വന്നേക്കാം, വൈ-ഫൈ വൈറസ്
പകര്‍ച്ചവ്യാധിയുടെ കാലമാണിപ്പോള്‍. പനിയും ചെങ്കണ്ണും ഒന്നൊതുങ്ങിയപ്പോള്‍ ചിക്കന്‍പോക്‌സ് കളിക്കുന്നു. അസല്‍ വയര്‍ലെസാണ് സംഭവം. പകരാന്‍ ഒരു പാടുമില്ല. ഓഫീസില്‍, അയല്‍വീട്ടില്‍, സ്‌കൂളില്‍.. എവിടെയെങ്കിലും ഒരാള്‍ക്ക് വന്നാല്‍ പേടിച്ചുതുടങ്ങാം. എന്നുവേണമെങ്കിലും പ്രതീക്ഷിക്കുകയുമാവാം. മുന്‍കരുതലെടുത്താല്‍ പേടി അല്‌പമൊന്നു കുറയ്‌ക്കാമെന്നുമാത്രം.
റൂട്ടറുകള്‍ക്ക്‌പനിപ്പേടി
ഇന്ത്യാനാ യൂണിവേഴ്‌സിറ്റിലെ ഗവേഷകര്‍ പുതിയൊരുതരം പകര്‍ച്ച'വ്യാധി'യെ പേടിച്ചിരിക്കുകയാണ്. നഗരപ്രദേശങ്ങളിലെ വൈ-ഫൈ റൂട്ടറുകള്‍വഴിയുള്ള വൈറസ് ആക്രമണത്തെയാണ് അവര്‍ പേടിയോടെ പ്രതീക്ഷിക്കുന്നത്. സംഗതി നിസാരമല്ല. ഇത്തരത്തില്‍ ഒരു വൈ-ഫൈ ആക്രമണമുണ്ടായാല്‍ തടയുക എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്ക്‌് സിറ്റി പോലെ ഒരിടത്ത് പതിനായിരക്കണക്കിനു റൂട്ടറുകളെ പ്രശ്‌നത്തിലാക്കാന്‍ വെറും മണിക്കൂറുകള്‍ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ബോസ്‌റ്റണ്‍, ഷിക്കാഗോ തുടങ്ങിയവിടങ്ങളിലും റൂട്ടറുകള്‍ വൈറസ് പേടിയിലാണ്.
അല്‌പം അരക്കിറുക്കനായ അയല്‍ക്കാരനാണ് നിങ്ങളുടെ ഏറ്റവും വലിയ വൈ-ഫൈ സെക്യൂരിറ്റി റിസ്‌ക് എന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ പക്ഷം. അയാളുടെ റൂട്ടര്‍ രോഗബാധിതമായാല്‍ വൈകാതെ നിങ്ങളുടെ റൂട്ടറുകളിലും മാല്‍വെയറുകള്‍ പറന്നെത്തുമെന്നു സാരം. ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ സ്റ്റീവന്‍ മെയേഴ്‌സ് കഴിഞ്ഞ നവംബറില്‍ ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇറ്റലിയിലെ ടൊറീനോയിലുള്ള ഇന്‍സ്‌റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് ഇന്റര്‍ചേഞ്ചിന്റെ സഹകരണത്തോടെയായിരുന്നു പഠനം.
ഇത്തരം റൂട്ടറുകളില്‍ വലിയൊരു ശതമാനവും യാതൊരു സുരക്ഷയുമില്ലാതെയാണ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് സ്റ്റീവന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ആക്രമണത്തിന് ഇരയാവാന്‍ വളരെയെളുപ്പം.
പണി പാസ്‌വേഡ്‌പൊളിച്ച്
അഡ്‌മിനിസ്‌ട്രേറ്റിവ് പാസ്‌വേഡുകള്‍ ഊഹിച്ചുകണ്ടെത്തിയാവും ആക്രമണത്തിന്റെ തുടക്കം. ഉപദ്രവകാരിയായ ഫേംവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യലാവും അടുത്തപടി. റൂട്ടറുകള്‍ ഉടന്‍തന്നെ അതിന്റെ റേഞ്ചിലുള്ള മറ്റു ഉപകരണങ്ങളിലേക്ക് വൈറസുകളെ എത്തിക്കും.
നഗരപ്രദേശങ്ങളില്‍ തൊട്ടുതൊട്ട് നിരവധി വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉള്ളതിനാല്‍ റൂട്ടറുകളില്‍നിന്ന് റൂട്ടറുകളിലേക്കുള്ള ആക്രമണത്തിന്റെ വ്യാപ്‌തി വളരെക്കൂടുതലാവും.റൂട്ടറുകളുടെ നിര്‍മാണവേളയിലെ അഡ്‌മിനിസ്‌ട്രേറ്റിവ് പാസ്‌വേഡ് എന്റര്‍ചെയ്‌താണ് തുടക്കം. പാസ്‌വേഡുകള്‍ ഊഹിക്കാനുള്ള കോഡുകള്‍ നിര്‍മിക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തുടര്‍ന്ന് പൊതുവായി ഉപയോഗിക്കുന്ന പത്തുലക്ഷം പാസ്‌വേഡുകള്‍വരെ ഓരോന്നായി പരീക്ഷിക്കും. ഈ രീതിയില്‍ 36 ശതമാനംവരെ പാസ്‌വേഡുകള്‍ കണ്ടെത്താമെന്നാണ് കണക്ക്.
എന്‍ക്രിപ്‌ഷന്‍ ഉപയോഗിക്കുന്ന റൂട്ടറുകള്‍ പോലും ഇപ്പോള്‍ നിസാരമായി ക്രാക്ക് ചെയ്യാമെന്നായി. വളരെ പോപ്പുലറായിരുന്ന വയേഡ് ഇക്വിവലെന്റ് പ്രൈവസി അല്‍ഗോരിഥം വര്‍ഷങ്ങളായി ക്രാക്ക് ചെയ്‌തുതുടങ്ങിയിട്ട്. കൂടുതല്‍ സുരക്ഷിതമായ വൈ-ഫൈ പ്രൊട്ടക്‌റ്റ്‌ഡ് ആക്‌സസ് മാത്രമാണ് ഇതിന് അപവാദം. ഗവേഷകര്‍ പരീക്ഷിച്ച മോഡല്‍ ആക്രമണം അവര്‍ക്ക് നല്‍കിയത് പേടി അസ്ഥാനത്തല്ലെന്ന ഉറപ്പാണ്. അവര്‍ തെരഞ്ഞെടുത്ത സ്ഥലത്തെ റൂട്ടറുകളില്‍ ഏതാണ്ട് 40 ശതമാനം മാത്രമാണ് സുരക്ഷയ്‌ക്കായി എന്‍ക്രിപ്‌ഷന്‍ ഉപയോഗിച്ചിരുന്നത്. അതില്‍ത്തന്നെ ദുര്‍ബലമായ വയര്‍ലെസ് എന്‍ക്രിപ്‌ഷന്‍ പ്രോട്ടോകോള്‍ ലളിതമായി തകര്‍ക്കുകയും ചെയ്യാമായിരുന്നു.
ഉപയോക്താക്കളില്‍ ഭൂരിഭാഗവും റൂട്ടറിന്റെ ഡിഫോള്‍ട്ട് പാസ്‌വേഡ് മാറ്റാന്‍പോലും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് രസകരം. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍നിന്ന് വ്യത്യസ്‌തമായി വയര്‍ലെസ് ലോക്കല്‍ ഏരിയാ നെറ്റ്‌വര്‍ക്കുകള്‍ മിക്കപ്പോഴും 'ഓണ്‍' ആയിരിക്കും. ഇത്തരം റൂട്ടര്‍ ഇന്‍ഫെക്‌ഷനുകള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗവുമില്ല. അതുകൊണ്ടുതന്നെ പ്രശ്‌നം അല്‌പം ഗുരുതരമാവുന്നു.
ഇന്നോ നാളെയോ ഉണ്ടായില്ലെങ്കിലും ഒരാക്രമണം കരുതിയിരിക്കാമെന്നു ചുരുക്കം. അമേരിക്കയില്‍നിന്ന് ഇവിടെ എത്തില്ലെന്നുമില്ല. അതുകൊണ്ടുതന്നെ വൈ-ഫൈ പ്രൊട്ടക്ടഡ് ആക്‌സസ് എന്‍ക്രിപ്‌ഷനും സ്‌ട്രോംഗ് പാസ്‌വേഡും ഒരുക്കിവയ്‌ക്കാം.
ഓഫ്‌ലൈന്‍
കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ ലാപ്‌ടോപ്പുകള്‍ നല്‍കുക ലക്ഷ്യമിട്ട് തുടങ്ങിയ ഒ.എല്‍.പി.സി (വണ്‍ ലാപ്‌ടോപ് പെര്‍ ചൈല്‍ഡ്) പ്രോജക്ടില്‍നിന്ന് ഇന്റെല്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. കാരണമെന്തായാലും കുട്ടിക്കളി തുടരുന്നുണ്ട്.
2 comments:
A Wi-Fi Virus Outbreak?
Experts say
It's Possible
നല്ല ലേഖനം മാഷേ...
അങ്ങനെ ഒരു വൈറസ് വന്നാല്‍ പെട്ടതു തന്നെ.
:)
Post a Comment