It-Tlieta, 15 ta’ Lulju 2008

ഒരു പേര്‌.., ഗസല്‍പോലെ










പ്രഭാകരന്‍ ക്ലാസ്സില്‍ ചെന്നു. വന്നെത്തിയ പുതിയ ആള്‍ മാഷാണെന്നറിഞ്ഞതോടെ കുട്ടികള്‍ അമ്പരന്നു. അവരെ ആകെയൊന്നു വീക്ഷിച്ച്‌ പ്രഭാകരന്‍ ഹൃദ്യമായി ചിരിച്ചു. കുട്ടികള്‍ അനങ്ങിയില്ല. മുന്‍വരിയില്‍ ഒന്നാമതായി ഇരിക്കുന്ന ആണ്‍കുട്ടിയെ അരികില്‍ വിളിച്ചു. അവനെ ചേര്‍ത്തുനിര്‍ത്തി പുറത്തുതലോടി പ്രഭാകരന്‍ ചോദിച്ചു:
"പേരെന്താ"?
"ചാള്‍സ്‌ ആല്‍ഫ്രഡ്‌".
അവന്‍ പറഞ്ഞു.
പ്രഭാകരന്‍ അതിശയിച്ചുപോയി. ഈ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചാല്‍സ്‌ ആല്‍ഫ്രഡ്‌ എങ്ങനെ വഴിതെറ്റിവന്നു...?(ലുക്ക്‌ അറ്റ്‌ ദ ബ്ലാക്ക്‌ബോര്‍ഡ്‌ എന്ന കഥയില്‍ അശോകന്‍ ചരുവില്‍).
*** *** ***


ഒരു പേരിലെന്തിരിക്കുന്നു എന്ന പഴയ ആ ചൊല്ലുണ്ടല്ലോ. അതിന്‌ വല്ലാതങ്ങു വയസ്സായിപ്പോയിരിക്കുന്നു- സ്വന്തം പേരോര്‍മ്മിച്ചെടുക്കാന്‍പോലും ആവാത്തവിധം.
സുഹൃത്തേ, നിങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരു പേരുണ്ടോ? ഉണ്ടെങ്കില്‍ ക്ഷമിക്കുക. മിക്കവാറും നിങ്ങള്‍ക്കതിനുകഴിയില്ല. ആ പേര്‌ ഏതുവിധേനയും നിങ്ങളെ പിന്‍തുടര്‍ന്ന്‌ വേട്ടയാടിക്കൊണ്ടിരിക്കും.അങ്ങനെ നോക്കുമ്പോള്‍ ആരോടും പേരു ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്‌?
*** *** ***
പങ്കജ്‌ ഉധാസ്‌ ഇങ്ങനെ പാടുന്നു:
അവളോട്‌ ഞാന്‍ എല്ലാം ചോദിച്ചു.
പക്ഷേ, പക്ഷേ, അവളുടെ പേരുമാത്രം ചോദിച്ചില്ല...
എന്നാലും അദ്ദേഹത്തിനറിയാം- ശബ്‌നം (മഞ്ഞുതുള്ളി), പൂവ്‌, നക്ഷത്രം, ജുഗ്നു (മിന്നാമിനുങ്ങ്‌) എന്നൊക്കെ പറയുന്നതുപോലൊരു പേരായിരിക്കും അവളുടേതെന്ന്‌. എപ്പോഴൊക്കെ സുഗന്ധങ്ങള്‍ അനുഭവമാകാറുണ്ടോ അപ്പോഴൊക്കെ ഹൃദയം അദ്ദേഹത്തിന്‌ അവളുടെ പേരുപറഞ്ഞുകൊടുക്കുന്നു. അത്‌ ഒരു ഗസല്‍പോലെയത്രേ.
പങ്കജ്‌ ഉധാസിന്റെ പഴയൊരു കാസറ്റ്‌- ലമ്‌ഹാ പൊടിതട്ടിയെടുത്ത്‌ വെറുതെ നോക്കി ഇന്നുവീണ്ടും. സഫര്‍ ഗോരഖ്‌പുരി, പ്രശാന്ത്‌ വസല്‍, സമീര്‍ കാസ്‌മി, നിദാ ഫസ്‌ലി എന്നിവരുടെ വരികള്‍ക്ക്‌ പങ്കജ്‌ ആവിഷ്‌കാരം നല്‍കിയിരിക്കുന്നു അവിടെ. സബ്‌ കുച്ഛ്‌ ഹംനേ ഉസ്‌ സേ പൂച്ഛാ... എന്ന ട്രാക്കിലെ വരികളാണ്‌ നേരത്തേ കണ്ടത്‌. കേട്ടുനോക്കുക, എന്നിട്ട്‌ പഴയൊരു പേരോര്‍ക്കുക.
(ഗസലുകള്‍ ഇവിടെയുണ്ട്‌).
അവസാനത്തെ യെ കിസ്‌കെ ചെഹ്‌രേ കാ ജാദൂ.. ആണ്‌ ഈ ആല്‍ബത്തിന്റെ മറ്റൊരു ഹൈലൈറ്റ്‌.


*** *** ***
പേരിലേക്ക്‌ വന്നത്‌ ഗസല്‍വഴിയല്ലെന്നുകൂടി പറയട്ടെ. എണ്‍പതുകള്‍ പൂര്‍ത്തിയാവാറായ അമ്മൂമ്മയ്‌ക്ക്‌ മകളുടെ പേര്‌ ഓര്‍മിക്കാനാവാത്തതുകണ്ട്‌ ശ്വാസംമുട്ടിയപ്പോഴാണ്‌ ഗസല്‍ ഓര്‍ത്തത്‌. ഇന്ന്‌ അമ്മൂമ്മ അമ്മയോടു ചോദിച്ചു: കുട്ടീടെ പേരെന്താ?
________________________
ഫോട്ടോ ക്രെഡിറ്റ്‌: http://www.indiannewslink.co.nz

9 comments:

420 15 ta’ Lulju 2008 15:45  

പ്രഭാകരന്‍ അതിശയിച്ചുപോയി. ഈ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചാല്‍സ്‌ ആല്‍ഫ്രഡ്‌ എങ്ങനെ വഴിതെറ്റിവന്നു...?(ലുക്ക്‌ അറ്റ്‌ ദ ബ്ലാക്ക്‌ബോര്‍ഡ്‌ എന്ന കഥയില്‍ അശോകന്‍ ചരുവില്‍).

Unknown 16 ta’ Lulju 2008 15:54  

ഒരാളുടെ പേരോര്‍ക്കാതിരിക്കാന്‍ പറ്റുകാന്നു പറഞ്ഞാ ഒരവസ്ഥയാ അല്ലേ മാഷേ?

നമ്മളും ഇടയ്ക്ക് തപ്പാറുണ്ടല്ലോ!

പിന്നെ ആദ്യായിട്ടാ ഇവിടെ വരണെ,കണ്ടതില്‍ സന്തോഷം, കോട്ടയത്തുണ്ടായിരുന്നപ്പോള്‍ ഒരു കെ ജെ മാത്യുവിനെ അറിയുമോ, ദേശാഭിമാനിയിലെ? എന്റെ വല്യ കൂട്ടുകാരനാ..

Malayali Peringode 16 ta’ Lulju 2008 20:07  

ഒരു ഗസല്‍, കണ്ണടച്ചിരുന്ന് അനുഭവിച്ചതു പോലെ...

:)

ശ്രീ 17 ta’ Lulju 2008 06:28  

പേര് ഓര്‍ത്തില്ലെങ്കിലും ആളെ ഓര്‍മ്മയുണ്ടായാല്‍ മതി.
:)

കാവാലം ജയകൃഷ്ണന്‍ 24 ta’ Lulju 2008 14:28  

വേറൊരു പാട്ടോര്‍മ്മ വരുന്നു...

മറക്കുവാന്‍ പറയാനെന്തെളുപ്പം - മണ്ണില്‍
പിറക്കാതിരിക്കലാണതിലെളുപ്പം...

ഇതും ഒരവസ്ഥയാ... മറക്കാന്‍ കഴിയാത്ത അവസ്ഥ. രണ്ടും ഒരു പോലെ കഷ്ടം.

420 2 ta’ Awwissu 2008 14:34  

ശരിയാണ്‌ നിഷാദ്‌..
കെ.ജെ. മാത്യുവിനെ അറിയില്ലാട്ടോ.
ഇനിയിപ്പോ പരിചയപ്പെടാമല്ലോ,
നിഷാദിന്റെ സ്‌നേഹിതനല്ലേ. :)

മലയാളീ, സന്തോഷം..

ശ്രീ, പിന്നല്ലാതെ...

നിഷ്‌കളങ്കന്‍ഓണ്‍ലൈന്‍, എന്തുചെയ്യാന്‍ അല്ലേ...

തിരുവല്ലഭൻ 1 ta’ Ottubru 2008 16:17  

ഫോട്ടോഗ്രാഫി അടിയന്റെയും ഒരു വീക്നെസ്സ്‌ ആയിരുന്നു. മുതലാകാതിരുന്നതു കൊണ്ടും, ഇത്രയും നിലവാരത്തിൽ എത്തുമോ എന്നും ഭയമായി നിർത്തി. തുടരുന്നവരോട്‌ ഭയഭക്തി ബഹുമാനം. തുടരുക സഖേ
www.thiruvallabhan.blospot.com

Anoop Technologist (അനൂപ് തിരുവല്ല) 1 ta’ Ottubru 2008 19:13  

:)

വേണു venu 12 ta’ Diċembru 2008 20:29  

ഊരും പെരുമില്ലാത്തവനു് പെരുവഴി.
പെരുവഴിക്കും പ്രത്യേകിച്ച് പേരില്ലല്ലോ.
അപ്പോള്‍, ഒരു പേരില്‍ പലതും ഇരിക്കുന്നു. പലതിനേയും ഇരുത്താനും....

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP