Il-Ħamis, 31 ta’ Jannar 2008

വിന്‍ഡോസിന്‌ ബൈ-പാസ്‌


ഒരു കൈ ഓടുന്ന കാറിന്റെ സ്‌റ്റിയറിംഗില്‍ പിടിച്ചുകൊണ്ട്‌ ലിപ്‌സ്റ്റിക്‌ ഇടുന്നവരെയും ഇല്‌ക്ട്രിക്‌ ഷേവിംഗ്‌ നടത്തുന്നവരെയും അമേരിക്കന്‍ വഴികളില്‍ എന്നും രാവിലെ കാണാറുണ്ടെന്ന്‌ അവിടെയിരുന്ന്‌ കണ്ണാടിപോലുള്ള ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഇന്നലെയാണ്‌. നോക്കുമ്പോള്‍ ശരിയാണ്‌; എന്താ സമയലാഭം!!

അപ്പോള്‍ ഓഫീസിലെത്തി കംപ്യൂട്ടര്‍ ഓണ്‍ ആവുന്ന സമയംകൊണ്ട്‌ എന്തൊക്കെ ചെയ്യാം?

സമയം: രാവിലെ, സ്ഥലം: ഓഫീസ്‌

ഓഫീസില്‍ രാവിലത്തെ പരിപാടികള്‍ മിക്കവാറും എന്നും പതിവുപോലെയാണ്‌. കംപ്യൂട്ടര്‍ ഓണ്‍ചെയ്‌താല്‍ ചായകുടിക്കാം, സഹപ്രവര്‍ത്തകരോടു നാലു വര്‍ത്തമാനം പറയാം, അത്യാവശ്യം ഫയലുകളോ പേപ്പറുകളോ നോക്കാം... അപ്പോഴേക്കും സിസ്റ്റം ബൂട്ട്‌ ആയിട്ടുണ്ടാവും. ഇത്രയും സമയം ലാഭിക്കണമെങ്കില്‍ കംപ്യൂട്ടറുകള്‍ മുഴുവന്‍ സമയവും ഓണ്‍ചെയ്‌തിട്ട്‌ കറന്റുകളയേണ്ടിവരും.

ബൂട്ട്‌ അപ്പിനുള്ള സമയം കുറയ്‌ക്കാന്‍ എന്തു മാര്‍ഗമെന്ന്‌ പലപ്പോഴും ആലോചിക്കേണ്ടിവന്നിരിക്കും. തിരക്കുപിടിച്ചൊരു പണിചെയ്യുന്നതിനിടെ സിസ്റ്റം ഹാംഗ്‌ ആയിപ്പോയെങ്കില്‍ പ്രത്യേകിച്ച്‌. സിസ്റ്റം ബൂട്ട്‌ ആയി, സോഫ്‌റ്റ്‌വെയറുകള്‍ ലോഡ്‌ ചെയ്‌തു വരുമ്പോള്‍ എത്രസമയം പോയെന്ന്‌ നോക്കിയാല്‍മതി. എന്നാല്‍, ആ സമയം ലാഭിക്കാനുള്ള വഴികള്‍ തെളിയുകയാണിപ്പോള്‍.

സിലിക്കണ്‍ വാലിയില്‍നിന്നുള്ള ഡിവൈസ്‌ വിഎം എന്ന സ്ഥാപനമാണ്‌ ഒരു കുഞ്ഞു സോഫ്‌റ്റ്‌വെയറുമായി പ്രശ്‌നപരിഹാരത്തിനെത്തുന്നത്‌. ഈ സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുള്ള കംപ്യൂട്ടറുകള്‍ വളരെക്കുറഞ്ഞ സമയംകൊണ്ട്‌ ബൂട്ട്‌ ചെയ്യാം. അല്ലെങ്കില്‍ അതിനേക്കാള്‍ മിന്നല്‍ വേഗമുള്ള, അതീവ ലളിതമായ സ്‌പ്ലാഷ്‌ ടോപ്പ്‌ എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റം തെരഞ്ഞെടുക്കാം.

ഹാര്‍ഡ്‌വെയറിന്റെ ശേഷി, സ്‌പ്ലാഷ്‌ ടോപ്പ്‌ സെറ്റിംഗ്‌സ്‌ എന്നിവയുടെ അടിസ്ഥാനത്തില്‍, ഈ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അഞ്ചുമുതല്‍ 20 സെക്കന്‍ഡുവരെ സമയംകൊണ്ട്‌ ഇന്റര്‍നെറ്റ്‌ സര്‍ഫിംഗോ ഡിവിഡി കാണലോ തുടങ്ങാം. (ഓഫീസിലാണെങ്കില്‍ അത്രയും നേരത്തേ പണികള്‍ തുടങ്ങാം എന്നര്‍ഥം).

ഡിവൈസ്‌ വിഎം ഇപ്പോള്‍ത്തന്നെ നിരവധി ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളുമായി ധാരണയിലെത്തിയിട്ടുണ്ട്‌. പ്രമുഖ മദര്‍ബോര്‍ഡ്‌, സര്‍ക്യൂട്ട്‌ ബോര്‍ഡ്‌ നിര്‍മാതാക്കളായ അസ്യൂസ്‌ ഇപ്പോഴേ സ്‌പ്ലാഷ്‌ ടോപ്പ്‌ ലഭ്യമാക്കിത്തുടങ്ങി. രണ്ടുമാസത്തിനകം സ്‌പ്ലാഷ്‌ ടോപ്പ്‌ എനേബിള്‍ഡ്‌ പി.സികളും ലാപ്‌ടോപ്പുകളും വിപണിയിലെത്തുമെന്ന്‌ ഡിവൈസ്‌ വിഎം ഡയറക്ടര്‍ ഡേവിഡ്‌ സ്‌പീസര്‍ പറയുന്നു.

എന്തേ, വിന്‍ഡോസ്‌ പതുക്കെത്തന്നെ?

വിന്‍ഡോസ്‌ മെഷീനുകളില്‍ സമയമെടുത്തുള്ള ബൂട്ടപ്പ്‌ സാധാരണമാണ്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ടെന്ന്‌ ഡിവൈസ്‌ വിഎമ്മിലെ സീനിയര്‍ ആര്‍ക്കിടെക്‌റ്റ്‌ ബെന്‍ ചോങ്‌ വിശദീകരിക്കുന്നു. വിന്‍ഡോസ്‌ സ്വയം 'പ്രെറ്റി ബിഗ്‌' ആണെന്നതുതന്നെ പ്രധാന കാരണം. തുറക്കുന്നതുമുതല്‍ മെമ്മറിയില്‍ എന്തൊക്കെയുണ്ടെന്ന്‌ പരിശോധിക്കാന്‍ വിന്‍ഡോസിന്‌ മെഗാബൈറ്റ്‌ കണക്കിന്‌ നിര്‍ദേശങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്‌. സ്റ്റാര്‍ട്ടപ്പില്‍ത്തന്നെ വിന്‍ഡോസ്‌ ഓട്ടോമാറ്റിക്‌ ആയി ലോഡ്‌ ചെയ്യുന്ന എക്‌സ്‌ട്രാ സോഫ്‌റ്റ്‌വെയറുകള്‍ മിക്ക കംപ്യൂട്ടറുകളിലും കാണും. മിക്കവാറും നിങ്ങള്‍ക്ക്‌ ആവശ്യമില്ലാത്ത ടണ്‍ കണക്കിന്‌ കാര്യങ്ങളുമായാണ്‌ വിന്‍ഡോസ്‌ പി.സിയുടെ ഉറക്കമെഴുന്നേല്‍ക്കലെന്ന്‌ ചോങ്‌ പറയുന്നു. ഇതെല്ലാം തുടങ്ങിക്കിട്ടാന്‍ ഏറെ സമയമെടുക്കും. (ഈ ലേഖനം തയാറാക്കുന്നതുവരെ ഇക്കാര്യത്തില്‍ മൈക്രോസോഫ്‌റ്റിന്റെ പ്രതികരണം ലഭ്യമായിട്ടില്ല).

ഏതൊരു കംപ്യൂട്ടറിന്റെയും പവര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ BIOS ആണ്‌ ലോഡ്‌ ആവുന്നത്‌. അത്‌ മിക്കവാറും ഫ്‌ളാഷ്‌ മെമ്മറിയിലായിരിക്കും സ്റ്റോര്‍ ചെയ്‌തിട്ടുണ്ടാവുക. പിന്നെ BIOS ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകള്‍ പരിശോധിച്ച്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം സെറ്റ്‌ അപ്‌ ചെയ്യും. BIOS-ല്‍ തന്നെയാവും സ്‌പ്ലാഷ്‌ ടോപ്പ്‌ ഇണക്കിച്ചേര്‍ക്കുക. അതുകൊണ്ടുതന്നെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുമുമ്പ്‌ പ്രവര്‍ത്തിച്ചുതുടങ്ങും. ഉപയോക്താവിന്‌ ലളിതമായ ഒരു ഇന്റര്‍ഫേസ്‌ ആണ്‌ അപ്പോള്‍ കാണാനാവുക. ഫയര്‍ഫോക്‌സ്‌ വെബ്‌ ബ്രൗസര്‍, ഒരു മീഡിയ പ്ലെയര്‍, സ്‌കൈപ്പ്‌ അല്ലെങ്കില്‍ ഒരു ഇന്‍സ്റ്റന്റ്‌ മെസഞ്ചര്‍ എന്നിവ ഇന്റര്‍ഫേസിലുണ്ടാവും. വിന്‍ഡോസ്‌ ബൂട്ടുചെയ്യുകയുമാവാം. ഇത്രയും ആപ്ലിക്കേഷനുകള്‍ മദര്‍ബോര്‍ഡിലെ ഫ്‌ളാഷ്‌ മെമ്മറി ചിപ്പിലാണ്‌ സൂക്ഷിച്ചിരിക്കുക. അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ ആക്‌സസ്‌ ചെയ്യാനും കഴിയും.

വിന്‍ഡോസിന്‌ ബൈപാസ്‌ നിര്‍മിക്കുന്ന കാര്യത്തില്‍ ഡിവൈസ്‌ വിഎം ഒറ്റയ്‌ക്കല്ല. ഫിനിക്‌സ്‌ ടെക്‌നോളജീസ്‌ എന്ന സ്ഥാപനം ഇതിനായി ഹൈപ്പര്‍സ്‌പേസ്‌ എന്ന സങ്കേതം അവതരിപ്പിച്ചിരുന്നു. അതുള്‍പ്പെടുന്ന സിസ്റ്റങ്ങള്‍ ഈ വര്‍ഷം പകുതിയോടെ വിപണിയില്‍ എത്തും.

വിന്‍ഡോസ്‌ ബൂട്ടിംഗ്‌ സമയം കുറയ്‌ക്കാനുള്ള ശ്രമങ്ങളുമായി ഇന്റെലും രംഗത്തുണ്ട്‌. ഹാര്‍ഡ്‌ ഡ്രൈവിനു പകരം ഫ്‌ളാഷ്‌ മെമ്മറിയെ ആശ്രയിച്ച്‌ അതിവേഗം വിന്‍ഡോസ്‌ ബൂട്ട്‌ ചെയ്യാന്‍ സഹായിക്കുന്ന ഇന്റെല്‍ ടര്‍ബോ മെമ്മറി വിപണിയിലുണ്ട്‌. ഇതിനു ഊര്‍ജവും കുറച്ചുമതി.

ഒരേ സമയം ഏതാനും സോഫ്‌റ്റ്‌വെയറുകളേ ഉപയോഗിക്കാനാവു എന്നതാണ്‌ സ്‌പ്ലാഷ്‌ ടോപ്പിന്റെ ന്യൂനത. എന്തായാലും കംപ്യൂട്ടര്‍ ഉപയോഗം കുറച്ചുകൂടി എളുപ്പമുള്ള പ്രക്രിയയാക്കാന്‍ സ്‌പ്ലാഷ്‌ ടോപ്പ്‌ സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍. ഒരു സ്‌പ്ലാഷ്‌ ടോപ്പ്‌ കാഴ്‌ച ഇവിടെയുണ്ട്‌- http://www.splashtop.com/video.html

ഓഫ്‌ലൈന്‍

എവിടെ എന്റെ ഇ-മെയില്‍ അക്കൗണ്ട്‌?- കഴിഞ്ഞ തിങ്കളാഴ്‌ച ചാര്‍ട്ടര്‍ കമ്മ്യൂണിക്കേഷന്‍സ്‌ എന്ന കമ്പനിയില്‍ ഏറ്റവുമധികം ഫോണ്‍കോളുകള്‍ എത്തിയത്‌ ഈ ചോദ്യവുമായാണത്രേ. ഒന്നുമില്ല, ഒരു കൈപ്പിഴ പറ്റിയതാണ്‌ അവര്‍ക്ക്‌. ഫലം 14,000 ആക്ടീവ്‌ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ്‌ ചെയ്യപ്പെട്ടു.

ഇല്ലാതായ ഓരോ അക്കൗണ്ടിനും കമ്പനി 50 ഡോളര്‍ വീതം നല്‍കാമെന്ന്‌ ഏറ്റിട്ടുണ്ടെന്ന്‌ അസോഷ്യേറ്റഡ്‌ പ്രസ്‌ റിപ്പോര്‍ട്ടുചെയ്യുന്നു. എവിടെയാണ്‌ നിങ്ങളുടെ ഇ-മെയില്‍?

10 comments:

420 31 ta’ Jannar 2008 11:41  

ഓഫീസിലെത്തി കംപ്യൂട്ടര്‍ ഓണ്‍ ആവുന്ന സമയംകൊണ്ട്‌ എന്തൊക്കെ ചെയ്യാം?

ഷാനവാസ്‌ ഇലിപ്പക്കുളം 31 ta’ Jannar 2008 21:19  

മാഷേ, സിസ്റ്റത്തിന്റെ ബൂട്ട്‌ അപ്‌ ടൈം ലാഭിക്കാന്‍ 'ഹൈബെര്‍നേറ്റ്‌' ചെയ്താല്‍ പോരേ? ഇത്രയും പാടുപെടണോ? ഹൈബര്‍നേഷന്‍ റെസ്യൂം ചെയ്യാന്‍ 10 സെക്കന്റില്‍ താഴെ മതി.

Mr. K# 31 ta’ Jannar 2008 22:23  

puthi. തുടരുക.

Mr. K# 31 ta’ Jannar 2008 22:24  

പുതിയ വിവരങ്ങള്‍. തുടരുക.

420 8 ta’ Frar 2008 11:25  

ഷാനവാസേ,
പുതിയൊരു കാര്യം
എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ..
ഹൈബര്‍നേറ്റ്‌ ചെയ്യുന്നതും ഇതും
രണ്ടും രണ്ടാണല്ലോ.

കുതിരവട്ടാ, സന്തോഷം., തുടരാം..

krish | കൃഷ് 8 ta’ Frar 2008 11:55  

ഓണ്‍ ചെയ്ത് ഒരു 5 മിനുറ്റ് കഴിഞ്ഞേ സിസ്റ്റം റെഡിയാകൂ.. ഇനി ഇതൊക്കെ വന്നാല്‍ എളുപ്പമാകുമല്ലേ.

sindhu 8 ta’ Frar 2008 11:57  
This comment has been removed by the author.
.... 8 ta’ Frar 2008 12:37  

ഞാന്‍ പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി തോന്നി ഈ പോസ്റ്റ്..
അതും വളരെ ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു.
ആശംസകള്‍ ഹരി !

ശ്രീ 8 ta’ Frar 2008 12:47  

പുതിയ അറിവു തന്നെ. നന്ദി മാഷെ.
:)

420 9 ta’ Frar 2008 06:37  

പലപ്പോഴും ആ അഞ്ചുമിനിറ്റ്‌ നമ്മുടെ മുഴുവന്‍ ദിവസവുംകൊണ്ട്‌ പോയേക്കുമല്ലേ കൃഷ്‌...

എത്രയോ ചോദ്യങ്ങളുണ്ടല്ലോ തുഷാരമേ, ഉത്തരം കിട്ടാത്തവയായി. നമുക്കു കണ്ടെത്താന്‍ ശ്രമിക്കാം...

സന്തോഷം ശ്രീ... :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP