L-Erbgħa, 31 ta’ Diċembru 2008

ശാസ്‌ത്രം 2008: അമ്പിളിമാമന്‍ മുതല്‍ അദൃശ്യമനുഷ്യന്‍ വരെ

പേടിയും പ്രതീക്ഷയും സമാസമം കൊണ്ടുവന്ന്‌, തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്ന കണികാ പരീക്ഷണം, ചൊവ്വയെ കാണാനും ദോഷം മാറ്റാനും ചെന്ന്‌ കാര്യംകണ്ട ഫിനീക്‌സ്‌, ചികിത്സാരംഗത്ത്‌ അത്യത്ഭുതകരമായ മാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചേക്കാവുന്ന സെല്ലുലര്‍ റീപ്രോഗ്രാമിംഗിന്റെ സാധ്യതകള്‍, അധികമായി ഉത്‌പാദിക്കപ്പെടുന്ന ഊര്‍ജം ശേഖരിച്ചുവയ്‌ക്കാവുന്ന കൊബാള്‍ട്ട്‌- ഫോസ്‌ഫറസ്‌ കാറ്റലിസ്റ്റ്‌, പ്രകാശരശ്‌മികളെ വളച്ച്‌ ഒരു വസ്‌തുവിനെ അദൃശ്യമാക്കുന്ന കാലിഫോര്‍ണിയന്‍ കണ്ടെത്തല്‍... എല്ലാറ്റിനും മുകളില്‍, ഒരു നമ്പരിലും ഒതുങ്ങാതെ സൂര്യനേക്കാള്‍ ജ്വലിച്ച്‌ ഇന്ത്യയുടെ സ്വന്തം ചന്ദ്രയാനും- ശാസ്‌ത്രലോകത്തിന്‌ 2008 നല്‍കിയ സംഭാവനകളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു തുടങ്ങാം.
ഴിഞ്ഞ ഒക്ടോബര്‍ 22-ന്റെ പ്രഭാതം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന്‌ ഒരു നവ സൂര്യോദയമായിരുന്നു. അന്നു രാവിലെ ആറുമണികഴിഞ്ഞ്‌ 22 മിനിറ്റുള്ളപ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയുംപേറി ആദ്യ ചന്ദ്രയാത്രാ പേടകമായ ചന്ദ്രയാന്‍ 1 ശ്രീഹരിക്കോട്ടയില്‍നിന്ന്‌ കുതിച്ചുയര്‍ന്നു. ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യത്തെക്കുറിച്ചുള്ള പഠനനവും ത്രിമാന ഘടനാപരിശോധനയും പ്രഥമലക്ഷ്യമാക്കിയാണ്‌ ചന്ദ്രയാന്‍ ഏതാണ്ട്‌ 3,86,000 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക്‌ യാത്രയായത്‌. നവംബര്‍ 14-ന്‌ രാത്രി എട്ടരയോടെ മൂണ്‍ ഇംപാക്ട്‌ പ്രാബ്‌ ചന്ദ്രനില്‍ വിജയകരമായി ഇടിച്ചിറങ്ങി. ചന്ദ്രനെ തൊട്ട വന്‍ ശക്തികളുടെ കൂട്ടത്തില്‍ ഇന്ന്‌ ഇന്ത്യയുമുണ്ട്‌. ചന്ദ്രനെ വലംവയ്‌ക്കുന്ന ഉപഗ്രഹം രണ്ടു വര്‍ഷത്തോളം ശൂന്യാകാശത്തുണ്ടാവും. ചെയര്‍മാന്‍ ജി. മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഐഎസ്‌ആര്‍ഒയിലെ ആയിത്തിലേറെ ശാസ്‌ത്രകാരന്മാര്‍ നാലുവര്‍ഷമായി ഈ പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഏകദേശം 386 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌.
ലോകം അവസാനിക്കും.., ചുരുങ്ങിയത്‌ യൂറോപ്പിന്‌റെ വലിയൊരു ഭാഗമെങ്കിലും തമോഗര്‍ത്തത്തില്‍ ആണ്ടുപോകും- സെപ്‌റ്റംബറില്‍ സ്വിസ്‌-ഫ്രഞ്ച്‌ അതിര്‍ത്തിയില്‍ ഭൂമിയ്‌ക്കടിയില്‍ കണികാ പരീക്ഷണത്തിനു തുടക്കമായപ്പോള്‍ തലപെരുപ്പിച്ചിരുന്ന പേടിസ്വപ്‌നങ്ങള്‍ ഇങ്ങനെയായിരുന്നു. ഭൂമിയ്‌ക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക സഞ്ചാരപഥത്തില്‍ പ്രോട്ടോണ്‍ കണങ്ങളെ വിപരീത ദശകളില്‍ പ്രകാശവേഗത്തില്‍ പായിച്ച്‌ കൂട്ടിയിടിപ്പിക്കാനുള്ള പരീക്ഷണമായിരുന്നു അത്‌. ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന സങ്കേതത്തില്‍, ഇലക്ട്രോണ്‍ നീക്കംചെയ്‌ത്‌ പ്രോട്ടോണ്‍ മാത്രമുള്ള ഹൈഡ്രജന്‍ കണങ്ങളുടെ ബീം ആണ്‌ കടത്തിവിടുന്നത്‌. ഇവ പ്രകാശവേഗത്തിന്റെ 99.999999% വേഗത്തില്‍ പാഞ്ഞ്‌ കൊളൈഡറിന്റെ നാലു കേന്ദ്രങ്ങളില്‍വച്ച്‌ കൂട്ടിയിടിക്കുന്നു. ഒരു സെക്കന്‍ഡില്‍ 6000 ലക്ഷത്തോളം വരുന്ന ഇത്തരം കൂട്ടിയിടികള്‍ക്കു ശേഷം ദൈവത്തിന്റെ കണമെന്നു വിശേഷിപ്പിക്കാവുന്ന പരമാണുകണം രൂപമെടുക്കുമെന്നും, അതുവഴി പ്രപഞ്ചോല്‌പത്തിയിലേക്ക്‌ വെളിച്ചം വീഴുമെന്നുമാണ്‌ ശാസ്‌ത്രകാരന്മാര്‍ കരുതുന്നത്‌. സെപ്‌റ്റംബറില്‍ പരീക്ഷണം ഓണ്‍ചെയ്‌തെങ്കിലും വിചാരിച്ചപോലെ ഒന്നുമല്ല നടന്നത്‌. തുടക്കത്തില്‍ കുഴപ്പമില്ലാതെ പോയെങ്കിലും ഹീലിയം ചോര്‍ച്ചയെത്തുടര്‍ന്ന്‌ കൊളൈഡര്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടയ്‌ക്കേണ്ടിവന്നു. അറ്റകുറ്റപ്പണി ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും അടുത്ത ജൂണ്‍മാസമെങ്കിലുമാവാതെ ഇനി കൂട്ടിയിടി നടത്താനാവില്ലെന്നാണ്‌ സൂചന.
ചൊവ്വയില്‍ മുമ്പ്‌ നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും യന്ത്രങ്ങള്‍ക്കൊന്നും അതിന്റെ ധ്രുവപ്രദേശങ്ങളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. മഞ്ഞുപാളികളോ വെള്ളമോ അതുവഴി ജീവന്റെ ലക്ഷണമോ ഉണ്ടെങ്കില്‍ കാണേണ്ട പോളാര്‍ മേഖലയില്‍ ചെല്ലാതെ കാര്യമില്ലെന്ന ദോഷം തിരുത്തിക്കുറിച്ചത്‌ നാസയുടെ ഫിനീക്‌സ്‌ ആണ്‌. കഴിഞ്ഞ മേയില്‍ ഫിനീക്‌സ്‌ ചൊവ്വയുടെ വടക്കന്‍ ധ്രുവപ്രദേശത്ത്‌ ചെന്നിറങ്ങി. ഒരുകാലത്ത്‌ അവിടെ നനവുണ്ടായിരുന്നെന്ന സൂചന നല്‍കുന്ന ചിത്രങ്ങള്‍ എടുത്തയച്ചു. അവിടത്തെ കഠിനമായ സാഹചര്യത്തില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന്‌ ഉറപ്പുണ്ടായിരുന്ന ഫിനീക്‌സ്‌ നവംബറില്‍ ദൗത്യമവസാനിപ്പിച്ച്‌ നിശബ്ദമായി.
കോശങ്ങളുടെ ഡെവലപ്‌മെന്റല്‍ മെമ്മറിയെ സ്വാധീക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം മുമ്പുതന്നെ ഗവേഷകര്‍ എലികളില്‍ പരീക്ഷിച്ചിരുന്നു. ഈ വര്‍ഷം അതിന്റെ തുടര്‍പരീക്ഷണങ്ങള്‍ അത്ഭുതകരമായ വിജയംകണ്ടു. വിവിധയിനം രോഗങ്ങള്‍ ബാധിച്ചവരുടെ ശരീരത്തില്‍നിന്ന്‌ കോശങ്ങള്‍ എടുത്ത്‌ അവയെ റീപ്രാഗ്രാം ചെയ്യുക എന്ന ദുഷ്‌കരമായ ദൗത്യമാണ്‌ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. മറ്റു ജീവികളില്‍ പരീക്ഷിക്കാന്‍ പറ്റാത്ത വിധത്തിലുള്ള രോഗങ്ങളാണ്‌ ഗവേഷകര്‍ പഠനവിധേയമാക്കിയത്‌. ഇങ്ങനെ റീപ്രോഗ്രാം ചെയ്‌ത സെല്ലുകള്‍ രോഗങ്ങളുടെടെ കാരണം, അവ കൂടാനുള്ള സാഹചര്യം, ഫലപ്രദമായ മരുന്നുകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ അടിസ്ഥാനമാകും. സമീപഭാവിയില്‍ത്തന്നെ രോഗികള്‍ക്ക്‌ അവരുടെ സ്വന്തം സെല്ലുകള്‍ ഉപയോഗപ്പെടുത്തി രോഗങ്ങളില്‍നിന്ന്‌ മുക്തരാവാന്‍ കഴിയുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. ശാസ്‌ത്രലോകത്ത്‌ 2008-ലെ ഏറ്റവും വലിയ നേട്ടമായി സയന്‍സ്‌ ഡെയ്‌ലി എടുത്തുകാട്ടുന്നത്‌ സെല്ലുലാര്‍ റീപ്രോഗ്രാമിംഗിനെയാണ്‌.
ദൃശ്യമനുഷ്യന്‍ എന്ന സങ്കല്‌പത്തിന്‌ ചിന്തിക്കുന്ന മനുഷ്യനോളംതന്നെ പഴക്കം കാണും. സയന്‍സ്‌ ഫിക്‌ഷനുകളിലും ത്രില്ലര്‍ സിനിമകളിലും നമ്മുടെ സ്വന്തം ഡിറ്റക്ടീവ്‌ നോവലുകളിലും അത്തരം മനുഷ്യരെ യഥേഷ്ടം കണ്ടതുമാണ്‌. ഒരാളെ അല്ലെങ്കില്‍ ഒരു വസ്‌തുവിനെ അദൃശ്യമാക്കുക എന്നത്‌ വര്‍ഷങ്ങളായി നിരവധി പഠനങ്ങള്‍ക്ക്‌ വിധേയമായ കാര്യമാണ്‌. ഒട്ടൊക്കെ അതില്‍ വിജയിക്കുകയും ചെയ്‌തു. കാലിഫോര്‍ണിയയില്‍നിന്ന്‌ പുതിയൊരു പഠനഫലംകൂടി 2008 പുറത്തുകൊണ്ടുവന്നു. നാനോവയറുകള്‍ പ്രയോജനപ്പെടുത്തി, ഒരു വസ്‌തുവില്‍ എത്തുന്ന പ്രകാശരശ്‌മികളെ വളച്ച്‌ അതിനെ കാണാതാക്കാമെന്നാണ്‌ പുതിയ കണ്ടെത്തല്‍. പണച്ചെലവും അധ്വാനവുമൊക്കെ കൂടുതലാണെങ്കിലും സംഗതി രസകരമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. വൈകാതെ ഒരദൃശ്യന്‍ നമ്മെ തോണ്ടിവിളിക്കാമെന്നര്‍ഥം.
ര്‍ജം തേടി ചന്ദ്രനില്‍വരെ പോകുന്ന കാലമാണിത്‌. സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയുമൊക്കെ രൂപത്തില്‍ നമ്മെ ഇങ്ങോട്ടു തേടിയെത്തുന്ന ഊര്‍ജത്തെ എങ്ങനെ ശേഖരിച്ചുവയ്‌ക്കാമെന്നത്‌ ചിന്തിക്കേണ്ട വിഷയംതന്നെ. അത്തരം സ്രോതസ്സുകളില്‍നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന അധിക ഊര്‍ജം സൂക്ഷിച്ചുവയ്‌ക്കാന്‍ ഗവേഷകര്‍ പുതിയൊരു രീതി വികസിപ്പിച്ചെടുത്തതും 2008-ന്‍െ നേട്ടമായി. ഒരു കൊബാള്‍ട്ട്‌- ഫോസ്‌ഫറസ്‌ രാസത്വരകത്തിന്റെ രൂപത്തിലാണ്‌ ഈ സങ്കേതം നിര്‍മിച്ചിരിക്കുന്നത്‌.
ചുരുക്കത്തില്‍ മനുഷ്യന്റെയും സഹജീവികളുടെയും നിലനില്‌പിനാണ്‌ ശാസ്‌ത്രലോകം കൂടുതല്‍ പ്രാധാന്യംകൊടുത്തതെന്നു വ്യക്തം. ജീവശാസ്‌ത്രത്തില്‍നിന്നുള്ള അതിപ്രധാനമായ കണ്ടെത്തലുകള്‍, ജീവന്‌ അനുയോജ്യമായ പുതിയ ലോകങ്ങള്‍ തേടിയുള്ള പഠനങ്ങള്‍ എന്നിവ തെളിയിക്കുന്നത്‌ അതാണ്‌.
ലോഗ്‌ ഓഫ്‌ 2008
കംപ്യൂട്ടറിനും ഇന്റര്‍നെറ്റിനും 2008 എന്ത്‌ അപ്‌ഡേറ്റ്‌സ്‌ ആണ്‌ നല്‍കിയതെന്നു നോക്കുമ്പോള്‍ ആദ്യം തെളിയുന്നത്‌ സ്‌മാര്‍ട്ട്‌ സ്‌ക്രീനുകളും പുത്തന്‍ സ്റ്റോറിംഗ്‌ ഡിവൈസുകളുമാണ്‌. മൈക്രോപ്രോസസറുകളിലുണ്ടായ സ്വപ്‌നസമാന മാറ്റങ്ങള്‍, വയര്‍ലെസിന്റെ അത്ഭുതങ്ങള്‍, മൊബൈല്‍ വിപ്ലവം എന്നിവ തൊട്ടുപിന്നാലെയെത്തുന്നു.
ര്‍ഫസ്‌ എന്ന കോഫീ ടേബിള്‍ കംപ്യൂട്ടര്‍ പുറത്തിറക്കി 2007-ല്‍ത്തന്നെ മൈക്രോസോഫ്‌റ്റ്‌ ഒരു ടച്ച്‌ സ്‌ക്രീന്‍ വിപ്ലവത്തിനു തിരികൊളുത്തിയതാണ്‌. ഹാന്‍ഡ്‌-ഓണ്‍ കംപ്യൂട്ടിംഗ്‌ എന്ന പുതിയൊരു വിളിപ്പേരുതന്നെ ഈ രംഗത്ത്‌ ഇന്ന്‌ പ്രചാരത്തിലായിക്കഴിഞ്ഞു. ടച്ച്‌ സ്‌ക്രീനുകളുടെ വില അതിവേഗം താഴോട്ടുപോന്നു എന്നതാണ്‌ 2008-ലെ ഏറ്റവും വലിയ പ്രത്യേകതയെന്നു പറയാം. മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ച ബാക്ക്‌-ഓഫ്‌-ദ-സ്‌ക്രീന്‍ ടച്ച്‌ പാഡ്‌, ന്യൂയോര്‍ക്കിലെ പേഴ്‌സെപ്‌റ്റിവ്‌ പിക്‌സെല്‍ കൊണ്ടുവന്ന പുത്തന്‍ ടച്ച്‌ സ്‌ക്രീന്‍ സങ്കേതം എന്നിവയാണ്‌ 2008-ന്റെ നേട്ടങ്ങള്‍. നോര്‍ഡ്‌റ്റ്‌ എന്ന സ്ഥാപനം അവതരിപ്പിച്ച ടച്ച്‌ കിറ്റ്‌ ഉപയോഗിച്ച്‌ ആര്‍ക്കും പുതിയ ടച്ച്‌ സ്‌ക്രീന്‍ ടേബിള്‍ ഉണ്ടാക്കുകയോ നിലവിലുള്ളതിനെ മോഡിഫൈ ചെയ്യുകയോ ആവാം. 1000 ഡോളറില്‍താഴെ മാത്രമാണ്‌ ഇതിന്റെ വിലയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ ഡിസ്‌പ്ലേ മള്‍ട്ടി ടച്ച്‌ ആക്കിമാറ്റാനുള്ള സംവിധാനം മൈക്രോസോഫ്‌റ്റ്‌ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. അതേസമയം സ്‌ക്രീനില്‍ തൊടേണ്ട, വിരലനക്കിയാല്‍മതിയെന്ന നിലപാടാണ്‌ സാംസങ്ങിനും കൂട്ടാളികളായ റിയാക്ട്രിക്‌സിനുമുള്ളത്‌. ചലനം തിരിച്ചറിഞ്ഞ്‌്‌ പ്രവര്‍ത്തിക്കുന്ന സങ്കേതമാണ്‌ അവര്‍ അവതരിപ്പിക്കുന്നത്‌. 2009-ലെ പ്രധാന ശ്രദ്ധാകേന്ദ്രമാവും ഇതെന്നാണ്‌ കരുതപ്പെടുന്നത്‌.
ഫ്‌ളാഷ്‌ മെമ്മറിയുടെ എല്ലാ പോരായ്‌മയും പരിഹരിച്ച്‌ 2009-ല്‍ അതിന്റെ പിന്‍ഗാമിയെത്തും- ഫേസ്‌-ചേഞ്ച്‌ മെമ്മറി. ക്രിസ്റ്റല്‍ ഘടനയില്‍ മാറ്റം വരുത്തിയാണ്‌ ഇവയില്‍ സ്റ്റോറിംഗ്‌ സാധ്യമാക്കുക. ഫ്‌ളാഷ്‌ മെമ്മറിയുടെ വേഗതക്കുറവ്‌, ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ ഫേസ്‌-ചേഞ്ച്‌ മെമ്മറി പരിഹരിക്കും. റേസ്‌ട്രാക്ക്‌ മെമ്മറി എന്ന പുതിയ ഇനവും പരീക്ഷണ ഘട്ടത്തിലുണ്ട്‌. ഇതില്‍ ഡാറ്റ സൂക്ഷിക്കുന്നത്‌ നാനോ വയറുകളായിരിക്കും. ഫ്‌ളാഷ്‌, ഫേസ്‌-ചേഞ്ച്‌, സ്‌പിന്നിംഗ്‌ ഹാര്‍ഡ്‌ ഡിസ്‌കുകള്‍ എന്നിവയുടെ മുഴുവന്‍ ഗുണങ്ങളും അടുങ്ങുന്നവയാവും റേസ്‌ട്രാക്ക്‌ എന്നാണ്‌ പ്രതീക്ഷ. പുതുവര്‍ഷത്തില്‍ ഇത്‌ കൂടുതല്‍ ചലനങ്ങളുണ്ടാക്കുമെന്നുറപ്പ്‌.
ലക്ട്രോണിക്‌സിനെ കൂടുതല്‍ ഊര്‍ജക്ഷമമാക്കുക എന്നത്‌ മൈക്രോചിപ്പ്‌ നിര്‍മാതാക്കള്‍ നേരിടുന്ന വെല്ലുവിളിയാണ്‌. ആ ലക്ഷ്യത്തിലേക്കായി മൈക്രോപ്രോസസറുകളുടെ അടിസ്ഥാന ഘടനതന്നെ മാറ്റാന്‍ ആലോചിക്കുകയാണ്‌ അവരിപ്പോള്‍. ഗ്രീന്‍ കംപ്യൂട്ടിംഗ്‌ കൂടുതല്‍ പ്രചാരത്തിലാവുകയും ചെയ്യുന്ന കാലമാണിത്‌. സെല്‍ഫോണുകളില്‍നിന്ന്‌ ഡിസൈന്‍ ട്രിക്കുകള്‍ കടമെടുക്കാനാണ്‌ പ്രോസസര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്‌. ഇന്റല്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഊര്‍ജക്ഷമതയ്‌ക്കാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. ചൈനീസ്‌ ഗവേഷകരും കടുത്ത മത്സരവുമായി രംഗത്തുണ്ട്‌. വയര്‍ലെസ്‌ അത്ഭുതമായ വൈ-ഫൈ കൂടുതല്‍ കാര്യക്ഷമതനേടിയ വര്‍ഷമാണ്‌ 2008. കൂടുതല്‍ ദൂരത്ത്‌ കൂടുതല്‍ വേഗത്തില്‍ എന്ന ലക്ഷ്യവുമായാണ്‌ ഈ മേഖലയിലെ ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നത്‌. വൈ-ഫൈ റൗട്ടറുകള്‍ക്കുള്ള സോഫ്‌റ്റ്‌വെയറില്‍ അനുയോജ്യമായ മാറ്റം വരുത്താനുള്ള ഇന്റലിന്റെ തയാറെടുപ്പ്‌ ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതുതന്നെ.
സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ സുവര്‍ണകാലമായിരുന്നു 2008. ഐഫോണിനെ ആപ്പിള്‍ കൂടുതല്‍ ജനകീയമാക്കിയതിനൊപ്പം ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ്‌ സിസ്റ്റമായ ആന്‍ഡ്‌റോയഡ്‌ ശക്തിപ്പെടുത്തിയ ആദ്യത്തെ മൊബൈലും ഈ വര്‍ഷം രംഗത്തെത്തി. ചെറിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള മോഡുലാര്‍ മൊബൈല്‍ഫോണുമായി ഒരു ഇസ്രേലി കമ്പനി അവതരിച്ചു. നോക്കിയ, സോണി എറിക്‌സണ്‍, എല്‍ജി കമ്പനികളും പുത്തന്‍ മോഡലുകളുമായി വിപണിയില്‍ വിരാജിച്ചു. സെല്‍ഫോണ്‍ നിര്‍മാതാക്കളും കൂടുതല്‍ ഇക്കോ ഫ്രെന്‍ഡ്‌ലിയായി ചിന്തിക്കാന്‍ തുടങ്ങിയെന്നതാണ്‌ പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം.
ന്റര്‍നെറ്റില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌, വീഡിയോ ഷെയറിംഗ്‌, ബ്ലോഗിംഗ്‌ തുടങ്ങിയ കര്‍മമേഖലകള്‍ പതിവു പ്രതാപം പുലര്‍ത്തി. ഇന്ത്യക്കാര്‍ ഏറ്റവും അധികം ഗൂഗിളില്‍ തെരഞ്ഞ വാക്കായി ഓര്‍ക്കുട്ട്‌ തിളങ്ങിയപ്പോള്‍ ആദ്യപത്തില്‍ ഐശ്വര്യ റായിയെ പിന്തള്ളി കത്രീനാ കൈഫ്‌ എത്തി. അറിവു തേടാനുള്ള ശ്രമത്തില്‍ നെറ്റിനോട്‌ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം എങ്ങനെ ശരീരഭാരം കുറയ്‌ക്കാം എന്നതായിരുന്നു. ഏറ്റവും ജനപ്രിയമായ ഗവണ്‍മെന്റ്‌ സൈറ്റുകളില്‍ ഇന്ത്യന്‍ റെയില്‍വേ ഒന്നാംസ്ഥാനം നേടി. ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗോവയ്‌ക്കുപിന്നാലെ കൂടുതല്‍ ആളുകള്‍ തെരഞ്ഞത്‌ കേരളത്തെയാണെന്നതില്‍ നമുക്ക്‌ അല്‌പം അഭിമാനിക്കാം.
ഓഫ്‌ലൈന്‍
രു മാസംകൊണ്ട്‌ ഏറ്റവുമധികം നെറ്റ്‌ മലയാളികളെ ചിരിപ്പിച്ചതിനുള്ള റെക്കോഡ്‌ തീര്‍ച്ചയായും യുട്യൂബില്‍ അപ്‌ ലോഡ്‌ ചെയ്യപ്പെട്ട ചാക്കോച്ചാ (http://in.youtube.com/watch?v=j52BWMXFnSU&feature=related) എന്ന വിഡിയോയ്‌ക്ക്‌ അവകാശപ്പെടാം. ഇവാന്‍ കുപ്പാലാ- ബ്രോവി എന്ന റഷ്യന്‍ നാടോടിപ്പാട്ട്‌ മലയാളത്തില്‍ കേട്ടാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ച, ചാക്കോച്ചാ എന്ന വിളിപ്പേരിലുള്ള അസ്സല്‍ മലയാളിയുടെ സൃഷ്ടിയാണ്‌ ഈ മൂന്നേകാല്‍ മിനിറ്റുള്ള വീഡിയോ. ഒരു മാസംകൊണ്ട്‌ എഴുപത്തിമൂവായിരത്തിലേറെപ്പേര്‍ ഇതു കേട്ടും കണ്ടും ചിരിച്ചുമറിഞ്ഞു. അതേക്കുറിച്ച്‌ ബ്ലോഗ്‌ പോസ്‌റ്റുകള്‍ വന്നു. കേട്ടവര്‍ വീണ്ടും കേട്ടു. ` പാപ്പിയമ്മാവോ എന്തേ എന്നാ ചാക്കോച്ചാ..'' എന്നു തുടങ്ങുന്ന പാട്ടിനെപ്പറ്റി വായിച്ചാല്‍ പോരാ, എങ്ങനെയും കേള്‍ക്കുക.

8 comments:

V.R. Hariprasad 31 ta’ Diċembru 2008 11:31  

ശാസ്‌ത്രമേഖലകളില്‍ 2008-ന്റെ വിരല്‍പ്പാടുകള്‍..

ആചാര്യന്‍... 31 ta’ Diċembru 2008 13:43  

ഹാപ്പി ന്യൂയീയര്‍ 2009... :D

അപ്പു 31 ta’ Diċembru 2008 13:48  

വര്‍ഷാവസാനത്തിനു തിലകക്കുറിയായി ഈ ശാസ്ത്രലോകാവലോകനം. അഭിനന്ദനങ്ങള്‍!
“പാപ്പിയമ്മാവോ എന്തേ എന്നാ ചാക്കോച്ചാ... “ അതുവളരെ ശരി... അപാരക്രിയേറ്റിവിറ്റി തന്നെ!!!!

ടോട്ടോചാന്‍ (edukeralam) 31 ta’ Diċembru 2008 15:12  

മനോഹരം ഈ അവലോകനം... 2008 നമുക്കായി തന്നിട്ടുപോകുന്ന ശാസത്രത്തിന്റെ നുറുങ്ങുകള്‍..
അടുത്ത വര്‍ഷവും ഇത് തുടരട്ടെ....
ആശംസകള്‍..

ടോട്ടോചാന്‍ (edukeralam) 31 ta’ Diċembru 2008 15:18  

പ്രോട്ടോണ്‍ എന്നതിന് പ്രോട്ടീന്‍ എന്ന് ഒരിടത്ത് അക്ഷരപിശാച്... തിരുത്തുമല്ലോ...

ചാക്കോച്ചനെ കാണിപ്പിച്ചതിനും നന്ദി...

V.R. Hariprasad 1 ta’ Jannar 2009 04:45  

ആചാര്യാ.. ആശംസകള്‍..

അപ്പു, നന്ദി.. :)

ടോട്ടോചാന്‍, ആശംസകള്‍.
*പ്രോട്ടീന്‍ എങ്ങനെയോ മനസ്സില്‍
കയറിപ്പറ്റിയതാവണം.
തിരുത്തിയിട്ടുണ്ട്‌, നന്ദി.

ശ്രീഹരി::Sreehari 3 ta’ Jannar 2009 04:43  

എല്ലാം ബുള്ളറ്റ് പോയിന്റ്സ് ആയി അവതരിപ്പിച്ചതിനു നന്ദി.
പാപ്പിയമ്മാവനെക്കുറിച്ച് ആരും പറയാത്ത മറ്റൊരു കാര്യം - ആ പാട്ടും മനോഹരമാണ്. ബാക്‌ഗ്രൗണ്ട് മ്യൂസിക് വളരെ നന്നായി.
ബഫലാക്സ് ചെയ്ത പുള്ളിയുടെ ഭാവന അപാരം തന്നെ!

ഫോണ്ട് ഇച്ചിരെ കൂടെ വലുതാക്കിയാല്‍ വായന എളുപ്പമാവും

lakshmy 4 ta’ Jannar 2009 18:09  

വളരേ ഇൻഫൊർമേറ്റീവ് ആയ പോസ്റ്റ്. നന്ദി

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP