It-Tnejn, 21 ta’ Jannar 2008

കൈവിടാതെ ഡാറ്റ, കാര്‍ട്ടൂണ്‍ കാഴ്‌ച

നഷ്ടപ്പെട്ട ഒരു വസ്‌തു തെരഞ്ഞുപിടിക്കുന്നതിനെക്കുറിച്ച്‌ തലപുകച്ച്‌ തുടങ്ങാം. അതൊരു സ്വര്‍ണത്തിന്റെ കഷണമാണെങ്കിലോ? അന്നുപോയ വഴികള്‍ സൂചിമുനക്കണക്കില്‍ അരിച്ചുപെറുക്കിയാലും ചിലപ്പോള്‍ കണ്ടുകിട്ടിയെന്നുവരില്ല. വിധിയെന്നു സമാധാനിക്കേണ്ടിയുംവരും.
മാര്‍ക്കുകടലാസുകള്‍, രേഖകള്‍, പ്രമാണങ്ങള്‍, ചിത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ഒരു ക്രമവുമില്ലാതെ എന്തും എപ്പോള്‍ വേണമെങ്കിലും കൈമോശംവരാം- പുതിയ കാലത്ത്‌ ഏറ്റവും അമൂല്യമായ സമ്പാദ്യമായി കരുതാവുന്ന ഡാറ്റവരെ!
സൂക്ഷ്‌മതയെ കുറിച്ചുതന്നെ
വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കല്‍ കംപ്യൂട്ടര്‍ലോകത്ത്‌ ഒരേസമയം ലളിതവും അതിസങ്കീര്‍ണവുമാണ്‌. വ്യക്തിപരമോ ബിസിനസുമായി ബന്ധപ്പെട്ടതോ ആയ ഡാറ്റ (വിവരങ്ങള്‍) മിക്കവാറും ഹാര്‍ഡ്‌ ഡിസ്‌കുകളിലാണ്‌ സൂക്ഷിക്കപ്പെടുന്നത്‌. അല്ലെങ്കില്‍ സിഡിയിലോ ഡിവിഡിയിലോ. കൂടിപ്പോയാല്‍ യുഎസ്‌ബി ഹാര്‍ഡ്‌ ഡ്രൈവില്‍. അത്യപൂര്‍വമായി മാത്രം ഓണ്‍ലൈന്‍ അധിഷ്‌ഠിതമായും. വൈറസ്‌ ആക്രമണങ്ങള്‍, സിസ്‌റ്റത്തിനു സംഭവിക്കാവുന്ന തകരാറുകള്‍, ഹാര്‍ഡ്‌വെയറിലുണ്ടാവുന്ന ക്രമക്കേടുകള്‍ തുടങ്ങി എന്തും ഡാറ്റയ്‌ക്ക്‌ ഭീഷണിയാവാം. അതുകൊണ്ടുതന്നെ ആശങ്കയില്ലാത്ത ഉറക്കത്തിന്‌ ഒരു ആശ്രയമേയുള്ളൂ- ബാക്ക്‌ അപ്പ്‌.
താങ്ങാവുന്ന ചെലവിലുള്ള സ്റ്റോറേജ്‌ സംവിധാനത്തിന്റെയും, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സോഫ്‌റ്റ്‌വെയറുകളുടെയും അഭാവം അടുത്തകാലംവരെ ബാക്ക്‌ അപ്പ്‌ എന്നതിനെ പറച്ചിലില്‍ ഒതുക്കുകയാണ്‌ പതിവ്‌. ഇന്ന്‌ വാള്‍പേപ്പര്‍ മാറി. നിസാരചെലവില്‍ സ്റ്റോറേജ്‌ സൗകര്യങ്ങളും അതിഗംഭീരങ്ങളായ സോഫ്‌റ്റ്‌വെയറുകളും ഇന്ന്‌ ലഭ്യമാണ്‌. സ്വന്തം ആവശ്യങ്ങളറിഞ്ഞ്‌ തെരഞ്ഞെടുക്കാന്‍ ഉപാധികള്‍ അനവധി. സിഡി, ഡിവിഡി എന്നിവയേക്കാള്‍ യുഎസ്‌ബി ഡ്രൈവുകളിലാണ്‌ ഉപയോക്താക്കളുടെ കണ്ണുകളിപ്പോള്‍. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ബാക്ക്‌ അപ്പ്‌ സാധ്യമാവുന്ന സോഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടെയാണ്‌ വണ്‍-ടച്ച്‌ ബാക്കപ്പ്‌ സൗകര്യമുള്ള ഡ്രൈവുകള്‍ എത്തുന്നത്‌.
സോഫ്‌റ്റ്‌്‌വെയറുകള്‍- ഹാര്‍ഡല്ലാതെ
സോഫ്‌റ്റ്‌വെയറുകള്‍ രണ്ടു രീതിയിലാണ്‌ ബാക്കപ്പ്‌ സാധ്യമാക്കുന്നത്‌. ഇമേജ്‌, ഫയല്‍ എന്നിങ്ങനെ. ഓണ്‍ലൈന്‍ അധിഷ്‌ഠിതമായ ബാക്ക്‌ അപ്പ്‌ പ്രചാരത്തിലായി വരുന്നതേയുള്ളൂ. ഡാറ്റ ഓട്ടോമാറ്റിക്‌ ആയി തങ്ങളുടെ സെര്‍വറുകളില്‍ ബാക്ക്‌ ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ്‌ സ്‌റ്റോറേജ്‌ കമ്പനികള്‍ ചെയ്യുന്നത്‌. സേവനത്തിന്‌ നിശ്ചിത തുക നല്‍കണം എന്നുമാത്രമല്ല ബ്രോഡ്‌ബാന്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രമേ ഇത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുമുള്ളൂ.
ബജറ്റ്‌, ആവശ്യകത എന്നിവയ്‌ക്ക്‌ അനുസൃതമായി സോഫ്‌റ്റ്‌വെയറുകളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക്‌ ഇഷ്ടംപോലെ തെരഞ്ഞെടുപ്പുനടത്താം. ബാക്ക്‌ അപ്പ്‌, റിക്കവറി സോഫ്‌റ്റ്‌വെയറുകള്‍ കാശുമുടക്കിയും ഫ്രീ ആയും സംഘടിപ്പിക്കാം. അവയില്‍ ഏതാനും ചിലതിനെക്കുറിച്ച്‌ ചുവടെ.
ബാക്ക്‌ അപ്പ്‌ വേണം, കാശില്ല എന്നാണ്‌ നിങ്ങളുടെ നിലപാടെങ്കില്‍ ബാക്ക്‌2സിപ്‌ എന്ന ഫ്രീവെയറിനെ ആശ്രയിക്കാം. കാശുമുടക്കേണ്ട എന്നുസാരം. ലളിതമായ ഇന്റര്‍ഫേസും ആവശ്യത്തിനുമാത്രം ഓപ്‌ഷനുകളുമുള്ള ഡാറ്റാ ബാക്ക്‌ അപ്‌ സോഫ്‌റ്റ്‌വെയര്‍ ആണ്‌ ബാക്ക്‌2സിപ്‌.
കാശുകൊടുത്ത്‌ കൂടുതല്‍ കാര്യക്ഷമമായി ബാക്ക്‌ അപ്പ്‌ വേണമെങ്കില്‍ നോര്‍ട്ടണ്‍ ഗോസ്‌റ്റ്‌ 12വിന്റെ പിന്നാലെ പോവാം. 2800 രൂപയോളം കൊടുത്താല്‍ കൂടുതല്‍ ഓപ്‌ഷനുകളുള്ള ഈ സോഫ്‌റ്റ്‌വെയര്‍ ലഭിക്കും. വിന്‍ഡോസിലെ സിസ്‌റ്റം റീസ്റ്റോര്‍ ചെയ്യുന്നതിനു സമാനമായി പീരിയോഡിക്‌ റീസ്‌റ്റോര്‍ പോയിന്റുകളുണ്ടാക്കാനും ഗോസ്‌റ്റിനുകഴിയും.
ഒന്നിലേറെ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ബിസിനസ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഏറെ അനുയോജ്യമാണ്‌ വെംബു സ്റ്റോര്‍ഗ്രിഡ്‌ സോഫ്‌റ്റ്‌വെയര്‍. നെറ്റ്‌വര്‍ക്കിലുണ്ടാവുന്ന ഫ്രീസ്‌പേസ്‌ ഉപയോഗപ്പെടുത്തിയാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഫ്രീ വേര്‍ഷന്‍ വിന്‍ഡോസില്‍ മാത്രമേ ഉപയോഗിക്കാനാവൂ. ശരാശരി സ്‌പെസിഫിക്കേഷനുള്ള സിസ്റ്റങ്ങളിലും നന്നായി പ്രവര്‍ത്തിക്കും എന്നതാണ്‌ ഇതിന്റെ ഒരു മേന്മ. വിലകൊടുത്തു വാങ്ങാവുന്ന വേര്‍ഷനില്‍ മാത്രമേ മുഴുവന്‍ ഫീച്ചറുകളും ലഭ്യമാവൂ.
ഓണ്‍ലൈന്‍ ബാക്ക്‌ അപ്പ്‌ ഒരു ചെലവേറിയ രീതിയായി തുടരുന്നെങ്കിലും വ്യക്തിഗത ഉപയോക്താക്കള്‍ക്ക്‌ താങ്ങാവുന്ന പാക്കേജുകളുമായി കമ്പനികള്‍ രംഗത്തുണ്ട്‌. ഐഡ്രൈവ്‌ (http://www.idrive.com/) പോലുള്ള സേവന ദാതാക്കള്‍ 2 ജിബി സ്‌റ്റോറേജ്‌ സൗജന്യമായാണ്‌ നല്‍കുന്നത്‌. പ്രതിവര്‍ഷം 4000 രൂപ മുടക്കിയാല്‍ 500 ജിബിവരെ ഡാറ്റ സൂക്ഷിക്കാവുന്ന പാക്കേജ്‌ ബിസിനസുകാര്‍ക്കും അനുയോജ്യമാണ്‌.
ഡാറ്റ സൂക്ഷിക്കണമെന്നുള്ളവര്‍ക്ക്‌ സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിച്ച്‌ അവ മറ്റൊരു ഹാര്‍ഡ്‌ ഡിസ്‌കില്‍ സൂരക്ഷിതമാക്കുക എന്നതാണ്‌ കുഴപ്പമില്ലാത്ത വഴി. എക്‌സ്റ്റേണല്‍ ഡ്രൈവ്‌ തന്നെയാവുന്നത്‌ കൂടുതല്‍ അഭികാമ്യം. 4500നും ആറായിരത്തിനുമിടയ്‌ക്ക്‌ മുടക്കിയാല്‍ 160 ജിബി ശേഷിയുള്ള എക്‌സ്റ്റേണല്‍ ഡ്രൈവ്‌ കിട്ടുമെന്നിരിക്കേ ഡാറ്റ നഷ്ടപ്പെടുന്നതുവരെ എന്തിനു കാത്തിരിക്കണം!
കാര്‍ട്ടൂണ്‍ ഓണ്‍
രാജ്യത്തെ ഇന്റര്‍നെറ്റ്‌ ചരിത്രത്തില്‍ ഇടംനേടാന്‍ ഒരു മലയാളി കാര്‍ട്ടൂണിസ്‌റ്റും മലയാളികളുടെ വെബ്‌സൈറ്റും ഒരുങ്ങുന്നു. ടി.കെ. സുജിത്തിന്റെ തെരഞ്ഞെടുത്ത 160-ലേറെ കാര്‍ട്ടൂണുകള്‍ ഇന്ദുലേഖ (http://www.indulekha.com/) യിലാണ്‌ ഇന്ററാക്ടീവ്‌ ആസ്വാദനാനുഭവം നല്‍കുന്നത്‌. ഇന്നുമുതല്‍ ഓണ്‍ലൈനില്‍ കാര്‍ട്ടൂണുകള്‍ കാണാം. കാഴ്‌ചക്കാരുടെ ആവശ്യമനുസരിച്ച്‌ സുജിത്ത്‌ ഇന്ദുലേഖയിലൂടെ കാര്‍ട്ടൂണ്‍ വരച്ചുനല്‍കുകയും ചെയ്യും. ഇന്ത്യയില്‍ ഇത്തരമൊരു എക്‌സിബിഷന്‍ ആദ്യമായാണ്‌.


നാളെ രാവിലെ 11ന്‌ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ചുതന്നെ ഉദ്‌ഘാടനം നിര്‍വഹിക്കും. കാര്‍ട്ടൂണുകളുടെ ഹാര്‍ഡ്‌ കോപ്പികള്‍ നാളെ വി.ജെ.ടി ഹാളിലും പ്രദര്‍ശനത്തിനുണ്ടാവും.
ഓഫ്‌ലൈന്‍
വീഡിയോ ഷെയറിംഗ്‌ ഒരേസമയം ഗുണവും ദോഷവുമായ കഥ: കിംഗ്‌ ബേഡ്‌ റോഡ്‌ എന്നറിയപ്പെടുന്ന റൂഡി വില്ലന്യൂവ അധോലോക സംഘാംഗമാണ്‌. അബദ്ധത്തിന്‌ അയാള്‍ തോക്കുകള്‍ ചൂണ്ടി 'ബേബി, ഞാന്‍ ഇവിടെയുണ്ട്‌' എന്നു വിളിച്ചുപറയുന്ന വീഡിയോ യുട്യൂബിലിട്ടു.
അയാളിപ്പോള്‍ മയാമി പോലീസിന്റെ പിടിയിലാണെന്ന്‌ അവിടെനിന്നുള്ള പത്രങ്ങളും വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാലും യുട്യൂബേ..!!

0 comments:

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP