L-Erbgħa, 28 ta’ Jannar 2009

നായര്‍സാബ്‌ ബ്ലോഗില്‍

'കണ്‍കള്‍ ഇരണ്ടാല്‍ ഉന്‍ കണ്‍കള്‍ ഇരണ്ടാല്‍'- കാര്‍ട്ടൂണിസ്റ്റ്‌ രാജു നായരെ മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ഇപ്പോള്‍ ഈ പാട്ടാണ്‌ കേള്‍ക്കുക. അടുത്ത കാലത്ത്‌ യുവത്വം ഏറ്റുപാടിയ പാട്ടാണ്‌. അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസത്തിലുള്ള വിശേഷണം കൂടി കാണുക: രാജുനായര്‍ ചെറുപ്പക്കാരന്‍ (ഓള്‍ഡര്‍ ദാന്‍ ഉത്തപ്പ)!!. ഓര്‍ക്കുട്ടില്‍ മുമ്പ്‌ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയരുന്നത്‌ ഇങ്ങനെയാണ്‌: രാജു നായര്‍ അപ്പൂപ്പന്‍! (യംഗര്‍ ദാന്‍ മമ്മൂട്ടി). യുവാവാണെന്നു വരുത്താനുള്ള പണിതന്നെയാവുമെന്നാണ്‌ ഇതൊക്കെ കണ്ടിട്ടു തോന്നുന്നത്‌. ശരി, പ്രായത്തെ വെറുതെവിടാം. ചിരിയിലെയും ചിന്തയിലെയും യുവത്വം അദ്ദേഹത്തിന്റെ വരകളും വാക്കുകളും പകരുന്നുണ്ട്‌.

പറഞ്ഞുവന്നത്‌ അതല്ല, രാജു നായര്‍ ഇവിടെ എത്തിയിട്ടുണ്ട്‌- ബ്ലോഗില്‍. ദീപികയുടെ സ്വന്തം കാര്‍ട്ടൂണിസ്റ്റായ അദ്ദേഹം രാഷ്ട്രദീപികയില്‍ ഇന്നുവരെ 4243 (ഇന്നുവരെ) ഭാഗങ്ങളായി തുടരുന്ന, പാവങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ 'കാര്‍ട്ടൂണ്‍സ്‌കോപ്പ്‌' ഇപ്പോള്‍ ബ്ലോഗില്‍ കാണാം.
വിലാസം ഇങ്ങനെയാണ്‌: http://rajunaircartoonscope.blogspot.com/
**

കാര്‍ട്ടൂണ്‍സ്‌കോപ്പിനെക്കുറിച്ച്‌ കേട്ടിട്ടില്ലാത്തവര്‍ക്കായി, രാജു നായര്‍തന്നെ പണ്ടെഴുതിയ കുറിപ്പില്‍നിന്ന്‌ ഏതാനും വരികള്‍ ഇവിടെ പകര്‍ത്താം. രാഷ്ട്രദീപികയുടെ തൃശൂര്‍ എഡിഷന്‍ പത്താം വാര്‍ഷികം പ്രമാണിച്ച്‌ തയാറാക്കിയതാണ്‌ കാര്‍ട്ടൂണ്‍സ്‌കോപ്പിനു ശുക്രിയ എന്ന ലേഖനം.
രാജു നായര്‍ പറയട്ടെ:

രാഷ്ട്രദീപികയും അതിനു തുടക്കം കുറിച്ച തൃശൂരും എനിക്ക്‌ മറക്കാനാവില്ല. കാര്‍ട്ടൂണ്‍സ്‌കോപ്പിന്റെ തുടക്കം അന്നല്ലായിരുന്നുവെങ്കിലും പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്‌ എനിക്കൊരു സ്‌കോപ്പുണ്ടായത്‌ അന്നുമുതലാണ്‌. അതിനുമുമ്പ്‌ സാമൂഹ്യ കാര്‍ട്ടൂണുകളാണ്‌ ഞാന്‍ ഏറെയും വരച്ചിരുന്നത്‌. മാവേലിനാട്‌, മധുവിധു, അമൃതയും മൃദുലയും, മൂന്നാംചേരി തുടങ്ങി കുറെ സ്‌ട്രിപ്പ്‌ കാര്‍ട്ടൂണുകള്‍. രാഷ്ട്രദീപിക സായാഹ്നപത്രം തുടങ്ങിയപ്പോള്‍ അന്നത്തെ എം.ഡി എന്നോടു പറഞ്ഞു- നമുക്ക്‌ ദിവസവും കാര്‍ട്ടൂണ്‍ വേണം. ശക്തമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നായിരുന്നു എന്റെ ആവശ്യം. അതനുവദിച്ചതോടെ ഞാനാ വെല്ലുവിളി ഏറ്റെടുത്തു.
സായാഹ്ന ദിനപത്രത്തിലെ പ്രധാന ഘടകമാണ്‌ കാര്‍ട്ടൂണ്‍. അതുകൊണ്ട്‌ കാര്‍ട്ടൂണിസ്റ്റിന്‌ തൃശൂര്‍ക്ക്‌ ഒരുമാസത്തെ പ്ലഷര്‍ ട്രിപ്പാണ്‌ അനുവദിച്ചത്‌. ശരിക്കും ആസ്വദിച്ച്‌ പണിചെയ്‌ത ഒരു മാസമായിരുന്നു അത്‌. രാമനിലയത്തില്‍ സുഖവാസം. ഉച്ചയ്‌ക്കകം ഒരു കാര്‍ട്ടൂണ്‍. ചൂടോടെ അതു കണ്ടാസ്വദിക്കുന്ന വായനക്കാരെ കാണാന്‍ അവസരം. ഉച്ചകഴിഞ്ഞു കറക്കം.. ചൂടത്തൊരു ബിയര്‍...
പണ്ട്‌ വല്ലപ്പോഴും സമയമെടുത്തു ചെയ്‌തിരുന്ന എന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ ക്രിയയുടെ ശൈലിതന്നെ മാറ്റേണ്ടിവന്നു. കാലത്ത്‌ 10 മണിയോടെ കാര്‍ട്ടൂണിന്‌ വിഷയം കണ്ടെത്തുക. 12നു മുമ്പായി വരയ്‌ക്കുക. പരമ്പരാഗത മഷിപ്പേനയും ബ്രഷും ഉപേക്ഷിച്ച്‌ സ്‌കെച്ച്‌ പെന്നിലേക്ക്‌ ഞാന്‍ ചുവടുമാറ്റി.
കോട്ടയത്ത്‌ രാഷ്ട്രദീപികയുടെ എഡിഷന്‍ വന്നതോടെയാണ്‌ കാര്‍ട്ടൂണ്‍സ്‌കോപ്പിന്റെ തുടക്കം. ചോദ്യോത്തര പംക്തി സരസന്‍ എന്ന പേരില്‍ ദീപിക ആഴ്‌ചപ്പതിപ്പില്‍ ചെയ്‌ത മുന്‍പരിചയം ഉണ്ടായിരുന്നു. എന്തുപ്രശ്‌നത്തിനും ഇലയ്‌ക്കും മുള്ളിനും കേടില്ലാത്തവിധം പരിഹാരം നിര്‍ദേശിക്കുന്ന ഒരു കാര്‍ട്ടൂണ്‍ വേദിയായിട്ടാണ്‌ സ്‌കോപ്പിന്റെ തുടക്കം. ചോദ്യകര്‍ത്താക്കളുടെ ബാഹുല്യം അതിനെ ഒരു ചോദ്യോത്തര പംക്തിയാക്കിമാറ്റി. ഈ പംക്തിയെ വമ്പിച്ച വിജയത്തിലേക്ക്‌ ഉയര്‍ത്തിയത്‌ തൃശൂര്‍ക്കാരാണ്‌. അവരോടെനിക്ക്‌ എന്നും നന്ദിയുണ്ട്‌. കണ്ണൂര്‍ എഡിഷന്‍ തുടങ്ങുന്നതുവരെ കിട്ടിയിരുന്ന കത്തുകളില്‍ 90 ശതമാനവും തൃശൂര്‍ ജില്ലയില്‍നിന്നായിരുന്നു. നിരവധി പേരുകള്‍ ഇന്നും ഓര്‍മയിലുണ്ട്‌, പലരും രംഗംവിട്ടുപോയെങ്കിലും. കാര്‍ട്ടൂണ്‍സ്‌കോപ്പിനു മാത്രമല്ല അതിലെ ചോദ്യകര്‍ത്താക്കള്‍ക്കും തൃശൂരില്‍ ഫാന്‍സുണ്ടായിരുന്നതായിട്ടറിയാം. ഞങ്ങള്‍ക്ക്‌ ഇന്നയാളുടെ ചോദ്യങ്ങള്‍ ഇഷ്ടമല്ല, മറ്റവനാണ്‌ കേമന്‍ എന്നമട്ടില്‍ കത്തുകള്‍ വന്നിരുന്നു. കള്ളപ്പേരില്‍ ചോദ്യങ്ങളയയ്‌ക്കുന്നവരെ കണ്ടെത്തി എന്നെ വിവരം ധരിപ്പിക്കുന്നതും മറ്റുചോദ്യകര്‍ത്താക്കള്‍തന്നെ.
കാര്‍ട്ടൂണ്‍സ്‌കോപ്പിലേക്കു വരുന്ന എല്ലാ കത്തുകളും പ്രസ്‌ദ്ധീകരിക്കുക മനുഷ്യസാധ്യമല്ല. എല്ലാവരെയും ഒരു പരിധിവരെ തൃപ്‌തിപ്പെടുത്താന്‍ പരമാവധി ഞാന്‍ ശ്രമിക്കാറുണ്ട്‌. കൂടാതെ എല്ലാ കത്തുകളും വായിക്കുകയും അവരുമായി ആത്മബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. പതിവായി എനിക്ക്‌ നര്‍മശിരോമണി അവാര്‍ഡ്‌ തരുന്ന തൃശൂരിലെ ഒരു ചോദ്യകര്‍ത്താവുണ്ടായിരുന്നു. അവാര്‍ഡുതുക 50 ലക്ഷം, ഒരു കോടി രൂപ വരുന്ന ലോട്ടറികളുടെ ടിക്കറ്റാണ്‌. എന്റെ ഭാഗ്യക്കേടുകൊണ്ട്‌ അഞ്ചുരൂപപോലും ഒരിക്കലും കിട്ടിയിട്ടില്ലെങ്കിലും ആ സ്‌നേഹത്തിന്‌ എന്നും നന്ദിയുണ്ട്‌.
തൃശൂരുമായുള്ള ബന്ധം ദൃഢപ്പെടാന്‍ ഒരു കാരണംകൂടിയുണ്ട്‌. ഞാനെന്റെ ഭാര്യയെ കണ്ടെത്തിയത്‌ ആ ജില്ലയില്‍നിന്നാണ്‌. പഴയ സ്വര്‍ണം കൊടുത്ത്‌ പുതിയത്‌ എടുക്കുവാന്‍ ഭാര്യയും ഞാനും തൃശൂരിലെ ഒരു സ്വര്‍ണക്കടയില്‍ കയറിയപ്പോള്‍ അവിചാരിതമായി ഒരു ചോദ്യകര്‍ത്താവിനെ കണ്ടെത്തി. അവിടത്തെ സെയില്‍സ്‌മാന്‍ സ്‌കോപ്പിലെ ഒരു സമ്മാനജേതാവായിരുന്നു. അതുകൊണ്ട്‌ സ്വര്‍ണത്തിലോ വിലയിലോ കാര്യമായ കിഴിവുണ്ടായോ എന്നോര്‍മയില്ല.
പലര്‍ക്കും ചില്ലറ സമ്മാനവും പേരും കിട്ടുമെന്നതിനേക്കാള്‍ സത്യത്തില്‍ പ്രയോജനം എനിക്കുതന്നെയാണ്‌. സമൂഹത്തിന്റെ ഒരു ക്രോസ്‌ സെക്‌ഷന്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്‌. അവരില്‍നിന്ന്‌ ജനത്തിന്റെ പള്‍സ്‌ അറിയാന്‍, ജനവികാരം മനസിലാക്കാന്‍ എനിക്കു കഴിയുന്നുണ്ട്‌. കാര്‍ട്ടൂണിസ്റ്റ്‌ എന്ന നിലയില്‍ അതൊരു വന്‍ നേട്ടം തന്നെയാണ്‌. ചോദ്യകര്‍ത്താക്കളില്‍ കടമുതലാളി മുതല്‍ ചുമട്ടുതൊഴിലാളി, തൊഴില്‍രഹിതന്‍ വരെയും, പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മുതല്‍ ഏഴാംക്ലാസുകാരന്‍ വരെയും, റിട്ടയേഡ്‌ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടമ്മ... തുടങ്ങിയവരും ഉള്‍പ്പെടുന്നു. വായനക്കാരുടെ കൂട്ടത്തില്‍ മന്ത്രിയും ഐജിയും പോക്കറ്റടിക്കാരുമുണ്ട്‌.
പതിവായി സിനിമ കാണാത്ത എനിക്ക്‌ പുത്തന്‍ സിനിമാവിശേഷങ്ങള്‍, ലോക്കല്‍ സംഭവങ്ങള്‍, ഗോസിപ്പുകള്‍.. ഇതെല്ലാം അറിയാന്‍ കഴിയുന്നത്‌ ചോദ്യകര്‍ത്താക്കളില്‍നിന്നാണ്‌. എന്തിന്‌ ഷക്കീലയെക്കുറിച്ച്‌ ഞാനാദ്യം അറിയുന്നതും ചോദ്യം വന്നപ്പോഴാണ്‌. നിറം സിനിമ റിലീസായി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ 'ശുക്രിയ' പ്രയോഗം വച്ച്‌ ഒരു ചോദ്യം വന്നു. സിനിമ കാണാത്ത ഞാന്‍ കണ്ണുതള്ളി. രണ്ടുമാസം കഴിഞ്ഞാണ്‌ 'ശുക്രിയ' എനിക്ക്‌ പിടികിട്ടിയത്‌. (ഞാനെത്ര പിന്നില്‍!) ഉശിരന്‍ ചോദ്യങ്ങള്‍കൊണ്ട്‌ ധന്യമാക്കുന്ന എല്ലാ ചോദ്യകര്‍ത്താക്കള്‍ക്കും 'ശുക്രിയ'.
കാര്‍ട്ടൂണ്‍സ്‌കോപ്പ്‌ മുടക്കമില്ലാതെ എല്ലാ ദിവസം തയാറാക്കുന്നുണ്ട്‌. കോട്ടയത്തുനിന്ന്‌ തൃശൂരിലെത്തിക്കുന്ന മോഡത്തിന്‌ എന്തെങ്കിലും തകരാറോ പരസ്യത്തിന്റെ തള്ളല്‍ മൂലം സ്ഥലമില്ലാതെ വരുന്നതിനാലോ ആയിരിക്കാം തൃശൂരില്‍ സ്‌കോപ്പ്‌ ചിലപ്പോള്‍ കാണാതാകുന്നത്‌. തൃശൂര്‍ യൂണിറ്റിന്‌ സ്‌കോപ്പിനോട്‌ പ്രത്യേക മമതയുള്ളതിനാല്‍ മനഃപൂര്‍വം ഒഴിവാക്കില്ല. എങ്കിലും പരമാവധി മുടക്കം വരാതെ ശ്രദ്ധിക്കുന്നതാണ്‌. ഇനി എന്നെങ്കിലും സ്‌കോപ്പ്‌ കാണാതായാല്‍ ചെയ്യേണ്ട ഒരു പൊടിക്കൈയുണ്ട്‌. സംഗതി രഹസ്യമാണ്‌. തൃശൂര്‍ യൂണിറ്റിലെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ മാണി പയസിനെ വിളിച്ച്‌ മയത്തിലൊന്നു വിരട്ടുക.

കാര്‍ട്ടൂണ്‍ സ്‌കോപ്പ്‌ കൂടുതല്‍ പുതുമയോടെ രസകരമായി തുടരാന്‍ നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ദയവായി അറിയിക്കുക. തൃശൂര്‍ക്കാര്‍ക്ക്‌ മാത്രമായി ഒരു സ്‌കോപ്പ്‌ വേണമോ... അതുപോലെ ചുള്ളന്‍ ആശയങ്ങള്‍ പോരട്ടെ... ന്തൂട്ടാ കന്നാലി... നമുക്കൊരു കലക്കാ കലക്കാം.
****

അപ്പോള്‍ അതാണ്‌ രാജു നായരുടെ സ്‌റ്റൈല്‍. എല്ലാ ദിവസവും സ്‌കോപ്പ്‌ തയാറാക്കുന്നുണ്ട്‌ എന്ന്‌ അദ്ദേഹം പറയുമ്പോഴും, ഇപ്പോള്‍ സ്‌കോപ്പിന്റെ പതിനാറാം വര്‍ഷത്തില്‍, ക്രിസ്‌മസൊക്കെ കഴിഞ്ഞാല്‍ മൂന്നുനാലു ദിവസത്തേക്ക്‌ അദ്ദേഹം മുങ്ങുക പതിവാണ്‌. 'വാര്‍ഷിക കണക്കെടുപ്പു പ്രമാണിച്ച്‌ സ്‌കോപ്പിന്‌ നാലുദിവസം അവധിയായിരിക്കും' എന്നൊക്കെ അറിയിപ്പ്‌ പതിപ്പിച്ചായിരിക്കും മുങ്ങല്‍ എന്നുമാത്രം. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കഥകള്‍ എന്ന പുസ്‌തകത്തിനെഴുതിയ അവതാരികയില്‍ മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ്‌ ജേക്കബ്‌ ഇങ്ങനെ പറയുന്നു: വരയേയും വരിയേയും വിരലില്‍ ഇങ്ങനെ ഒന്നിപ്പിച്ചവര്‍ മലയാളത്തിലെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. ഒ.വി വിജയന്‍, അബു ഏബ്രഹാം, രവിശങ്കര്‍, ഉണ്ണി, യേശുദാസന്‍, സുകുമാര്‍ പിന്നെ രാജു നായരും. വര ശാസ്‌ത്രീയമായി പഠിക്കാതെ തന്നെ കാര്‍ട്ടൂണ്‍ ബ്രഷെടുത്ത്‌ പെരുമാറാനറിയുന്നവരും ഇവിടെ എന്റെയറിവില്‍ വിജയനും കുട്ടിയും ഉണ്ണിയും യേശുദാസനും രാജു നായരും മാത്രം. വര കണ്ടാല്‍ ഇവര്‍ വരസ്‌കൂളില്‍ പോയിട്ടില്ലെന്നു തോന്നുമോ? അത്‌ ആ വിരലുകളുടെയും മനസ്സിന്റെയും മിടുക്ക്‌.

*
കാര്‍ട്ടൂണ്‍സ്‌കോപ്പ്‌ ബ്ലോഗിന്‌ ആശംസകള്‍.

5 comments:

V.R. Hariprasad 28 ta’ Jannar 2009 13:28  

ക്രിസ്‌മസൊക്കെ കഴിഞ്ഞാല്‍ മൂന്നുനാലു ദിവസത്തേക്ക്‌ അദ്ദേഹം മുങ്ങുക പതിവാണ്‌. 'വാര്‍ഷിക കണക്കെടുപ്പു പ്രമാണിച്ച്‌ സ്‌കോപ്പിന്‌ നാലുദിവസം അവധിയായിരിക്കും' എന്നൊക്കെ അറിയിപ്പ്‌ പതിപ്പിച്ചായിരിക്കും മുങ്ങല്‍ എന്നുമാത്രം..
*
കാര്‍ട്ടൂണ്‍ സ്‌കോപ്പ്‌ ബ്ലോഗിന്‌ ആശംസകള്‍.

...പകല്‍കിനാവന്‍...daYdreamEr... 28 ta’ Jannar 2009 16:59  

നന്ദി വായനക്കും ... ഒപ്പം ആശംസകള്‍ കാര്‍ട്ടൂണ്‍സ്‌കോപ്പ്‌ ബ്ലോഗിനും

ബാലചന്ദ്രന്‍ ചീറോത്ത് 28 ta’ Jannar 2009 23:56  

ഉച്ചകഴിഞ്ഞു കറക്കം.. ചൂടത്തൊരു ബിയര്‍... അതുശരി. അപ്പോ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണല്ലേ.

നാട്ടുകാരന്‍ 29 ta’ Jannar 2009 19:33  

നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍!
എന്‍റെ നാട്ടു കാഴ്ചകള്‍ കണ്ടിട്ടുണ്ടോ?

V.R. Hariprasad 5 ta’ Frar 2009 12:36  

നന്ദി പകല്‍ക്കിനാവന്‍.. :)

അതിതുവരെ അറിയില്ലേ ബാലചന്ദ്രാ? :)

നാട്ടുകാരാ, നന്ദി.
കാഴ്‌ച കണ്ടു

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP