വായനയോ വീഡിയോ ഷെയറിംഗോ?
വെറുതെ ഒരു കഥവായിക്കുന്നതിനേക്കാള്‍ ചിത്രകഥ വായിക്കാനായിരുന്നു ഒട്ടുമിക്ക കുട്ടികള്‍ക്കും പ്രിയം. ചിത്രകഥപോയി കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും സിനിമാ ചാനലുകളുമായി പിന്നത്തെ കമ്പം. ഗെയിമും സിനിമയും അരികില്‍വച്ച് യുവത്വമിന്ന് വീഡിയോ ഷെയറിംഗ് സൈറ്റുകളില്‍ കണ്ണുനട്ടിരിപ്പാണ്.
വായിക്കാനുള്ള താത്‌പര്യവും കഴിവും എവിടെ അടയുന്നു എന്ന് സംശയിക്കുന്നവര്‍ക്കുമുന്നില്‍ യുട്യൂബ് വീഡിയോയുടെ ഇത്തിരിച്ചതുരം തുറക്കുന്നു. ലോഡിംഗ്....
വാാൗൗൗ..വീഡിയോ
നാട്ടിന്‍പുറങ്ങളില്‍ വീഡിയോയ്‌ക്ക് ഇഷ്ടക്കാരെയുണ്ടാക്കിക്കൊടുത്തത് കല്യാണങ്ങള്‍തന്നെയായിരിക്കണം. വീഡിയോ ഇല്ലാത്ത കല്യാണം ഇടക്കാലത്ത് ചിന്തിക്കാന്‍പോലും ആവില്ലായിരുന്നു. കാസറ്റ്, വി.സി.ആര്‍ യുഗം മെല്ലെ പിന്‍വലിയുമ്പോള്‍ സി.ഡികളില്‍ കാഴ്‌ചാസങ്കല്‌പങ്ങള്‍ മിഴിവാര്‍ന്നു നില്‌പുണ്ടായിരുന്നു. വി.സി.ആറുകള്‍ പൊടിയടിഞ്ഞ് കാഴ്‌ചയലമാരകളിലേക്ക് സ്ഥലംമാറ്റപ്പെട്ടു.
പിന്നെ ഡി.വി.ഡി വന്നു. ഹാന്‍ഡികാമുകളുടെ വരവോടെ ചലനങ്ങള്‍ പകര്‍ത്തിവയ്‌ക്കല്‍ കൂടുതല്‍ ജനകീയമായി. ഇന്ന് അത്യാവശ്യം കൊള്ളാവുന്ന ഡിജിറ്റല്‍ കാമറകളിലും മൊബൈല്‍ ഫോണുകളിലുംവരെ തെറ്റില്ലാതെ വീഡിയോ റെക്കോഡ് ചെയ്യാം. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലോ സി.ഡിയിലോ ഫ്‌ളാഷ് മെമ്മറികളിലോ ഒക്കെ പകര്‍ത്തി സൂക്ഷിച്ചുവയ്‌ക്കാം. മൊബൈല്‍ ഫോണുകളിലും പോര്‍ട്ടബിള്‍ വീഡിയോ പ്ലെയറുകളിലും തുടങ്ങി വൈബ്‌സൈറ്റില്‍വരെ ഇഷ്ടാനുസരണം കാണുകയുംചെയ്യാം. മാത്രമല്ല മറ്റുള്ളവരെ കാണിക്കുകയുമാവാം.
വീഡിയോ ക്ലിപ്പിംഗുകള്‍ പങ്കുവയ്‌ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്ന സൈറ്റുകളുടെ നല്ലകാലമായിരുന്നു കഴിഞ്ഞവര്‍ഷം. ഈ സേവനം സൗജന്യമായി നല്‍കുന്ന അസംഖ്യം സൈറ്റുകളുണ്ട് ഇപ്പോള്‍. മുന്‍പന്തിയില്‍ ഗൂഗിളിന്റെ യൂട്യൂബ്‌തന്നെ. 2005 ഫെബ്രുവരിയില്‍ തുടക്കംകുറിച്ച യുട്യൂബിനെ 2006 നവംബറിലാണ് ഗൂഗിള്‍ ഏറ്റെടുത്തത്.
ജനപ്രിയം, ജനകീയം
കഴിഞ്ഞവര്‍ഷം ഏറ്റവും ജനപ്രിയമായത് ഓണ്‍ലൈന്‍ വീഡിയോ സൈറ്റുകളാണെന്ന് കണക്കുകള്‍ പറയുന്നു. അടുത്തയിടെ നടന്ന ഒരു പഠനപ്രകാരം ഓണ്‍ലൈനില്‍ കയറുന്ന മുതിര്‍ന്നവരില്‍ 48 ശതമാനവും വീഡിയോ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് സമ്മതിക്കുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തിലേതിനേക്കാള്‍ 45 ശതമാനം അധികമാണിത്. കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനുമിടയ്‌ക്ക് 2,054 അമേരിക്കക്കാരില്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍. ഇവരില്‍ 1,359 പേരും വീഡിയോ ഷെയറിംഗ് സംബന്ധമായ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു. യുവാക്കളില്‍ വലിയൊരു ശതമാനവും ദിവസേന ഒരിക്കലെങ്കിലും വീഡിയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന വനിതകളുടെ എണ്ണം 120 ശതമാനവും 30നും 49നും ഇടയ്‌ക്കുള്ളവരുടെ എണ്ണം 100 ശതമാനവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം 160 ശതമാനവും വര്‍ധിച്ചു.
പോസ്‌റ്റ് ചെയ്യപ്പെടുന്ന വീഡിയോ ക്ലിപ്പിംഗുകളുടെ എണ്ണത്തിലും വന്‍ വര്‍ധന ദൃശ്യമാണ്. അമേരിക്കക്കാരില്‍ 22 ശതമാനം പേര്‍ സ്വന്തമായി വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നുവെന്നും അതില്‍ 14 ശതമാനംപേര്‍ അവ ഓണ്‍ലൈനില്‍ പോസ്‌റ്റ് ചെയ്യുന്നുവെന്നും സര്‍വേ കണ്ടെത്തി.
ബ്രോഡ് ബാന്‍ഡ് കണക്‌ഷനുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും പശ്ചാത്തലത്തിലുണ്ട്. 54 ശതമാനം അമേരിക്കക്കാര്‍ക്കും ബ്രോഡ് ബാന്‍ഡ് ഉണ്ടെന്നാണ് കണക്ക്.
ടു റീഡ് ഓര്‍നോട്ട് ടു റീഡ്..
വീഡിയോകളില്‍ ഇത്രയുംപേര്‍ പോസ്‌റ്റ് ചെയ്യുന്നതെന്ത്, അവര്‍ക്ക് കാണാന്‍ ഇഷ്ടമുള്ളതെന്ത് എന്നീ ചോദ്യങ്ങള്‍ നില്‍ക്കുമ്പോള്‍ത്തന്നെ അതിലും പ്രധാനമായ മറ്റൊരു ചോദ്യമുണ്ട്- വായിക്കണോ, വായിക്കണ്ടേ? ഇതൊരു ദേശീയ പ്രാധാന്യമുള്ള ചോദ്യമാണ് അമേരിക്കയില്‍. 18നും 24നും ഇടയ്‌ക്ക് പ്രായമുള്ളവരില്‍ ഈയിടെ അതിനും ഒരു സര്‍വേ നടത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിപേരും ഒരു വര്‍ഷത്തിലേറെയായി ഒരു പുസ്‌തകംപോലും (പഠിക്കാനുള്ളതൊഴികെ) വായിച്ചിട്ടില്ല. നമ്മുടെ നാട്ടിലെ സ്ഥിതിയും ഇതില്‍നിന്ന് ഏറെയൊന്നും വ്യത്യസ്‌തമാവാനിടയില്ല.
നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് എന്ന ഏജന്‍സിയാണ് അമേരിക്കയില്‍ സര്‍വേ നടത്തിയത്. അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു ഭാഗം പ്രസക്തമാണ്: 'പുത്തന്‍ ഇല്‌ക്ട്രോണിക് മീഡിയയുടെ ഗുണഫലങ്ങള്‍ എന്തുതന്നെയായാലും, അവ ഫലപ്രദമായ വായന നല്‍കുന്ന ബുദ്ധിപരവും വ്യക്തിത്വവികാസത്തിന് സഹായകരവുമായ ഗുണങ്ങള്‍ക്ക് പകരംവയ്‌ക്കാനാവില്ല'. അതേസമയം വീഡിയോ ഗെയിമുകള്‍ ബുദ്ധികൂര്‍മതയും ഏകോപനശേഷിയും വര്‍ധിപ്പിക്കുമെന്ന് മറ്റുചില പഠനങ്ങള്‍ പറയുന്നു. വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ രാഷ്ട്രീയ സാമൂഹിക സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്നുവെന്നും അവര്‍ സമര്‍ഥിക്കുന്നു. ഏതാണ് ശരിയെന്ന് അവരവര്‍ തീരുമാനിക്കട്ടെ.
ഓഫ്‌ലൈന്‍
ഇ-മലിനീകരണം ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഗ്രീന്‍ കംപ്യൂട്ടിംഗ് ഒരു കോര്‍പറേറ്റ് ട്രെന്‍ഡുമായി മാറുന്നു. കംപ്യൂട്ടറുകള്‍ കൂടുതല്‍ ഇക്കോ-ഫ്രെന്‍ഡ്‌ലി ആക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം.അസ്യൂസിന്റെ (http://www.asus.com/) ഇക്കോ ബുക്ക് ലാപ്‌ടോപ്പ് അതില്‍ മികച്ചൊരു കാല്‍വയ്‌പ്പാണ്. കീകള്‍, ട്രാക്ക് പാഡ്, മോണിറ്റര്‍ എന്നിവയൊഴികെ അതിന്റെ കവര്‍ നിര്‍മിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നല്ലേ- അസല്‍ മുളകൊണ്ട്.
5 comments:
waww, video...
ഇ-മലിനീകരണം യൂ ട്യൂബ് ചെറുചതുരങ്ങളില്‍ അനവധിയാണു...
നല്ല കുറിപ്പു
നല്ല ലേഖനം മാഷേ...
:)
ശരിയാണ് അനാഗതശ്‌മശ്രു,
ഇ-മലിനീകരണത്തിന് ആ അര്‍ഥവും
വളരെ നന്നായി ചേരും!
സന്തോഷം ശ്രീ..
ശ്രദ്ധിക്കപ്പേടേണ്ട ലേഖനം.
സ്ഥാനത്തും അസ്ഥാനത്തുമൊക്കെ വീഡിയോ ഷൂട്ട് ചെയ്യുന്നതിനെ തന്റെ സിനിമകളില്‍ വിമര്‍ശിക്കാറുണ്ട് മിഷേല്‍ ഹാനേക് എന്ന സംവിധായകന്‍. ഇന്നാകട്ടെ ചിത്രകഥകളും നോവലുകളുമെല്ലാം സിനിമകളായിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളുടെ സ്ഥാനം കാഴ്‌ചകള്‍ക്ക് നല്കുന്നത് കാലഘട്ടത്തിന്റെ സ്വഭാവമാനെന്നു പറയാം. ജീവിതം അത്രമേല്‍ 'വേഗാതുരത'മായിരിക്കുന്നു. ഭാവനാദാരിദ്ര്യമാണ് ഇതിന്റെ ഫലം.
Post a Comment