യാദ് വോ ആയേരീ..
ക്രമേണ രണ്ടായിപ്പിരിയുന്ന റെയില്‍പ്പാളം. പഴയൊരോര്‍മപോലെ തീവണ്ടിയുടെ ശബ്ദം. ഇരുട്ടുമൂടിയ ഒരു തുരങ്കത്തിലൂടെയാണ് വണ്ടിയുടെ പാച്ചില്‍. മുഴക്കം..
അത്ര സ്വരശുദ്ധിയില്ലാത്ത ഒരു ഹാര്‍മോണിയത്തിന്റെയും മുളംതണ്ടില്‍ ചൂളംവിളിക്കുന്ന കാറ്റിന്റെയും ശബ്ദംകൂടി കേള്‍ക്കാമെന്നായി പിന്നെ. സൂക്ഷ്‌മമായി ചെവിയോര്‍ത്താല്‍മാത്രം. ഒട്ടകലെനിന്നാണ്..
പെട്ടെന്നാണ്- ഒരു മിന്നല്‍പ്പിണര്‍പോലെ നീ. നിന്റെ മുടിയിഴകള്‍ കാറ്റില്‍പ്പറക്കുന്നുണ്ടായിരുന്നു. എവിടെയോ പരിചയമുള്ളപോലെ, നീയൊരു നേര്‍ത്ത ചിരി ചിരിച്ചു. ഹോ! ഒരു ചിരി! പിന്നെ ഒരു നൈലോണ്‍ ഗിറ്റാറിന്റെകൂടി ശബ്ദം കേള്‍ക്കാമെന്നായി. പിന്നാലെ പിയാനോ.. ഡോലക്.. തബല.. സാക്‌സഫോണ്‍..
പക്ഷേ, രണ്ടായിപ്പിരിയുന്ന റെയില്‍പ്പാളം അപ്പോഴും അകലെ... ഒന്നങ്ങനെ.., ഒന്നിങ്ങനെ...
*** *** ***
ടിവി ചാനലില്‍ കേട്ട ഓര്‍മയില്‍, അന്നുവരെ ഒരു മ്യൂസിക് ആല്‍ബം തേടിയും അത്രമാത്രം അലയേണ്ടിവന്നിട്ടില്ല. ഷോപ്പുകളില്‍ പലവട്ടം കയറിയിറങ്ങി. യൂഫോറിയയില്ല. ഏതാണ്ട് മൂന്നുമാസത്തോളം രണ്ടാവുന്ന റെയില്‍പ്പാളവും ആ ഹാര്‍മോണിയവും വേട്ടയാടിക്കൊണ്ടിരുന്നു. ഒടുക്കം, ഒടുക്കമത് കിട്ടി- 'ഫിര്‍ ധൂം'.
അന്ന് (എട്ടുവര്‍ഷമായെന്ന് തെളിവില്ലാത്ത ഓര്‍മ) അതൊരു പുതിയ സംഗീതാനുഭവമായിരുന്നു. ഭാരതീയവും പാശ്ചാത്യവുമായ ശൈലികളെ സമന്വയിപ്പിക്കുന്ന ആ ശൈലിയെ സ്രഷ്ടാക്കള്‍ ഹിന്‍ഡ്‌റോക്ക് എന്നാണ് വിളിച്ചിരുന്നത്. ചിതറിത്തെറിക്കുന്ന റോക്കില്‍ ഒരു നുള്ള് ഫോക്ക്- ഒരു യൂണീക് അമാല്‍ഗമേഷന്‍! എല്ലാറ്റിനും മുകളില്‍ ഈ പ്രപഞ്ചത്തിലെ സ്‌നേഹം അത്രയും. അതായിരുന്ന യൂഫോറിയക്കാര്‍ക്ക് ഫിര്‍ ധൂം.
ആദ്യ ആല്‍ബമായ ധൂമിനുശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് യൂഫോറിയ ഫിര്‍ ധൂം അവതരിപ്പിച്ചത്. തുടക്കത്തില്‍ അവര്‍ക്ക് ഒരു പാട്ടിനെക്കുറിച്ചുപോലും രൂപമില്ലായിരുന്നെന്ന് പിന്നീടവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു- ഒരു ദിവസം പുലര്‍ച്ചെ മൂന്നരയോടെ 'മായെരി' പിറക്കുന്നതുവരെ. (കേള്‍ക്കുക, ഫിര്‍ ധൂം എന്ന ആല്‍ബത്തിലെ അസാമാന്യ ശക്തിയുള്ള ടൈറ്റില്‍ സോംഗ് ആണ് 'മായെരീ, യാദ് വോ ആയേരീ..'). വരികള്‍ കുറിച്ച ജയ്‌ദീപ് അതിനെയൊരു ഹെല്‍ത്തി ബേബി ആയാണ് വിശേഷിപ്പിച്ചത്. പിന്നെയവര്‍ പതിനഞ്ചുപാട്ടുകൂടി ഉണ്ടാക്കി. അതില്‍നിന്ന് തെരഞ്ഞെടുത്ത പതിനൊന്നെണ്ണമായിരുന്നു ഫിര്‍ ധൂമില്‍.
അന്ന് മായെരി ഒരു അതിശയമായിരുന്നു- സംഗീതത്തിലും അവതരണത്തിലും (ഇന്നുമതെ). തീര്‍ത്തും അനുയോജ്യമായ ഇന്‍സ്‌ട്രമെന്റ്‌സ് മാത്രം. അതിലേക്ക് പലാഷിന്റെ ശബ്ദവും.
മുന്‍വിധികളില്ലാതെ ഒന്നു കേട്ടുനോക്കുക, കണ്ണീരിന്റെ രുചിയറിയുക.
*** *** ***
പേരില്ലാത്ത, മുഖമില്ലാത്ത ദൈവത്തിലാണ് തങ്ങള്‍ക്കുവിശ്വാസമെന്ന് യൂഫോറിയക്കാര്‍ അന്നുപറഞ്ഞു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ ഉറവിടം ആ ദൈവമത്രേ; സംഗീതത്തിന്റെയും.
(പണ്ടുകേട്ട ഒരു പാട്ട് ഇന്നലെ വീണ്ടും കേട്ടപ്പോള്‍..
ഈ കുറിപ്പ് അന്ന് പത്രത്തില്‍ എഴുതിയതില്‍നിന്ന്)
3 comments:
പണ്ടുകേട്ട ഒരു പാട്ടിന്റെ ഓര്‍മ.
യൂഫോറിയയുടെ ഫിര്‍ ധൂമിന്റെ ഓര്‍മ്മക്കുറുപ്പ് നന്നായി,ഫിര്‍ ധൂമിലെ രണ്ടു പാട്ടുകളെ ഞാന്‍ കേട്ടിടുണ്ടായിരുന്നുള്ളൂ, ബാക്കി കൂടെ കേള്‍ക്കാന്‍ ഇപ്പോള്‍ തോന്നുന്നൂ..നന്ദി:)
:)
Post a Comment