It-Tlieta, 27 ta’ Mejju 2008

വേണ്ട, ചൈല്‍ഡ്‌ പോണ്‍ സൈറ്റ്‌സ്‌

ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുറേ വീഡിയോ കാസറ്റുകളെയും സി.ഡികളെയും കുറിച്ചാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കൂടുതല്‍ ചിന്തിച്ചത്‌; ഒരു കപടസ്വാമി ജീവിതത്തില്‍ കനല്‍കോരിയിട്ട ഏതാനും പെണ്‍കുട്ടികളെക്കുറിച്ചും. പരാതികളും സാക്ഷിപറയാന്‍ ആളുമില്ലാതെ 'സ്വാമി'യുടെ അപരാധം അധികംവൈകാതെ സമൂഹത്തിന്റെ മനസില്‍നിന്ന്‌ ഡിലീറ്റ്‌ ചെയ്യപ്പെടാം. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന തീര്‍ച്ചയില്‍നിന്ന്‌ നമുക്ക്‌ ഒഴിഞ്ഞുമാറുകവയ്യ.കുട്ടികള്‍ക്കു നേരെയുണ്ടാവുന്ന ലൈംഗികവും അല്ലാതെയുമുള്ള പീഡനങ്ങളെക്കുറിച്ച്‌ നാം ഏറെ വായിച്ചതാണ്‌. വേട്ടക്കാരുടെയും ഇരകളുടെയും സ്‌പേസിനെക്കുറിച്ച്‌ മുമ്പ്‌ ഈ പംക്തിയില്‍ത്തന്നെ ചര്‍ച്ചചെയ്‌തിരുന്നു. കുട്ടികള്‍ക്കുനേരെ അതിക്രമംചെയ്യണമെന്ന വാസനയുള്ള മാനസികരോഗികള്‍ക്ക്‌ സഹായത്തിന്റെ വലയുമായി ടെക്‌നോളജി കൂട്ടുനില്‍ക്കുമ്പോള്‍ നമ്മുടെ കുരുന്നുകള്‍ എത്രമാത്രം സുരക്ഷിതരാണെന്ന ചോദ്യത്തിന്‌ ബലമേറുന്നു.

കുട്ടികള്‍ ചൂടപ്പമാവുമ്പോള്‍
മണ്ണപ്പമുണ്ടാക്കിക്കളിക്കേണ്ട പ്രായമുള്ള കുട്ടികള്‍ ഇന്റര്‍നെറ്റിലെ ലൈംഗിക വിപണിയില്‍ ചൂടപ്പങ്ങളായിട്ട്‌ കാലമേറെയായി. ചിത്രങ്ങളും വീഡിയോയുമായി ബാലലൈംഗികത വില്‍ക്കുന്ന സൈറ്റുകളിലേക്ക്‌ പണം ഒഴുകിയതോടെ കുട്ടികള്‍ക്കുനേര്‍ക്കുള്ള അതിക്രമങ്ങളും വര്‍ധിച്ചു. സാമ്പത്തിക പരാധീനത മുതലെടുക്കാനായതോടെ ഇത്തരം വേട്ടക്കാര്‍ക്ക്‌ ഇരകളെ കണ്ടെത്താനും പ്രയാസമില്ലാതായി- കപടസ്വാമി പെണ്‍കുട്ടികളെ വശത്താക്കിയ രീതിയും ഇതിനോടുസമാനം. ശരാശരി പത്തുവയസ്സുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളുമാണ്‌ ലോകമെമ്പാടുമുള്ള ഞരമ്പുരോഗികള്‍ ഇന്റര്‍നെറ്റിലൂടെ ആസ്വദിക്കുന്നത്‌. രണ്ടുവയസ്സുമാത്രമുള്ള കുട്ടികളും ചൂഷണംചെയ്യപ്പെട്ടു എന്നതാണ്‌ ഏറ്റവും അലോസരമുണ്ടാക്കുന്ന സത്യം.
നമ്മളെന്തുചെയ്യും?
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലം വ്യാപിപ്പിക്കുന്നത്‌ തടയാന്‍ നിരവധി സ്ഥാപനങ്ങളും സംഘടനകളും മുന്നോട്ടുവന്നുതുടങ്ങിയിട്ടുണ്ട്‌. ഏതാനും ദശലക്ഷങ്ങള്‍ സംഭാവനചെയ്‌ത്‌ മൈക്രോസോഫ്‌റ്റ്‌ വര്‍ഷങ്ങള്‍ക്കുമുമ്പേ ആദ്യചുവടുവച്ചിരുന്നു. വൈകാതെ ഗൂഗിളും ചൈല്‍ഡ്‌ പോണുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ബ്ലോക്ക്‌ ചെയ്‌തു. അടുത്തയിടെ യൂറോപ്പിലും ആഫ്രിക്കയിലുമുള്ള സെല്‍ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ഒരു കൂട്ടായ്‌മയ്‌ക്കു രൂപംനല്‍കി- മൊബൈല്‍ അലയന്‍സ്‌ എഗെന്‍സ്റ്റ്‌ ചൈല്‍ഡ്‌ സെക്‌ഷ്വല്‍ അബ്യൂസ്‌. കുട്ടികളെ ദുരുപയോഗിച്ച്‌ നിര്‍മിച്ച ചിത്രങ്ങളോ വിഡീയോകളോ ഒക്കെ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളില്‍ വിലക്കുക എന്നതാണ്‌ അവരുടെ പ്രഥമലക്ഷ്യം.
ഇതിനെല്ലാമൊപ്പം ലോകമെമ്പാടുമായി വിവിധ ഗവണ്‍മെന്റുകളും എന്‍ഫോഴ്‌സ്‌മെന്റ്‌ ഏജന്‍സികളും ഈ സാമൂഹ്യ വിപത്തിനെതിരേ മുന്നോട്ടുവന്നിട്ടുണ്ട്‌. എന്നിട്ടും ഒരു അശ്ലീല സൈറ്റ്‌ ബ്ലോക്ക്‌ ചെയ്യുമ്പോള്‍ സമാനമായ അടുത്തത്‌ വൈകാതെ പ്രത്യക്ഷപ്പെടുമായിരുന്നു.
വൈകിയെങ്കിലും സന്തോഷവാര്‍ത്ത
തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ചെറിയൊരു സന്തോഷവാര്‍ത്ത കേട്ടുതുടങ്ങുകയാണ്‌ കുട്ടികളുടെ കാര്യത്തില്‍. കുട്ടികളെ ദുരുപയോഗപ്പെടുത്തിയുള്ള ലൈംഗികത നിറച്ച സൈറ്റുകളുടെ എണ്ണംകുറയുന്നു എന്നതാണത്‌. 2006ല്‍ ഇത്തരം സൈറ്റുകളുടെ എണ്ണം 3052 ആയിരുന്നത്‌ കഴിഞ്ഞവര്‍ഷം 2752 ആയി. റഷ്യയും അമേരിക്കയുമാണ്‌ ഇത്തരം സൈറ്റുകളുടെ ആസ്ഥാനം. സന്നദ്ധസംഘടനയായ ഇന്റര്‍നെറ്റ്‌ വാച്ച്‌ ഫൗണ്ടേഷനാണ്‌ ഈ ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. കുട്ടികളെ ചൂഷണം ചെയ്‌തുള്ള സൈറ്റുകള്‍ ഇല്ലാതാക്കലാണ്‌ അവരുടെ ആത്യന്തികമായ ലക്ഷ്യം. ശ്രമങ്ങളെല്ലാം പദ്ധതിയിട്ടപ്രകാരം മുന്നോട്ടുപോയാല്‍ അടുത്ത തലമുറയ്‌ക്ക്‌ സുരക്ഷിതമായ ഒരു സൈബര്‍സ്‌പേസ്‌ ലഭ്യമാവും.

2 comments:

വി.ആര്‍. ഹരിപ്രസാദ്‌. 27 ta’ Mejju 2008 12:20  

ശ്രമങ്ങളെല്ലാം പദ്ധതിയിട്ടപ്രകാരം മുന്നോട്ടുപോയാല്‍ അടുത്ത തലമുറയ്‌ക്ക്‌ സുരക്ഷിതമായ ഒരു സൈബര്‍സ്‌പേസ്‌ ലഭ്യമാവും

മയൂര 30 ta’ Mejju 2008 03:36  

സുരക്ഷ വീട്ടില്‍ നിന്നേ തുടങ്ങണം, നല്ല ലേഖനം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP