ്‌ രക്ഷപ്പെടേണ്ടിവന്നു.
ഓഫീസ്‌ 2007ന്റെ വരവും കാര്യമായില്ല. പലരും വര്‍ഷങ്ങളെടുത്താണ്‌ മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ കൃത്യമായി ഉപയോഗിക്കാന്‍ പഠിച്ചത്‌. ഇപ്പോള്‍ അതിന്റെ ഇന്റര്‍ഫേസില്‍ ഏതാണ്ടെല്ലാം മാറി. ഉപയോഗിക്കണമെങ്കില്‍ സാധാരണക്കാര്‍ ഒന്നേ എന്നു തുടങ്ങണമെന്നര്‍ഥം.
യാഹൂവില്‍നിന്ന്‌ 2007ന്‌ കാര്യമായൊന്നും കിട്ടിയില്ല. ചൈനീസ്‌ അധികൃതര്‍ക്ക്‌ സബ്‌സ്‌ക്രൈബര്‍ ഡാറ്റ കൈമാറി ഒട്ടേറെ ആളുകളെ ജയിലില്‍ അടയ്‌്‌ക്കാന്‍ സഹായിച്ചു എന്ന ചീത്തപ്പേരുമാത്രമാണ്‌ യാഹൂവിന്‌ ബാക്കി.

തൊട്ടുകൂട്ടല്‍ കംപ്യൂട്ടറുകള്‍
മള്‍ട്ടി ടച്ച്‌ സ്‌ക്രീനുകളുടെ വിജയകരമായ വരവാണ്‌ പുതുമകളിലൊന്ന്‌. മൈക്രോസോഫ്‌റ്റിന്റെ സര്‍ഫസ്‌ എന്ന കോഫീ ടേബിള്‍ കംപ്യൂട്ടര്‍തന്നെ പ്രധാനം. 30 ഇഞ്ച്‌ സ്‌ക്രീനോടുകൂടി അവതരിച്ച വിന്‍ഡോസ്‌ വിസ്‌റ്റ പി.സിയായ സര്‍ഫസ്‌ മേശമേല്‍ കംപ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും സകല സേവനങ്ങളും എത്തിക്കും.
ഹോട്ടലുകള്‍, കസീനോകള്‍, സൂപ്പര്‍ ഷോപ്പുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ്‌ സര്‍ഫസ്‌ കംപ്യൂട്ടറുകള്‍ ആദ്യം എത്തുക. ഒരേസമയം ഒട്ടേറെപ്പേര്‍ക്ക്‌ ഈ കംപ്യൂട്ടര്‍ ഉപയോഗിക്കാം. നിരവധി ഇന്‍പുട്ടുകള്‍ ഒരേസമയം കൈകാര്യംചെയ്യാന്‍ ഇതിനു ശേഷിയുണ്ട്‌. മുന്‍നിര മൊബൈല്‍ ഫോണുകളിലും ടച്ച്‌ സ്‌ക്രീന്‍ വ്യാപകമായി. ഐഫോണിന്റെ ഒരു മുഖ്യ ഫീച്ചറും ഇതുതന്നെ. ഫ്രസ്‌ട്രേറ്റഡ്‌ ടോട്ടല്‍ ഇന്റേണല്‍ റിഫ്‌ളക്‌ടന്‍സില്‍ (എഫ്‌ടിഐആര്‍) എത്തിനില്‍ക്കുകയാണ്‌ ടച്ച്‌ സ്‌ക്രീന്‍ സങ്കേതമിപ്പോള്‍.
മനുഷ്യ മസ്‌തിഷ്‌കത്തിന്റെ സവിശേഷ കംപ്യൂട്ടിംഗ്‌ ശേഷിയെ ടാപ്പ്‌ ചെയ്‌ത്‌ മെഷീനുകള്‍ക്കുള്ള തിരിച്ചറിയല്‍പ്രശ്‌നം പരിഹരിക്കാനുള്ള പഠനത്തിലാണ്‌ മൈക്രോസോഫ്‌റ്റിലെ ഒരുകൂട്ടര്‍. മനുഷ്യര്‍ മുഖങ്ങളും, മുഖങ്ങളല്ലാത്ത (ജീവനുള്ളതോ ഇല്ലാത്തതോ ആയ) വസ്‌തുക്കളും നോക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്‌ക്‌ട്രോ എന്‍സെഫലോഗ്രാഫ്‌ (ഇഇജി) ഉപയോഗിച്ച്‌ ശേഖരിക്കലാണ്‌ ഇതിന്റെ ആദ്യപടി. ഗവേഷണം വിജയപാതയിലാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നുത്‌. ഹ്യൂമണ്‍ എയ്‌ഡഡ്‌ കംപ്യൂട്ടിംഗിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു എന്നര്‍ഥം.
കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകള്‍ വൈകാതെ ഒരു ചതുരശ്ര ഇഞ്ചില്‍ ഒരു ടെറാബിറ്റ്‌ ഡാറ്റാ ശേഷിയുമായി പുറത്തിറങ്ങും. വിവരങ്ങള്‍ റീഡ്‌ ചെയ്‌തെടുക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക്‌ അതിസൂക്ഷ്‌മമായ ബിറ്റുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. യു.കെ.യിലെ നാഷണല്‍ ഫിസിക്കല്‍ ലാബറട്ടറിയില്‍നിന്നുള്ള ഗവേഷണസംഘം പുതിയൊരു റീഡ്‌-ഹെഡ്‌ സെന്‍സര്‍ മാതൃക മുന്നോട്ടുവച്ചുകഴിഞ്ഞു. കംപ്യൂട്ടിംഗിലെ മറ്റൊരു നാഴികക്കല്ലാവും ഇത്‌. 2008ല്‍ അത്‌ യാഥാര്‍ഥ്യമായേക്കും.
ഒരു സെക്കന്‍ഡില്‍ ഒരു ട്രില്യണിലേറെ കാല്‍ക്കുലേഷന്‍സ്‌ (ഏതൊരു കംപ്യൂട്ടറിന്റെയും പ്രവൃത്തിയുടെ അടിസ്ഥാനം) നടത്താന്‍ ശേഷിയുള്ള ചിപ്പ്‌ രംഗത്തെത്തിയത്‌ ഈ വര്‍ഷം സൂപ്പര്‍കംപ്യൂട്ടര്‍ രംഗത്ത്‌ ചൂടന്‍ വാര്‍ത്തയായിരുന്നു. ഒരു തപാല്‍സ്റ്റാമ്പിനോളം വലിപ്പമുള്ള ഈ അത്ഭുതത്തിനുപിന്നില്‍ മറ്റാരുമല്ല- അതിഭീമന്മാരായ ഇന്റല്‍ തന്നെ.
ട്രില്യണ്‍ എന്ന സംഖ്യയ്‌ക്ക്‌ തുല്യമായവാക്ക്‌ മലയാളത്തിലുണ്ടോ എന്നറിയില്ല. ഒരൊന്നിനുശേഷം 12 പൂജ്യങ്ങള്‍ ഇട്ടാല്‍ കിട്ടുന്ന സംഖ്യയത്രേ അമേരിക്കന്‍ കണക്കില്‍ ട്രില്യണ്‍. ചിപ്പിന്റെ വലിപ്പം നിങ്ങളുടെ പെരുവിരലിന്റെ നഖത്തേക്കാള്‍ അല്‍പം വലുത്‌. അതില്‍ അടക്കംചെയ്‌തിരിക്കുന്നത്‌ 100 ദശലക്ഷം ട്രാന്‍സിസ്റ്ററുകള്‍! ഉപയോഗിക്കുന്ന വൈദ്യുതി ഏതാണ്ട്‌ 65 വാട്ട്‌സ്‌ മാത്രം.
പ്രോഗ്രാം ചെയ്യാവുന്ന ടെറാസ്‌കെയില്‍ സൂപ്പര്‍കംപ്യൂട്ടറുകളില്‍ ആദ്യത്തേതാണ്‌ 80 കോറുള്ള ഈ ചിപ്പ്‌. ഇതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്ന്‌ ഇന്ത്യക്കാരിയായ വസന്ത എറഗുണ്ട്‌ലയാണെന്നത്‌ നമ്മെ അഭിമാനിതരാക്കുന്നു.

കണക്ടിവിറ്റി കണക്കുകള്‍
അടുത്തവര്‍ഷത്തിന്റെ തുടക്കത്തോടെ പ്രതിവര്‍ഷം 50 ലക്ഷം ബ്രോഡ്‌ബാന്‍ഡ്‌ കണക്‌ഷനുകളാണ്‌ ബി.എസ്‌.എന്‍.എല്‍ ലക്ഷ്യമിടുന്നത്‌. 1,100 പട്ടണങ്ങളിലേക്ക്‌ ബ്രോഡ്‌ബാന്‍ഡ്‌ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്‌. ഒട്ടേറെയിടങ്ങളില്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ കണക്‌ഷന്‍ കാത്തിരിക്കുകയാണ്‌. അപേക്ഷ നല്‍കി മാസങ്ങളായുള്ള കാത്തിരിപ്പ്‌. എക്യുപ്‌മെന്റ്‌സില്ല എന്ന മറുപടിയാണ്‌ എക്‌സ്‌ചേഞ്ചുകളില്‍നിന്ന്‌ ലഭിക്കുന്നത്‌. ജനുവരിയോടെ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാവുമെന്ന്‌ അധികൃതര്‍ പ്രത്യാശിക്കുന്നു.
അതേസമയം സ്വകാര്യ ദാതാക്കള്‍ ഈ രംഗത്ത്‌ അതിവേഗം മുന്നേറി. വയര്‍ലെസ്‌ കണക്ടിവിറ്റി വ്യാപകമായി. യുഎസ്‌ബി മോഡം വഴി ഗ്രാമങ്ങളില്‍പോലും ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ സുലഭം. തരക്കേടില്ലാത്ത സ്‌പീഡും കിട്ടും.മൊബൈല്‍ സ്‌ക്രീനുകളിലും താരതമ്യേന കുറഞ്ഞ നിരക്കുകളില്‍ ഇന്റര്‍നെറ്റ്‌ എത്തി. 2007 ബ്രോഡ്‌ബാന്‍ഡ്‌ വര്‍ഷമെന്ന കണക്കുകൂട്ടല്‍ കാര്യമായി തെറ്റിയില്ലെന്നര്‍ഥം.
സുരക്ഷ, വിശ്വാസ്യത,കൂടെ ആശങ്ക..
ഉപയോക്താവിന്റെ സ്വകാര്യത, ഡാറ്റയുടെ സുരക്ഷിതത്വം- 2007ന്റെ തുടക്കത്തില്‍ ഐ.ടി വിദഗ്‌ധര്‍ ലക്ഷ്യമിട്ട രണ്ടു പ്രധാന സംഗതികള്‍ ഇവയാണ്‌. സുരക്ഷാകാര്യത്തിലും സ്വകാര്യത ഉറപ്പാക്കുന്നതിലുമുള്ള പഴുതുകള്‍ അടയ്‌ക്കാന്‍ ശ്രമിക്കുംതോറും കടന്നുകയറ്റങ്ങള്‍ ഏറി. ഹാക്കിംഗുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഇ-മെയില്‍ കരുവാക്കിയുള്ള സാമ്പത്തിക തട്ടിപ്പുകളും ഭീഷണികളും സാധാരണമായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ കൊലപാതകത്തിനും മാനസിക പീഡനങ്ങള്‍ക്കും സഹായിച്ചുതുടങ്ങി. വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചുള്ള പീഡനം കേരളത്തില്‍പോലും ഒന്നിലേറെ സ്ഥലത്ത്‌ നടന്നു. സൈബര്‍ ബുള്ളിയിംഗ്‌ കടുത്ത ഭീഷണിയായി മുന്നില്‍നില്‍ക്കുന്നു. കുട്ടികള്‍ പലയിടങ്ങളിലും ഇരകളായി.
വ്യാജന്മാര്‍ കയറിപ്പറ്റിയതോടെ വിക്കിപീഡിയയ്‌ക്കുപോലും കരുതല്‍ എടുക്കേണ്ടിവന്നത്‌ ശ്രദ്ധേയം.നെറ്റ്‌ ഉപയോക്താക്കളുടെ സകല വിവരങ്ങളും കമ്പനികള്‍ ശേഖരിച്ചുവയ്‌ക്കുന്നത്‌ സാധാരണമായി. ഗൂഗിള്‍ ഇക്കാര്യത്തില്‍ യൂറോപ്പിലെ ഡാറ്റാ പ്രൊട്ടക്‌ഷന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ മറുപടി നല്‍കേണ്ടിയുംവന്നു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പനികള്‍ പരസ്യക്കാര്‍ക്ക്‌ വില്‍ക്കുന്നു എന്നതാണ്‌ പ്രധാനപ്രശ്‌നം.
സുരക്ഷാ ഭീഷണി ശക്തമായ സാഹചര്യത്തില്‍ പാസ്‌വേഡുകളുടെ കാര്യത്തില്‍ നിരവധി പഠനങ്ങള്‍ നടന്നു. സ്വന്തം കൈപ്പടയോ രേഖാചിത്രമോ ഒക്കെ പാസ്‌വേഡ്‌ ആക്കാവുന്ന ഡൈനാഹാന്‍ഡ്‌ സങ്കേതത്തിന്‌ തുടക്കമായി. ബയോമെട്രിക്‌ പാസ്‌വേഡുകളുടെ കാര്യത്തിലും ഗവേഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. സുരക്ഷ അത്യന്തം ശക്തമാക്കി ഇന്റര്‍നെറ്റിന്റെ തലവര മാറ്റാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നു. സ്‌റ്റാന്‍ഫോഡ്‌ യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ്‌ വിഭാഗവും നിരവധി ലാബുകളും ഇക്കാര്യത്തില്‍ ഗവേഷണം തുടരുന്നുണ്ട്‌.
വ്യാജ സോഫ്‌റ്റ്‌വെയറുകള്‍ പിടികൂടാന്‍ മൈക്രോസോഫ്‌റ്റ്‌ കേരളത്തിലെത്തിക്കഴിഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും അടുത്തയിടെനടന്ന റെയ്‌ഡുകള്‍ അതിന്റെ പ്രാരംഭ നടപടികളായി കണക്കാക്കിയാല്‍ അക്കാര്യത്തിലും ഉപയോക്താക്കള്‍ സൂക്ഷ്‌മത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ബ്ലോഗ്‌, ഭാഷ, പാട്ട്‌...
ബ്ലോഗുകള്‍ മുമ്പെന്നത്തേക്കാളും ശക്തമായ, സ്വന്തമായ നിലനില്‍പ്പുള്ള മാധ്യമമായി വളര്‍ന്നത്‌ ഈ വര്‍ഷമാണെന്നുപറയാം. ഭാഷയുടെ പ്രയോഗം കൂടുതല്‍ ലളിതമായതോടെ മലയാളത്തിലും വൈവിധ്യമാര്‍ന്ന ബ്ലോഗുകള്‍ പിറന്നു. ഭാഷാ കംപ്യൂട്ടിംഗിന്‌ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ നല്ല പ്രാധാന്യം നല്‍കുന്നുണ്ട്‌. ഇവരുടെ ശ്രമഫലമായി ഏതാനും സോഫ്‌റ്റ്‌വെയറുകളും വികസിപ്പിച്ചുകഴിഞ്ഞു. ഈ ശ്രദ്ധ കൂടുതല്‍ ഗുണംചെയ്യുമെന്നാശിക്കാം.
ഈ വര്‍ഷം നമ്മുടെ നാട്ടിലുണ്ടായ ഏറ്റവും പ്രത്യക്ഷമായ ടെക്‌നോളജി വികാസം യുവാക്കളുടെ പോക്കറ്റുകളെയും ബാഗുകളെയും അവരുടെ ചെവികളുമായി കണക്ട്‌ ചെയ്‌തു എന്നതാണ്‌. എംപി 3 ആയും മൊബൈല്‍ ആയും എഫ്‌എം റേഡിയോ ആയും ചെവികളില്‍ ഇയര്‍ഫോണ്‍ ഇല്ലാതെ യുവാക്കളെ കാണാനേയില്ല.
പ്രോഡക്ട്‌ ഓഫ്‌ ദ ഇയര്‍
ഒരു വെബ്‌സൈറ്റ്‌ നടത്തിയ സര്‍വേ പ്രകാരം കാസ്‌പെര്‍സ്‌കൈ എന്ന ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റിക്കാണ്‌ ഈ വര്‍ഷത്തെ മികച്ച പ്രോഡക്ടിനുള്ള ഒന്നാം സ്ഥാനം. പഴി ഏറെ കേള്‍ക്കേണ്ടിവന്നെങ്കിലും വിന്‍ഡോസ്‌ വിസ്‌റ്റ രണ്ടാം സ്ഥാനത്തും ഓഫീസ്‌ 2007 മൂന്നാം സ്ഥാനത്തും എത്തി.
ടോപ്‌ സെര്‍ച്ച്‌ ട്രെന്‍ഡ്‌സ്‌
യാഹൂവിന്റെ കണക്കുകള്‍ പ്രകാരം യുട്യൂബ്‌ എന്ന വാക്കാണ്‌ ഈ വര്‍ഷം ഏറ്റവുമേറെ സെര്‍ച്ച്‌ ചെയ്യപ്പെട്ടത്‌. നെറ്റിസണ്‍സ്‌ യുട്യൂബിനെ ആഘോഷമാക്കുകയായിരുന്നു എന്നതിന്റെ സാക്ഷ്യം. വിക്കിപീഡിയ, ഫേസ്‌ബുക്ക്‌, ഐട്യൂണ്‍സ്‌, ഐപോഡ്‌ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തെരഞ്ഞ വാക്കുകളില്‍ മുന്‍പന്തിയില്‍ ഇവയാണ്‌- ഐശ്വര്യാ റായ്‌, സാനിയ മിര്‍സ, മഹാത്മാ ഗാന്ധി, ഓര്‍ക്കുട്ട്‌, ജി-മെയില്‍...

7 comments:

420 29 ta’ Diċembru 2007 09:29  

Enter 2008

Unknown 29 ta’ Diċembru 2007 15:11  

ഹരിയേട്ടാ..കലക്കി..വെറുതെ പറയുവല്ല..ശരിക്കും കലക്കി...

സിമ്പിള്‍..യെറ്റ് വെരി ഇന്‍ഫോര്‍മേറ്റിവ്

മൂര്‍ത്തി 29 ta’ Diċembru 2007 21:46  

നല്ല പോസ്റ്റ്..നന്ദി..
നവവത്സരാശംസകള്‍...

420 31 ta’ Diċembru 2007 13:42  

സന്തോഷം മൃദുല്‍,
മൂര്‍ത്തി..
ആശംസകള്‍..

കാവിലന്‍ 3 ta’ Jannar 2008 16:19  

വിജ്ഞാനപ്രദം

മിന്നാമിനുങ്ങുകള്‍ //സജി.!! 5 ta’ Jannar 2008 10:38  

വിക്ഞാനപ്രദമായൊരു ലേഖനം തയ്യാറാക്കുവാന് താങ്കള്‍ക്ക് അഭിനന്ദനാര്‍‌ഹമായതു തന്നെ.
.പുതുവത്സരാശംസകള്‍...

420 7 ta’ Jannar 2008 08:53  

കാവിലാ, സജീ..
നന്ദി..
ആശംസകള്‍.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP